Connect with us

Gulf

പുതിയ ട്രാഫിക് കണ്‍ട്രോള്‍ റൂം ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും

Published

|

Last Updated

ദോഹ: രാജ്യത്തെ പുതിയ ട്രാഫിക് കണ്‍ട്രോള്‍ റൂം ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. രാജ്യവ്യാപാകമായി ഘടിപ്പിച്ചിട്ടുള്ള സ്പീഡ് റഡാറുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കണ്‍ട്രോള്‍ തുറക്കുന്നതോടെ ഗതാഗത നിയന്ത്രണവും നടപടികളും ശക്തമാക്കുന്നതിനൊപ്പം വേഗതയും കൃത്യതയും പുലര്‍ത്താന്‍ കഴിയുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നാഷനല്‍ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ കണ്‍ട്രോള്‍ റൂം ആധുനിക സൗകര്യങ്ങളോടെ തുറക്കുന്നത്.

ഗതഗാത നിയമലംഘനങ്ങള്‍ ഓട്ടോമാറ്റിക് ആയി രജിസ്റ്റര്‍ ചെയ്യുന്നതിനും നിയമംഘനം നടത്തിയവര്‍ക്ക് ഉടന്‍ തന്നെ വിവിരം അറിയിക്കുന്നതിനും പുതിയ കണ്‍ട്രോള്‍ റൂം സംവിധാനത്തിലൂടെ സാധിക്കുമെന്ന് ട്രാഫിക് വിഭാഗം ഡയറ്കടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു. പുതിയ കണ്‍ട്രോള്‍ റൂം വരുന്നതോടെ നിലവിലുള്ളതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. നിയമലംഘനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും സിസ്റ്റത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതും മാന്വല്‍ ആയി നിര്‍വഹിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഗതാഗത സുരക്ഷ ഉറപ്പു വരുത്തുകയും അമിത വേഗതയുള്‍പ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ കുറക്കുകയുമാണ് ലക്ഷ്യമെന്നും നിരവധി മനുഷ്യജീവിതങ്ങളും വസ്തുക്കളെയും ഇതുവഴി സംരക്ഷിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
ഓരോ ദിവസവും സ്ഥലങ്ങള്‍ അറിയിച്ചു കൊണ്ടാണ് മൊബൈല്‍ റഡാര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടര്‍ അറിയിച്ചു. വ്യത്യസ്ത പ്രദേശങ്ങളില്‍ സ്ഥാപിച്ച് വേഗ നിയന്ത്രണം നടത്തും. നേരത്തെ വിവരം ലഭിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് വേഗത കുറച്ച് സുരക്ഷ ഉറപ്പു വരുത്താന്‍ സഹായിക്കും. വേഗം കുറച്ചും നിയമങ്ങള്‍ അനുസരരിച്ചുമുള്ള മികച്ച ഡ്രൈവിംഗ് സംസ്‌കാരം കൊണ്ടുവരുന്നതിനാണ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ ട്രാഫിക് നിയമത്തില്‍ ഭാവിയില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ സംഖ്യ ഉയര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പുതിയ നിയമത്തിലുണ്ടാകും. നിയന്ത്രണങ്ങളും നടപടികളും ശക്തമാക്കിയതോടെ രാജ്യത്ത് നിയമവിരുദ്ധ ഓവര്‍ടേകിംഗ് കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബോധവത്കരണവും മികച്ച ഫലമുണ്ടാക്കുന്നുണ്ട്. മൊബൈല്‍ റഡാറുകള്‍ സ്ഥാപിക്കുന്നത് ഡ്രൈവര്‍മാരെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.