ടൂറിസം വികസനത്തിന്റെ ദശകം; വരുമാനം 8120 കോടി റിയാല്‍

Posted on: March 6, 2017 9:55 pm | Last updated: March 6, 2017 at 9:48 pm

ദോഹ: രാജ്യത്തിന് ഇത് ടൂറിസം വികസനത്തിന്റെ ദശകം. ലോകകപ്പ് സംഘാടനമുള്‍പ്പെടെ പത്തു വര്‍ഷത്തിനകം രാജ്യത്തേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതു വഴിയുള്ള സാമ്പത്തിക നേട്ടം 8120 കോടി റിയാലിലേക്കെത്തുമെന്നാണ് ഖത്വര്‍ ടൂറിസം അതോറിറ്റിയുടെ പ്രഖ്യാപനം. രാജ്യത്തെ ആകെ ആഭ്യന്തര ഉത്പാദന വരുമാനത്തിന്റെ 7.3 ശതമാനമാകും ഇത്. 2015ലെ 4850 കോടി റിയാല്‍ വരുമാനമാണ് 8120 കോടിയായി ഉയരുമെന്ന് അതോറിറ്റി അറിയിക്കുന്നത്.

വരുമാനം വര്‍ധിക്കുന്ന രീതിയില്‍ ടൂറിസം മേഖലയില്‍ നിക്ഷേവും ഉയര്‍ത്തുന്നുണ്ട്. 2015ല്‍ രാജ്യത്തിന്റെ ആകെ ചെലവില്‍ 2.2 ശതമാനമായിരുന്നു ചെലവെങ്കില്‍ 2026 ആകുമ്പോഴേക്കും ഇത് 8.6 ശതമാനമായി ഉയരും. ടൂറിസം മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള അവസരങ്ങളും രാജ്യത്ത് വര്‍ധിച്ചു വരുന്നുണ്ട്. 4460 കോടി റിയാലിന്റെ നിക്ഷേപമാണ് രാജ്യത്തെ ലെയ്‌സര്‍ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ബിസിനസ് ട്രാവല്‍ മേഖലയില്‍ 1750 കോടി റിയാലിന്റെ ചെലവും ടൂറിസം അതോറിറ്റി റിപ്പോര്‍ട്ട് പ്രവചിക്കുന്നു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (എ ടി എം) ഭാഗമായി തയാറാക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ടൂറിസം വളര്‍ച്ച സംബന്ധിച്ച് അതോറിറ്റിയുടെ പ്രവചനം.
2030 ആകുമ്പോഴേക്കും രാജ്യത്ത് പ്രതിവര്‍ഷം പത്തു ദശലക്ഷം സഞ്ചാരികള്‍ എത്തുമെന്നും അതോറിറ്റി പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷം ആഭ്യന്തര ഉത്പാദനം വഴിയുള്ള വരുമാനത്തിന്റെ 5.2 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. 98,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

63,000 ഹോട്ടല്‍ റൂമുകളാണ് പ്രധാനമായും തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടുക. ദേശീയ ദര്‍ശന രേഖയിലെ ടൂറിസം മേഖലയുടെ വികസനത്തിന് 45 ബില്യന്‍ ഡോളര്‍ ചെലവിടും.
2022ലെ ലോകകപ്പിനു വേണ്ടി ചെലവിടുന്ന 2.3 ബില്യന്‍ ഡോളര്‍ ഉള്‍പ്പെടെയാണിത്. 6.9 ബില്യന്‍ ഡോളറിന്റെ ഗതാഗത വികസന പദ്ധതികളും രാജ്യത്ത് നടപ്പിലാക്കുന്നു. 2030ലെ വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന്റെ ആദ്യഘട്ടമാണ് ഈ പതിറ്റാണ്ടില്‍ പൂര്‍ത്തിയാകുക. 2020ല്‍ ആദ്യ നാഴികക്കല്ല് സ്ഥാപിക്കപ്പെടും. 40 ലക്ഷം സന്ദര്‍ശകര്‍ എന്ന ലക്ഷ്യമാണ് 2020ഓടെ സാധ്യമാക്കുകയെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് സീനിയര്‍ എക്‌സിബിഷന്‍ ഡയറക്ടര്‍ സൈമണ്‍ പ്രസ് പറഞ്ഞു.
സര്‍ക്കാര്‍, ഹോട്ടല്‍ സംരംഭകര്‍, എയര്‍ലൈന്‍ കമ്പനികള്‍ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വികസനം സാധ്യമാകും. ഈ മേഖലകളെല്ലാം നിക്ഷേപം തിരിച്ചു പിടിക്കും. മേഖലയില്‍ വളര്‍ച്ചയില്‍ അതിവേഗം മുന്നോട്ടു പോകുന്ന രാജ്യമാണ് ഖത്വര്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 11.5 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ ടൂറിസം മേഖല കൈവരിച്ചത്.

കഴിഞ്ഞ വര്‍ഷം ആദ്യ ഒമ്പതു വര്‍ഷത്തിനിടെ 21.8 ലക്ഷം സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. ഇതില്‍ പത്തു ലക്ഷത്തിലധിം പേര്‍ ജി സി സി രാജ്യങ്ങളില്‍ നിന്നായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 373 ലക്ഷം യാത്രക്കാരെയാണ് കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ട് വഹിച്ചത്. ഖത്വര്‍ എയര്‍വേയ്‌സിന്റെ വികസനമാണ് പ്രധാനമായും എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണമായത്. 14 പുതിയ റൂട്ടുകളിലാണ് വിമാനം സര്‍വീസ് ആരംഭിച്ചത്. രാജ്യം സന്ദര്‍ശിക്കുന്ന ആഢംബരക്കപ്പലുകളും വര്‍ധിച്ചു. ഈ സീസണില്‍ ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി 30 ആഢംബരക്കപ്പലുകള്‍ ദോഹയിലെത്തും.

അടുത്ത സീസണില്‍ രണ്ടര ലക്ഷം സന്ദര്‍ശകരെയാണ് കടല്‍ മാര്‍ഗം പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യത്ത് 22,921 ഹോട്ടല്‍ മുറികളാണുള്ളത്. 15,956 മുറികള്‍ നിര്‍മാണത്തിലിരിക്കുന്നു. 69 ശതമാനം വര്‍ധനവാണ് വരും വര്‍ഷങ്ങളില്‍ രാജ്യം കൈവരിക്കുക.