Connect with us

Thrissur

നടി ആക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചന നടന്നതായി കരുതുന്നില്ല: സത്യന്‍ അന്തിക്കാട്

Published

|

Last Updated

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ മേഖലക്കുള്ളില്‍ ഗൂഢാലോചന നടന്നതായി കരുതുന്നില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ പേരില്‍ ചലച്ചിത്ര മേഖലയെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതി അംഗീകരിക്കാനാകില്ല. സിനിമാ വ്യവസായത്തിന് പുറത്തുള്ള ഒരാള്‍ ചെയ്ത ക്രൂരകൃത്യത്തിന്റെ പേരില്‍ മേഖലയെ മൊത്തം മാഫിയാ വത്കരിക്കുന്നത് ശരിയല്ല. യുവനടി ആക്രമിക്കപ്പെട്ടത് അങ്ങേയറ്റം ഖേദകരമാണ്. ഒരു നടിക്ക് മാത്രമല്ല, ഏതൊരു സ്ത്രീക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ പ്രഖ്യാപനത്തെ താന്‍ അംഗീകരിക്കുന്നു. ഇന്ത്യന്‍ സിനിമകളില്‍ മലയാളം സിനിമ വളര്‍ന്നു വരുന്ന കാലഘട്ടമാണിപ്പോള്‍. ഇതിനിടെ ഈ മേഖലയില്‍ ഒന്നടങ്കം കഞ്ചാവ് മാഫിയകാളെന്ന തരത്തിലുള്ള ഇപ്പോഴത്തെ പ്രചാരണം സിനിമയെ തകര്‍ക്കും. നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അന്തിക്കാട് പറഞ്ഞു.