Connect with us

Kozhikode

ഗെയില്‍: ഇരകളെ കബളിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം

Published

|

Last Updated

മുക്കം: നിര്‍ദിഷ്ട കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് സര്‍വേ മലയോര മേഖലയില്‍ നടപടികള്‍ പുരോഗമിക്കവേ ഗെയില്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നിയോഗിച്ച ഡെപ്യൂട്ടി കലക്ടറും കക്കാട് വില്ലേജിലെ സൗത്ത് കാരശ്ശേരി വൈശ്യം പുറം പ്രദേശം സന്ദര്‍ശിച്ചു.

പൈപ്പ് ലൈനിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോര്‍ജ് എം തോമസ് എം എല്‍ എ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് എന്നിവരുടെ അപേക്ഷ പ്രകാരമാണ്, പദ്ധതി മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ പഠിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍, ഗെയില്‍ ജീവനക്കാരന്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്. രാവിലെ 10 മണിയോടെ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന മീറ്റിംഗിന് ശേഷമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. നെല്ലിക്കാപറമ്പ്, സര്‍ക്കാര്‍പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി രണ്ട് മണിക്കൂറിന് ശേഷം സൗത്ത് കാരശ്ശേരിയില്‍ എത്തി. ജോര്‍ജ് എം തോമസ് എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, എം ടി അശ്‌റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല, അംഗങ്ങളായ അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, ജി അബ്ദുല്‍ അക്ബര്‍, സവാദ് ഇബ്രാഹീം, എന്‍ കെ അന്‍വര്‍, വി പി ശിഹാബ്, സുനില കണ്ണങ്കര തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്തിലൂടെ കടന്നു പോവുന്ന അലൈനില്‍ അല്‍പ്പം മാറ്റം വരുത്തിയാല്‍ ജനവാസ മേഖലയില്‍ നിന്ന് പൂര്‍ണമായും മാറ്റാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. എങ്കിലും സര്‍വേ നിര്‍ത്തിവെക്കാനോ പഞ്ചായത്ത് സമര്‍പ്പിച്ച രൂപരേഖ പരിഗണിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മുഴുവന്‍ പരാതികളും ഗെയില്‍ അധികൃതരെ അറിയിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. നോട്ടിഫിക്കേഷന്‍ നടത്തിയ ഭൂമിയിലൂടെ അല്ലാതെ പദ്ധതി കൊണ്ട് പോകരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടന്നും രാധാകൃഷ്ണന്‍ യോഗത്തില്‍ വാദിച്ചു. പദ്ധതി പ്രദേശം കണ്ടതിന് ശേഷം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന റിവ്യു മീറ്റിംഗിലാണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിലപാടറിയിച്ചത്.