Connect with us

International

നാം വധം: ഉത്തര കൊറിയന്‍ പൗരനെ നാടുകടത്തി

Published

|

Last Updated

ക്വലാലംപൂര്‍: ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ അര്‍ധസഹോദരന്‍ കിം ജോംഗ് നാമിന്റെ വധവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസ് കസ്റ്റഡിയില്‍വെച്ച ഉത്തര കൊറിയന്‍ പൗരനെ വിട്ടയച്ചു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് വിട്ടയച്ച റി ജോംഗ് ചോലിനെ സ്വദേശത്തേക്ക് നാടുകടത്തിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇതോടെ ഉത്തര കൊറിയക്ക് ബന്ധമുണ്ടെന്ന് വ്യാപകമായി ആരോപിക്കപ്പെടുന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഏക ഉത്തര കൊറിയന്‍ പൗരനെയാണ് വിട്ടയക്കുന്നത്.

പ്രധാന പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് വിദേശി യുവതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താതെ കേസ് അന്വേഷണം പൂര്‍ണമാകില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മാരകമായ വി എക്‌സ് രാസവിഷം യുവതികള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും കൊല നടത്താന്‍ ആരാണ് ആവശ്യപ്പെട്ടതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. നയതന്ത്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഉത്തര കൊറിയന്‍ പൗരനെ വിട്ടയക്കുന്നതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ സ്ഥിരം വിമര്‍ശകനായിരുന്ന നാമിനെ വധിക്കാന്‍ നേരത്തെ നിരവധി തവണ ശ്രമം നടന്നിരുന്നു. ക്വലാലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് കഴിഞ്ഞ 13നാണ് നാമിനെ വിഷം പുരട്ടി കൊല്ലുന്നത്.

അതിനിടെ, കേസന്വേഷണത്തില്‍ രാഷ്ട്രീയ, നയതന്ത്ര സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നും ചോലിനെ വിട്ടയച്ചത് തെളിവുകളുടെ അഭാവത്തിലാണെന്നും പോലീസ് മേധാവി ഖാലിദ് അബൂബക്കര്‍ വ്യക്തമാക്കി. യാത്രാ രേഖകള്‍ ഇല്ലാത്തതാണ് നാടുകടത്തലിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----