Connect with us

Kerala

കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കാന്‍ 174 കോടി വകയിരുത്തി

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം അവസാനിക്കുന്നതിന് മുമ്പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഈ നേട്ടത്തിലൂടെ കേരളം മറ്റൊരു ഒന്നാംസ്ഥാനംകൂടി നേടുകയാണെന്നും ഐസക്ക് പറഞ്ഞു. 174 കോടി രൂപയാണ് ഇതിനായി ചെലഴിക്കുന്നത്. ഗാര്‍ഹികാവശ്യത്തിന്റെ നിയന്ത്രണം ലക്ഷ്യം വച്ചുകൊണ്ട് എല്ലാ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ക്കു പകരം എല്‍ ഇ ഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2017-18ല്‍ ആദ്യഘട്ടമായി പൊതുനിരത്തിലെ ബള്‍ബുകളെല്ലാം എല്‍ ഇ ഡിയിലേക്ക് മാറ്റുന്നതിന് കെഎസ്ഇബി തീരുമാനിച്ചതായി ഐസക്ക് പറഞ്ഞു. 160 കെ എസ് ഇ ബിഎല്ലിന്റെ മൊത്തം പദ്ധതി അടങ്കല്‍ 1,565 കോടി രൂപയാണ്.

കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് പണി ആരംഭിച്ചതും എന്നാല്‍ പലകാരണങ്ങള്‍കൊണ്ടും മുടങ്ങിപ്പോയതുമായ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍ തുടങ്ങിയ പ്രോജക്ടുകള്‍ 2017-18ല്‍ പൂര്‍ത്തീകരിക്കും. ഇടത്തരം ജലവൈദ്യുത പ്രോജക്ടുകളായ മാങ്കുളം, അച്ചന്‍കോവില്‍, അപ്പര്‍ ചെങ്കുളം, പാമ്പാര്‍ എന്നിവയാണ് പുതിയതായി ഏറ്റെടുത്തിട്ടുള്ളത്. ഇവയുടെ പ്രതിഷ്ഠാപിതശേഷി 144 മെഗാവാട്ടും ഉല്‍പ്പാദന ശേഷി 265.82 ദശലക്ഷം യൂണിറ്റുമാണ്. പുതിയതായി 15 ചെറുകിട ജലവൈദ്യുതിപദ്ധതികള്‍ ഏറ്റെടുക്കുന്നു. ഇവയുടെ ആകെ പ്രതിഷ്ഠാപിത ശേഷി 93 മെഗാവാട്ടും ഉല്‍പാദനശേഷി 289.54 എം.യു.വുമാണ്. ജലവൈദ്യുതി പ്രോജക്ടുകള്‍ക്കായി മൊത്തം 268 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

9,425 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ആണ് ഏറ്റവും പ്രധാനപ്പെട്ട പുതിയ പദ്ധതി. സംസ്ഥാനത്ത് പുതിയ ട്രാന്‍സ്മിഷന്‍ലൈന്‍ സൃഷ്ടിക്കുന്നതോടൊപ്പം നിലവിലുള്ള പ്രസരണശൃംഖല സമൂലമായി നവീകരിക്കുന്നതിനുകൂടി വേണ്ടിയുള്ള ഈ പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കുന്നതാണ്. നഗരമേഖലയിലെ വൈദ്യുതി പ്രസരണ നവീകരണത്തിന് വേണ്ടിയുള്ള ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്പ്‌മെന്റ് സ്‌കീമില്‍ 300 കോടി രൂപ 2017-18 ല്‍ ചെലവാക്കും. ഗ്രാമീണമേഖലയിലെ പ്രസരണം മെച്ചപ്പെടുത്തുന്നതിനുള്ള ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജനയില്‍ 250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Latest