രാജ്യത്ത് കൊച്ചു സംഭവങ്ങളെ പോലും വര്‍ഗീയ വത്കരിക്കുന്ന സ്ഥിതി: സി എന്‍ ജയദേവന്‍ എം പി

Posted on: March 4, 2017 9:57 am | Last updated: March 4, 2017 at 9:57 am
സാംസ്‌കാരിക സമ്മേളനം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ചെറിയ സംഭവങ്ങളെ പോലും വര്‍ഗീയ വത്കരിക്കുന്ന അതിഭയാനകമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സി എന്‍ ജയദേവന്‍ എം പി. തൃശൂരില്‍ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ആരുണ്ട് എന്ന ചോദ്യമുയരുന്നിടത്താണ് ഇത്തരം സമ്മേളനങ്ങളുടെ പ്രസക്തി. ഇന്ത്യയുടെ മതേതര സ്വഭാവത്തിനും സമന്വയ സംസ്‌കാരത്തിനും ഭീഷണിയുയരുന്നത് മഹാ ഭൂരിപക്ഷവും ആഭ്യന്തര തലത്തിലാണ്. ചരിത്രത്തെ വളച്ചൊടിക്കുകയും പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം ഏതെങ്കിലും ഒരു വിഭാഗത്തിന്റെതാണെന്ന നിലയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സംഘ്പരിവാറാണ് നാടിന്റെ ബഹുസ്വരതക്ക് ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത്. വിദേശങ്ങളില്‍ നിന്ന് ആയുധ പരിശീലനം നേടിയെത്തുന്നവര്‍ അഴിച്ചുവിടുന്ന ഭീകരത ഇതിനു പുറമെയാണ്.

പാഠപുസ്തകങ്ങള്‍ വര്‍ഗീയ വത്കരിക്കുന്നതിനും ചരിത്ര ഗ്രന്ഥങ്ങളില്‍ മാറ്റം വരുത്തുന്നതിനുമെതിരെ പാര്‍ലിമെന്റില്‍ ചോദ്യമുയര്‍ന്നപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്ന ബുദ്ധിയില്ലാത്ത കമ്മ്യൂണിസ്റ്റുകാരായ പണ്ഡിതന്മാരാണ് നിലവിലുള്ള ചരിത്രമെഴുതിയതെന്നും അതുകൊണ്ട് അത് മാറ്റിയെഴുതേണ്ടി വന്നുവെന്നുമാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ ഭൂരിപക്ഷമാണെന്നും അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്ന തരത്തിലാണ് ഇറാനി സംസാരിച്ചത്.

ഇത്തരം വിഷലിപ്തമായ പരാമര്‍ശം നടത്തിയിട്ടും ആ വാര്‍ത്തക്ക് പ്രാധാന്യം കൊടുക്കാന്‍ പാര്‍ലിമെന്റിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ പോലും തയ്യാറായില്ലെന്നത് ഏറെ നിരാശാജനകമാണ്- ജയദേവന്‍ പറഞ്ഞു.