സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്നാര്‍ജിച്ച കരുത്തുമായി അശ്‌റഫ് കൊച്ചി മടങ്ങുന്നു

Posted on: March 2, 2017 4:23 pm | Last updated: March 2, 2017 at 3:28 pm

അബുദാബി: അബുദാബിയിലെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായ അശ്‌റഫ് കൊച്ചി എന്ന മുഹമ്മദ് അഷറഫ് അബു 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു.

1976ല്‍ മുംബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് അശ്‌റഫ് ദുബൈയില്‍ എത്തിയത്. അക്കാലത്ത് വിമാന സര്‍വീസുകള്‍ പരിമിതവും മാത്രമല്ല ഭാരിച്ച ചാര്‍ജ് ഈടാക്കുന്നതും കൊണ്ട് പലരും കപ്പല്‍ മാര്‍ഗമുള്ള യാത്രയാണ് തിരഞ്ഞെടുത്തിരുന്നത്. അന്ന് പുതുതായി ആരംഭിച്ച ഹര്‍ഷ വധന എന്ന കപ്പലിലില്‍ അഞ്ച് ദിവസം യാത്രചെയ്താണ് അശ്‌റഫ് ദുബൈയിലെത്തിയത്. അതുവരെ അക്ബര്‍ എന്ന ഒരു കപ്പലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.
അബുദാബിയില്‍ ഒരു കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അശ്‌റഫ് ദുബൈ കൊമേഴ്‌സ്യല്‍ ബേങ്കിന്റെ അബുദാബി കോര്‍ണീഷ് ബ്രാഞ്ച് ഓപറേഷന്‍ മാനേജറായാണ് പിരിയുന്നത്.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആരംഭകാലം മുതല്‍ ശക്തി തിയറ്റേഴ്‌സില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ശക്തിയുടെ ട്രഷററായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയുണ്ടായി. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ നിലവിലെ ആസ്ഥാനമന്ദിര പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന 1995-1996 കാലത്ത് സെന്ററിന്റെ ട്രഷററായി പ്രവര്‍ത്തിച്ച അദ്ദേഹം വിവിധ ഘട്ടങ്ങളിലായി സെന്ററിന്റെ ഭരണസമിതിയില്‍ പല ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കുകയുണ്ടായി.
അബുദാബി സ്‌പോര്‍ട്‌സ് വിംഗ് എന്ന സംഘടനയുടെ ഭാഗമായി അബുദാബി മലയാളി സമാജത്തിലും അശ്‌റഫ് സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. സമാജത്തിന്റെ ലൈഫ് മെമ്പര്‍ഷിപ്പില്‍ അഞ്ചാമനായിരുന്നു അശ്‌റഫ്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യക്തിജീവിതത്തെ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുക്കുവാനും നേര്‍വഴിക്ക് സഞ്ചരിക്കുവാനും പ്രാപ്തനാക്കിയെന്ന് അശ്‌റഫ് പറയുന്നു.
കൊച്ചി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശിയായ അശ്ഫ് കൊച്ചിയുടെ ഭാര്യ സുഹ്‌റയാണ്. മൂത്തമകന്‍ ജസീം ദന്തഡോക്ടറാണ്. മകള്‍ ജസ്‌ന അബുദാബി കൊമേഴ്‌സ്യല്‍ ബേങ്കില്‍ ജോലി ചെയ്യുന്നു. മറ്റൊരു മകന്‍ ജസ്‌വിന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റേയും കേരള സോഷ്യല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (വ്യാഴം) രാത്രി എട്ടിന് അശ്‌റഫ് കൊച്ചി, ബി ജയകുമാര്‍, കെ ബാലഗംഗാധരന്‍, ജ്യോതി ബാലന്‍ എന്നിവര്‍ക്ക് കേരള സോഷ്യല്‍ സെന്ററില്‍ വിപുലമായി യാത്രയയപ്പ് നല്‍കും.