Connect with us

Gulf

ബ്രിട്ടീഷ് അധ്യാപികയുടെ വധം: അന്തിമവിധി മാര്‍ച്ച് 27ന്

Published

|

Last Updated

ദോഹ: ബ്രിട്ടീഷ് അധ്യാപികയെ ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ സംബന്ധിച്ചുള്ള അന്തിമവിധി മാര്‍ച്ച് 27ന് ഉണ്ടാകും. സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് കീഴ്‌കോടതി വധശിക്ഷ വിധച്ച കേസിലാണ് അന്തിമ വിധി വരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് സെസ്സേഷന്‍ കോടതി കേസ് വിധി പറയാനായി മാറ്റി വെച്ചത്.

2013ല്‍ നടന്ന സംഭവത്തില്‍ ലോറന്‍ പറ്റേഴ്‌സന്‍ (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബദര്‍ ഹാശിം അല്‍ ജാബിറിന് വധശിക്ഷ നല്‍കി 2014ല്‍ പ്രാഥമിക കോടതിയുടെ വിധി വന്നിരുന്നു. ലൈംഗികമായി ഉപയോഗിച്ച ശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി അധ്യാപികയുടെ മൃതദേഹം മരുഭൂമിയില്‍ കൊണ്ടു പോയി കത്തിക്കുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. 2015ല്‍ അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. എന്നാല്‍ വീണ്ടും അല്‍ ജാബിറിന്റെ അപ്പീലിനെത്തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കാനും കേസില്‍ വീണ്ടും വിചാരണ നടത്താനും സെസ്സേഷന്‍ കോടതി ഉത്തരവിടുകയായിരുന്നു. കോടതി വിധിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നതായും തന്റെ മകള്‍ക്ക് നീതി കിട്ടുമെന്ന് ആശിക്കുന്നതായും മരിച്ച ലോറന്റെ മാതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തു നടന്ന അത്യപൂര്‍വവും ക്രൂരവുമായ കൊലപാതകമെന്നാണ് അഭിഭാഷകന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

2013 ഒക്‌ടോബറില്‍ അല്‍ ജാബിറിനും സുഹൃത്ത് മുഹമ്മദ് ഹസനുമൊപ്പം ഒരു നൈറ്റ് ക്ലബില്‍ കണ്ട ലോറന്റ പിന്നീട് മരിച്ചതായാണ് അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച സംഘം വൈകാതെ തന്നെ പ്രതിയെ പിടികൂടിയിരുന്നു. യുവതിയെ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചാണ് പ്രതി കൊലപാതം നടത്തിയതെന്ന് നേരത്തേ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ കൂട്ടുപ്രതിയായ മുഹമ്മദ് ഹസന് മൂന്നു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷക്കു ശേഷം മോചിതനായി.

 

Latest