ഗതാഗത ലംഘനങ്ങള്‍; നൂതന ക്യാമറകളുമായി ദുബൈ പോലീസ്

Posted on: March 2, 2017 3:38 pm | Last updated: March 2, 2017 at 3:13 pm

ദുബൈ: ഗതാഗത നിയമ ലംഘകരെ പിടികൂടാന്‍ നവീന ക്യാമറയൊരുക്കി ദുബൈ പോലീസ്. സിഗ്‌നല്‍ സമയത്തു നിരയിലുള്ള വാഹനങ്ങളെ മറികടക്കുന്ന നിയമ ലംഘകരെ പിടികൂടുന്നതിനാണ് പുതിയ ക്യാമറാ സംവിധാനം. ഒരു കിലോമീറ്ററോളം നീണ്ട വരിയില്‍ നിന്ന്‌പോലും തെറ്റിച്ചു വരുന്ന വാഹനങ്ങളെ പിടികൂടാന്‍ കഴിവുള്ളതാണ് നൂതന സംവിധാനമെന്ന് ദുബൈ പോലീസ് ഓപറേഷന്‍ അഫയേഴ്‌സ് ഉപ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. കൃത്യമായി ഗതാഗതം നിരീക്ഷിക്കുന്ന ക്യാമറ ഗതാഗത ലംഘനത്തില്‍ ഏര്‍പെടുന്ന വാഹനങ്ങള്‍ക്ക് തല്‍ക്ഷണം പിഴ ചുമത്താന്‍ പാകത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത മികവോടെയുള്ള ചിത്രങ്ങള്‍ പോലീസ് ആസ്ഥാനത്തേക്ക് ക്യാമറ അയക്കും. ഗതാഗത ലംഘനത്തിന്റെ നിജസ്ഥിതി വിലയിരുത്തി ഉദ്യോഗസ്ഥര്‍ക്ക് പിഴയീടാക്കാന്‍ എളുപ്പമാക്കുന്ന വിധത്തിലാണ് സംവിധാനം. വാഹനത്തിന്റെ ചലന ഗതികളെ വീക്ഷിക്കുന്നതിന് മികച്ച രീതിയിലുള്ള വീഡിയോ ദൃശ്യങ്ങളും പകര്‍ത്തുന്നതിന് പുതിയ ക്യാമറയില്‍ സംവിധാനമുണ്ട്. പരീക്ഷണ ഘട്ടമെന്നോണം റബാത് സ്ട്രീറ്റില്‍ പ്രഥമ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ 3000 ലംഘനങ്ങളാണ് പിടികൂടാന്‍ കഴിഞ്ഞത്. 200 ദിര്‍ഹം പിഴയും രണ്ട് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷാ നടപടിയായി സ്വീകരിക്കുക, അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വരി തെറ്റിച്ചത് മൂലം 145 അപകടങ്ങളാണുണ്ടായത്. ഏഴ് പേരുടെ ജീവഹാനിക്കും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും അപകടങ്ങള്‍ കാരണമായി. പോലീസ് സ്ട്രാറ്റജി 2020 അനുസരിച്ച് മരണ രഹിത റോഡുകള്‍ എന്ന ആശയത്തിന് ഊര്‍ജം പകരുന്നതിനാണ് നൂതന ക്യാമറകള്‍.