രക്ഷാകര്‍തൃത്വത്തില്‍ അവകാശവാദം; ധനുഷ് കോടതിയില്‍ ഹാജരായി

Posted on: March 1, 2017 5:55 am | Last updated: March 1, 2017 at 12:57 am

ചെന്നൈ: വൃദ്ധ ദമ്പതികള്‍ തന്റെ രക്ഷാകര്‍തൃത്വത്തില്‍ അവകാശമുന്നയിച്ചതിനെ തുടര്‍ന്ന് തമിഴ് സിനിമാ താരം ധനുഷ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് മുമ്പാകെ ഹാജരായി. ദമ്പതികള്‍ അവകാശപ്പെടുന്നത് പോലുള്ള തിരിച്ചറിയല്‍ അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അദ്ദേഹത്തോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച്, മധുരൈയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രി മേധാവിയും സംഘവും ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജി ഇളങ്കോവന്റെ ചേംബറിലെത്തി ധനുഷിനെ പരിശോധിച്ചു.

പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു. ആര്‍ കതിരേശനും ഭാര്യ കെ മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഇവര്‍ ഇത് സംബന്ധിച്ച് മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേര ത്തെ ഹരജി നല്‍കുകയായിരുന്നു.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹരജിയിലുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനുഷാണ് മധുരൈ ബഞ്ചിനെ സമീപിച്ചത്.
കേസ് നേരത്തെ പരിഗണിച്ചപ്പോള്‍, ദമ്പതികള്‍ ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന തിരിച്ചറിയല്‍ അടയാളങ്ങള്‍ തന്റെ ശരീരത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള എതിര്‍ സത്യവാങ്മൂലം ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, സത്യവാങ്മൂലത്തില്‍ ദമ്പതികള്‍ അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ധനുഷിനെ ശരീര പരിശോധനക്കായി കോടതി വിളിച്ചുവരുത്തുകയായിരുന്നു.

ധനുഷ് തങ്ങളുടെ മകനാണെന്നും അവനില്‍ നിന്ന് ജീവനാംശമായി 65,000 രൂപ പ്രതിമാസം അനുവദിച്ചുകിട്ടണം എന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യം പാടേ നിഷേധിച്ച ധനുഷ്, ദമ്പതികള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും പണം തട്ടലാണ് അവരുടെ ഉദ്ദേശ്യമെന്നും പറഞ്ഞിരുന്നു.