Connect with us

Editorial

ഐ ആം മുസ്‌ലിം ടൂ

Published

|

Last Updated

പ്രാതിനിധ്യ ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ നിശ്ചിത കാലം പൂര്‍ത്തിയാക്കും മുമ്പ് താഴെയിറക്കുകയെന്നത് ദുഷ്‌കരമാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കുകയും തീര്‍ത്തും ജനവിരുദ്ധമായ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന പ്രതിനിധിയെ തിരിച്ചു വിളിക്കാനായി വോട്ട് ചെയ്യുക, ജനഹിത പരിശോധനക്ക് നീതിന്യായ വിഭാഗത്തില്‍ നിന്ന് വിധി സമ്പാദിക്കുക തുടങ്ങിയ പോംവഴികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, അവ അക്കാദമിക് പഠനങ്ങളില്‍ മാത്രമൊതുങ്ങുന്നു. റീ കോളിന്റെയോ, റഫറണ്ടത്തിന്റെയോ കാര്യം വരുമ്പോള്‍ ജനവിധിയോട് വല്ലാത്ത ബഹുമാനമാണ് ഭരിക്കുന്നവര്‍ക്ക്.
പിന്നെയുള്ളത് ജനകീയ പ്രക്ഷോഭമാണ്. ജനാധിപത്യം ദുഷിച്ചാല്‍ ഏറ്റവും ശക്തമായ തിരുത്തല്‍ പ്രക്രിയ ആരംഭിക്കുക തെരുവില്‍ നിന്നാണ്; ആകണം. ധീരമായ സമര പോരാട്ടങ്ങള്‍ ഭരണാധികാരികളെ പാഠം പഠിപ്പിക്കും. കാലം തികച്ച്, വരുന്ന തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ വയ്യെന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചാല്‍ പിന്നെ ഭരണാധികാരിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. അരാജകത്വപരമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം മുന്നേറ്റങ്ങളില്‍ നില്‍ക്കക്കള്ളിയില്ലാതെ അധികാരം വിട്ടൊഴിയുകയോ സമൂലമായ മാറ്റത്തിന് തയ്യാറാകുകയോ ചെയ്ത ഭരണാധികാരികള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് യു എസ് പ്രസിഡന്റ്. ആ സ്ഥാനത്ത് ആരിരിക്കുന്നുവെന്നത് ലോകത്തിന്റെയാകെ ഉത്കണ്ഠയാകുന്നത് ആ രാജ്യം നടത്തുന്ന ക്രൂരമായ ഇടപെടലുകള്‍ കൊണ്ടും കുതന്ത്രങ്ങള്‍ കൊണ്ടുമാണ്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങള്‍ ഏത് രാജ്യത്തെയും സ്വാധീനിക്കുന്നതും പടിഞ്ഞാറന്‍ ലോകത്ത് തീവ്രവലതുപക്ഷ, മുസ്‌ലിം വിരുദ്ധ അവബോധത്തെ കത്തിച്ചു നിര്‍ത്തുന്നതുമാണ്.

ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും അഭയാര്‍ഥികളെയും വിലക്കിയ നടപടി കോടതികള്‍ റദ്ദാക്കിയിട്ടും പല വഴികളിലൂടെ ആ ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. ഈ നയം പുറത്ത് നിന്നു വരുന്നവരെ വിലക്കുകയെന്നതില്‍ ഒതുങ്ങുന്നില്ല. രാജ്യത്തിനകത്തുള്ള മുസ്‌ലിംകളും കറുത്ത വര്‍ഗക്കാരും കടുത്ത അന്യത അനുഭവിക്കുകയാണ്. അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിത്യ സംഭവമാകുകയുമാണ്.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ നഗരങ്ങളില്‍ അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ മനുഷ്യസ്‌നേഹികള്‍ക്ക് ഏറെ ആവേശം പകരുന്നതാണ്. ഈ പ്രക്ഷോഭങ്ങള്‍ ട്രംപിനെ താഴെയിറക്കുമെന്നോ അദ്ദേഹത്തിന്റെ നയങ്ങളെ സമ്പൂര്‍ണമായി പ്രതിരോധിക്കുമെന്നോ പറയാനാകില്ല. എന്നാല്‍ അവയുത്പാദിപ്പിക്കുന്ന അവബോധവും ആശയപ്രപഞ്ചവും ആത്മവിശ്വാസവും വിശാലമാണ്. തീവ്രവലതുപക്ഷ, വംശീയ ബോധ്യങ്ങള്‍ പടരുന്നതിനെ അവ പ്രതിരോധിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ “ഐ ആം മുസ്‌ലിം ടൂ” എന്ന മുദ്യാവാക്യം മുഴക്കി നടന്ന റാലി ഇതില്‍ ഏറ്റവും ശ്രദ്ധേയമായി.

ആയിരക്കണക്കിനാളുകള്‍ അണിനിരന്ന റാലിയില്‍ വിവിധ മതവിഭാഗങ്ങളിലെ നേതാക്കള്‍ ഒന്നിച്ച് പങ്കെടുത്തു. കലാകാരന്‍മാര്‍, എഴുത്തുകാര്‍, വ്യാപാര പ്രമുഖര്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയെയും പ്രതിനിധാനം ചെയ്യുന്നവര്‍ ഇരച്ചെത്തിയ റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു: “ഈ നഗരത്തിന്റെ മേയര്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ഇവിടെയുള്ള മുഴുവന്‍ പേരും, അവര്‍ ഏത് വിശ്വാസത്തില്‍ പെട്ടവരായാലും, അവരുടേത് കൂടിയാകും ഈ നഗരവും ഈ രാജ്യവും. ഞാന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു, ഞാനും മുസ്‌ലിമാണ്” ഈ വാക്കുകള്‍ ട്രംപിസത്തിന്റെ എതിര്‍ദിശയില്‍ നിലയ്ക്കാത്ത ഊര്‍ജം പ്രവഹിപ്പിക്കുന്നുണ്ട്. ട്രംപ് അധികാരമേറ്റ ജനുവരി 20നും പിറ്റേന്നും വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രകടനത്തില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. അന്ന് സ്ത്രീകളുടെ അവകാശങ്ങളായിരുന്നു റാലിയുടെ പ്രമേയം. ഇന്ന് അത്തരം പ്രക്ഷോഭങ്ങള്‍ മുസ്‌ലിംകളോടും കുടിയേറ്റക്കാരോടുമുള്ള ഐക്യദാര്‍ഢ്യമായി മാറിയിട്ടുണ്ട്.
തൊഴില്‍ ശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും വിട്ട് കുടിയേറ്റക്കാരും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നവരും തെരുവിലിറങ്ങിയത് ഈ പ്രക്ഷോഭ പരമ്പരയില്‍ ഐതിഹാസികമായ ഒന്നായിരുന്നു. കുടിയേറ്റക്കാര്‍ ഇല്ലെങ്കില്‍ അമേരിക്കയുടെ ഗതിയെന്താകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സമരരൂപം. “ഞങ്ങള്‍ 99 ശതമാനം” എന്ന മുദ്രാവാക്യമുയര്‍ത്തി ഒബാമയുടെ കാലത്ത് നടന്ന വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭത്തോടും 1981ല്‍ റൊണാള്‍ഡ് റീഗന്റെ കാലത്ത് നടന്ന തൊഴില്‍ സമരങ്ങളോടും 1982ലെ ആണവ യുദ്ധവിരുദ്ധ റാലിയോടുമൊക്കെയാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തെ സാമ്യപ്പെടുത്തുന്നത്.

മുസ്‌ലിംകളോട് ഐക്യപ്പെടുന്ന റാലികള്‍ കറുത്ത വര്‍ഗക്കാരുടെ ഐക്യശക്തിയായി ഉയര്‍ന്നു വന്ന 1995ലെ മില്യണ്‍ മാന്‍ മാര്‍ച്ചിനെ ഓര്‍മപ്പെടുത്തുന്നു. ഈ റാലികളില്‍ പങ്കുചേരുന്നവരില്‍ ഒരു വിഭാഗം ട്രംപിന് വോട്ട് ചെയ്തവര്‍ തന്നെയാകാം. അങ്ങനെയെങ്കില്‍ അത് അമേരിക്കയുടെ പ്രായശ്ചിത്തമാണ്. ലോകത്താകെ വര്‍ഗീയതയും വംശീയതയും കുടുസ്സ് ചിന്തകളും ജനാധിപത്യത്തെ അട്ടിമറിക്കുമ്പോള്‍ ഇത്തരം പ്രക്ഷോഭങ്ങള്‍, മറ്റൊന്നും നേടിയില്ലെങ്കിലും, പ്രതിരോധത്തിന്റെ ധീരമായ ശബ്ദമുയര്‍ത്തുന്നു. ബദല്‍ പ്രതീക്ഷയുണര്‍ത്തുന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് ഉണ്ടാക്കിയിട്ടുള്ള ധാരണ ഫലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കുകയെന്നതാണ്. പുടിനുമായി ട്രംപ് ഉണ്ടാക്കിയ സൗഹൃദം എല്ലാ അന്താഷ്ട്ര സഹകരണങ്ങളെയും കരാറുകളെയും അപ്രസക്തമാക്കാനുള്ളതാണ്. അത്‌കൊണ്ട് ട്രംപ് ഭരണകൂടത്തിനെതിരെ ബഹിഷ്‌കരണം അടക്കമുള്ള വലിയ പ്രക്ഷോഭങ്ങള്‍ ലോകത്താകെ ഉയര്‍ന്ന് വരണം.