ഉദ്യോഗസ്ഥരെ ചെകിടത്തടിക്കുമെന്ന് പറഞ്ഞിട്ടില്ല: മന്ത്രി സുധാകരന്‍

Posted on: February 15, 2017 10:52 am | Last updated: February 15, 2017 at 10:48 am

തിരുവനന്തപുരം: ഔദ്യോഗിക കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ചെകിട്ടത്തടിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ജനാധിപത്യവും ബ്യൂറോക്രസിയും തമ്മില്‍ നടത്തുന്ന സഹകരണാത്മകമായ ഭരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, ജനാധിപത്യത്തിന് മുകളില്‍ കയറാന്‍ ബ്യൂറോക്രസി ശ്രമിച്ചാല്‍ ആ പല്ല് പറിക്കുമെന്നാണ് പ്രസംഗിച്ചത്. അതിന്റെ അര്‍ഥം ബ്യൂറോക്രസി ജനാധിപത്യത്തിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തുമെന്നാണ്. ഇത് ഏതൊരു ജനാധിപത്യ ഭരണത്തിന്റേയും എക്കാലത്തേയും ലക്ഷ്യമാണ്. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമായ ഞങ്ങള്‍ക്കതില്‍ പ്രത്യേക ശ്രദ്ധയുമുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ മമ്മിയൂരില്‍ കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികള്‍ നിറഞ്ഞ വേദിയിലാണ് പ്രസംഗിച്ചത്. വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. എന്നാല്‍ ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായ കേരള എന്‍ജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍, കേരള എന്‍ ജി ഒ എ, കെ എസ് എ, രജിസ്‌ട്രേഷന്‍ വകുപ്പ് പെന്‍ഷണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നീ നാല് സംഘടനകളുടെ പേരിലാണ് കരണത്തടി പ്രസ്താവന കാണുവാനിടയായത്. എന്‍ജിനീയറിംഗ് സംഘടനയുടെ പ്രസ്താവന പ്രസിഡന്റ് എസ് സിദ്ദീഖ്, ജനറല്‍ സെക്രട്ടറി എന്‍ രാഗേഷ് എന്നിവരുടെ പേരിലാണ് ഒരു പത്രത്തില്‍ കണ്ടത്. ഇവരുടെ പ്രസ്താവന സി പി ഐ യുമായി ബന്ധപ്പെടുത്തിയാണ് ആ പത്രം നല്‍കിയത്. മരാമത്ത് മന്ത്രി കഴിവ് കെട്ടവനാണെന്നും ഈ ഗവണ്മെന്റ് വന്ന ശേഷം ഒരു നിര്‍മാണവും നടന്നിട്ടില്ലെന്നും അറ്റകുറ്റപ്പണി നിര്‍മാണമല്ലെന്നും നാടുമുഴുവന്‍ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി നടക്കുന്നുവെന്നും ഈ സുഹൃത്തുക്കളെ ഉദ്ധരിച്ച് ഒരു പത്രം എഴുതുകയുണ്ടായി. ഇന്നത്തെ പല പ്രമുഖ പത്രങ്ങളിലും 2016-2017 ല്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം (142 ശതമാനം) ചെലവഴിച്ചത് മരാമത്ത് വകുപ്പാണെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സി പി ഐ എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളെപ്പറ്റി യാതൊരു അപവാദവും ഇന്നുവരെ പറഞ്ഞിട്ടില്ല. നാല് സി പി ഐ മന്ത്രിമാരുമായും സി പി ഐ നേതൃത്വവുമായും ഏറ്റവും സുദൃഢമായ ഐക്യവും ബന്ധവുമാണ് തനിക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംശുദ്ധമായ വികസന ഭരണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. വികസന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് മുന്നോട്ട് നീങ്ങുന്നത്. വകുപ്പില്‍ അഴിമതിയുണ്ടാകുന്നതിന് കാരണക്കാരന്‍ മന്ത്രിയാണെന്നാണ് ഒരു സംഘടനക്കാരന്‍ പറയുന്നത്. ഉത്തരവാദിത്വമുള്ളവര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ് മറുപടി പറയുക. ഒഴിവുകള്‍ നികത്താത്തതിന് കാരണം മന്ത്രിയാണെന്നും ഒരു പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തിയിരുന്നില്ല. പുതിയ സര്‍ക്കാര്‍ പി എസ് സി യുമായി നേരിട്ട് ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന 200 ലേറെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ തസ്തികകളും 1300 ലേറെ ഓവര്‍സിയര്‍ തസ്തികകളിലും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പി എസ് സി യുടെ നിയമന ശിപാര്‍ശകള്‍ ശരിയായി വന്നിരിക്കുകയാണ്.
പിണറായി മന്ത്രിസഭയിലെ തന്റെ വകുപ്പിലെ പൊതുമരാമത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിയും, നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഏറ്റവും മികച്ച അഴിമതിരഹിതരും ഭരണപാടവമുള്ള രണ്ട് മികച്ച ഐ എ എസ് ഉദ്യോഗസ്ഥരാണെന്ന് താന്‍ പൊതുയോഗങ്ങളില്‍ വെച്ചു പോലും ജനങ്ങളോട് പറയാറുണ്ട്.
തെറ്റിദ്ധാരണകള്‍ ദൂരീകരിക്കണമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.