യു എസില്‍ കാറോടിച്ച് മത്സരിക്കാന്‍ ചെമ്പേരിയിലെ വിദ്യാര്‍ഥികള്‍

Posted on: February 14, 2017 7:17 am | Last updated: February 14, 2017 at 12:20 am
SHARE
സ്വയം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച വാഹനത്തില്‍ വിദ്യാര്‍ഥികള്‍

കണ്ണൂര്‍: അമേരിക്കയിലെ ഇല്ലിനോയിസില്‍ ഈ വര്‍ഷം ജൂണില്‍ നടക്കുന്ന അന്താരാഷ്ട്ര കാറോട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ സ്വയം നിര്‍മിച്ച കാറുമായി മലയാളി വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത് അവര്‍ തന്നെ നിര്‍മിച്ച ഓഫ് റോഡ് വാഹനം സാങ്കേതിക മികവ് ഉറപ്പുവരുത്തി കാറോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ 25 വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ പത്ത് വരെയാണ് എസ് എ ഇ ബാഹര്‍ ഇന്റര്‍നാഷനല്‍ മത്സരം നടക്കുക. ഏഴ് ലക്ഷം രൂപ നിര്‍മാണ ചെലവില്‍ നാല് മാസം കൊണ്ടാണ് ഓള്‍ ടെറയിന്‍ വാഹനം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതെന്ന് വിദ്യാര്‍ഥി ജോസിന്‍ സി ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് (എസ് എ ഇ) മാനദണ്ഡം പാലിച്ചായിരുന്നു വാഹനത്തിന്റെ നിര്‍മാണം. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കാനാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഹനം കീഴ്‌മേല്‍ മറിഞ്ഞാലും പൂര്‍വസ്ഥിതിയിലേക്കെത്തുന്നതിനുള്ള സാങ്കേതിക വിദ്യ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വാഹനം ബീച്ച് സ്‌പോര്‍ട് വാഹനമായി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് പിന്തുണ നല്‍കുമെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഇന്‍ക്യുബേഷന്‍ സെന്റര്‍ അറിയിച്ചു. പ്രൊഫ. ജസ്റ്റിന്‍ സി ജോസിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ ഫോര്‍മുല ത്രീ കാറും ഓള്‍ ടെറയില്‍ വാഹനങ്ങളും വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണ്.

കോയമ്പത്തൂരില്‍ നടന്ന എന്‍ഡ്യൂറോ സ്റ്റൂഡന്റ് ഇന്ത്യ മത്സരത്തിലും ഓള്‍ ടെറയില്‍ വാഹനം ശ്രദ്ധനേടിയിരുന്നു. പി കെ ശ്രീമതി എം പിയും കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദലിയും സംരംഭത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജിനു വടക്കേമുളഞ്ഞനാല്‍, സെബാസ്റ്റ്യന്‍ പുത്തന്‍പുര, പ്രൊഫ. ജസ്റ്റിന്‍ സി ജോസ്, ടി ജിബിന്‍ പങ്കെടുത്തു.