കളമശേരി പോളിടെക്‌നിക് കോളേജിലെ റാഗിംഗ്: 11 സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Posted on: February 17, 2017 7:06 pm | Last updated: February 18, 2017 at 10:23 am

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പതിനൊന്ന് സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഇന്ന് രാവിലെ കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു.

കാമ്പസിലും ഹോസ്റ്റലിലും നിരന്തരം പീഡിപ്പിക്കുന്നുവെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നടത്തിയ പ്രാഥമി അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം തീരുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും പോലീസിന് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

നഗ്നത പ്രദര്‍ശനം, കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത് എന്നു തുടങ്ങി പ്രാകൃത ശിക്ഷ നടപടികളാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് റാഗിംങ്ങായി നല്‍കുന്നത്. ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. പരാതി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കരുതെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ പരാതി കളമശേരി സിഐ അന്വേഷിക്കുമെന്ന് ഐജിയുടെ അധികചുമതലയുള്ള പി വിജയന്‍ വ്യക്തമാക്കി. പോളിടെക്‌നിക്കിലെ പ്രാകൃത ശിക്ഷ നടപടികള്‍ വിശദമായി വിവരിച്ചാണ് പരാതി നല്‍കിയത്.
എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ മറ്റ് പാര്‍ട്ടികളുടെ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അനുവദിക്കില്ലെന്നും പരാതിയില്‍ ആരോപണമുണ്ട്. മെസില്‍ അടിവസ്ത്രം ധരിച്ച് കയറാന്‍ പാടില്ല, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപെട്ടാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കണം, കുളിമുറിയുടെ വാതില്‍ അടച്ചിട്ട് കുളിക്കാന്‍ പാടില്ല എന്നു തുടങ്ങി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനായി ഉണ്ടാക്കിവെച്ച നിയമങ്ങള്‍ ലംഘിച്ചാല്‍ അതികഠിനമായ ശിക്ഷകളാണ് നല്‍കുക എന്നും വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥികളുടേത് ക്രൂരവും മൃഗീയവുമായ റാഗിങ്ങാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപെട്ടു. പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെല്ലാം റാഗിങ്ങ് ഭയന്ന് ഹോസ്റ്റല്‍ മാറി പോകുകയാണ്. അധ്യയന വര്‍ഷം ആദ്യം 30 വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കിലും റാഗിങ് കാരണം ഭൂരിഭാഗം പേരും മറ്റ് ഹോസ്റ്റലിലേക്ക് താമസം മാറി. കോളേജ് യൂണിയന്‍ ഭാരവാഹികളടക്കം 19 പേരുടെ പേരു വിവരങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടത്.