Connect with us

Kerala

മദ്യ നിയന്ത്രണം ടൂറിസത്തെ ബാധിച്ചു; മദ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചിപ്പിച്ച് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മദ്യ നയത്തില്‍ മാറ്റം സൂചിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമാണ് മദ്യനയത്തില്‍ വേണ്ടതെന്നും ടൂറിസം മേഖലയില്‍ ഇളവ് വേണമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിയന്ത്രണം ടൂറിസത്തിന് വന്‍ തിരിച്ചടിയായെന്നും ഇതില്‍ നിന്ന് മോചിപ്പിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളില്‍ പോലും ഗണ്യമായ കുറവ് വന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. മദ്യ നിയന്ത്രണം പ്രകടമായിത്തന്നെ ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സുകളൊന്നും ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം സംസ്ഥാനത്തിന് പുറത്തേക്ക് പോയി. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പ്രത്യക്ഷമായി തന്നെ ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലവസരങ്ങളും ഈ രംഗത്താണ് ഉണ്ടാവേണ്ടത്. അതേസമയം തന്നെ ജനങ്ങളുടെ മദ്യാസക്തി എങ്ങനെ കുറയ്ക്കാന്‍ കഴിയുമെന്ന് ആലോചിക്കണം. എന്നാല്‍ ടൂറിസം രംഗത്തിന് ഇളവ് നല്‍കുന്ന കാര്യം ആലോചിച്ചേ പറ്റൂ. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയുന്നതുവഴിയും വരുമാന നഷ്ടം വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.