Connect with us

Editorial

ഇതാണോ ഗവര്‍ണര്‍ ചെയ്യേണ്ടത്?

Published

|

Last Updated

തമിഴ്‌നാട്ടില്‍ ഒരാഴ്ചയോളമായി അരങ്ങേറുന്ന രാഷ്ട്രീയ അനിശ്ചിതത്വം അയവില്ലാതെ തുടരുകയാണ്. ജയലളിതയുടെ തോഴി വി കെ ശശികലയെ എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായി വാഴിക്കുകയും മുഖ്യമന്ത്രിയായി അവരുടെ സത്യപ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരു പ്രതിസന്ധിയും ഉണ്ടായിരുന്നില്ല. എല്ലാം മുറപോലെ നടക്കാവുന്ന സ്ഥിതി. ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് സംഭവിച്ചു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്കുള്ള യാത്ര മാറ്റിവെച്ചു. ഇക്കാലമത്രയും ജയലളിതക്ക് പകരക്കാരനും വിനീതവിധേയനും ഇപ്പോള്‍ ശശികലയെ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ നിയുക്തനുമായ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാഷ്ട്രീയവിസ്‌ഫോടനത്തിന് തിരികൊളൊത്തിക്കൊണ്ട് ചില “സത്യങ്ങള്‍” വിളിച്ചുപറഞ്ഞു. തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു; അധികാരമൊഴിയേണ്ടെന്ന് അമ്മയുടെ (ജയലളിതയുടെ) ആത്മാവ് തന്നോട് പറഞ്ഞിട്ടുണ്ട്; അമ്മയുടെ മരണത്തെ കുറിച്ച് തമിഴ് ജനതക്കുള്ള സംശയം തനിക്കുമുണ്ട്; സമഗ്രമായ അന്വേഷണം നടക്കണം. ഇതോടെ ശശികലക്ക് കാര്യങ്ങള്‍ വ്യക്തമായി. അവര്‍ തന്നെ പിന്തുണക്കുന്ന 130 എം എല്‍ എമാര്‍ ഒപ്പിട്ട കത്തുമായി ഗവര്‍ണറെ കണ്ടു. എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പനീര്‍ശെല്‍വവും കണ്ടു ഗവര്‍ണറെ. അദ്ദേഹത്തിന്റെ രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രിയായി തുടരാനുള്ള അംഗബലം തനിക്കുണ്ടെന്നുമാണ് ശല്‍വം അറിയിച്ചത്.
രണ്ടു ഭാഗവും കേട്ട ഗവര്‍ണര്‍ ഒരു തീരുമാനമെടുക്കേണ്ടതായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ വരുത്തുന്ന കാലതാമസം കുതിരക്കച്ചവടത്തിനും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കരുനീക്കങ്ങള്‍ക്കും കാരണമാകുമെന്നതിന് എത്രയെങ്കിലും അനുഭവങ്ങള്‍ രാജ്യത്തിന് മുമ്പിലുണ്ട്. എന്നിട്ടും വൈകിപ്പിക്കുകയെന്ന വിവേചനാധികാരമാണ് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പ്രയോഗിക്കുന്നത്. ശശികലക്ക് എന്തൊക്കെ അയോഗ്യതകളുണ്ടെങ്കിലും അതൊന്നും നിയമപരമായി മുഖ്യമന്ത്രിയാകുന്നതിന് തടസ്സമല്ല. അവര്‍ തന്ത്രപരമായി അധികാരം കൈയേല്‍ക്കുകയാണെന്ന വിമര്‍ശവും ജയലളിത തന്നെ അവരെ അകറ്റി നിര്‍ത്തിയതാണ് എന്നതും പ്രവര്‍ത്തന പരിചയമില്ല എന്നതുമെല്ലാം ധാര്‍മികതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. തീര്‍ച്ചയായും അവ പ്രധാനവുമാണ്. പക്ഷേ, ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ അമാന്തത്തിന് അതൊന്നും ന്യായീകരണമാകില്ല. എസ് ആര്‍ ബൊമ്മെ കേസടക്കമുള്ള നിരവധി വിധിന്യായങ്ങളില്‍ സുപ്രീം കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആരാണോ ഭൂരിപക്ഷം കാണിച്ച് വരുന്നത് അവര്‍ക്ക് അത് തെളിയിക്കാനുള്ള അവസരം നല്‍കണം. ഇനി ശശികലക്കെതിരായ സ്വത്ത് സമ്പാദന കേസില്‍ വിധി വരാനിരിക്കുന്നു എന്നാണെങ്കില്‍ അത് വരുംവരെ അയോഗ്യതയല്ലെന്നതാണ് മറുപടി. ഇവിടെ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിക്ക് വഴങ്ങിയോ എന്ന് ന്യായമായും സംശയിക്കേണ്ടതാണ്. ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ സ്വന്തം നിലയില്‍ വേരുറപ്പിക്കുക ദുഷ്‌കരമാണ്. അതുകൊണ്ട് ദ്രാവിഡ പാര്‍ട്ടിയുടെ ചിറക് വേണം പറക്കാന്‍. അത് ശശികലയായാലും പനീര്‍ശെല്‍വമായാലും കുഴപ്പമില്ല. ജയലളിതയെച്ചൊല്ലിയുള്ള വൈകാരികതയില്‍ ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ പനീര്‍ശെല്‍വത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റ അധികാരലബ്ധിക്ക് അരങ്ങൊരുക്കുകയാണ് ഇപ്പോള്‍ ബുദ്ധി. തങ്ങളുടെ കാര്‍മികത്വത്തിലാണ് അത് സംഭവിക്കുന്നതെങ്കില്‍ രാജ്യസഭയില്‍ ഇപ്പോള്‍ തുടരുന്ന സഹകരണം ശക്തമായി നിലനില്‍ക്കുകയും ചെയ്യും. ഇതൊന്നും സാധിച്ചില്ലെങ്കില്‍ എ ഐ എ ഡി എം കെയെ പിളര്‍ത്താനെങ്കിലും സാധിച്ചേക്കും. ഈ തന്ത്രത്തിന് ഗവര്‍ണര്‍ വഴിയൊരുക്കുന്നു. ഇനി തിരിച്ചാണെങ്കില്‍ അതിന്റെ ഗുണം കിട്ടട്ടെ എന്ന നിലയില്‍ ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ശശികലയുടെ കൂടെയുമുണ്ട്. തീരുമാനം എത്ര വൈകുന്നുവോ അത്രമാത്രം കലുഷിതമാകും അന്തരീക്ഷം. പനീര്‍ശെല്‍വത്തിന്റെ വഴിയേ കൂടുതല്‍ നേതാക്കള്‍ വരികയും ചെയ്യും. മന്ത്രി പാണ്ഡ്യരാജന്റെ കൂടുമാറ്റം ഇതിന് ഉദാഹരണമാണ്. ഇനി ഗവര്‍ണറുടെ നിലപാട് ശശികലയുടെ രാഷ്ട്രീയ അധാര്‍മികതക്ക് തടയിടാനാണെന്ന വാദം അംഗീകരിച്ചാല്‍ തന്നെ തീരുമാനമെടുക്കാനുള്ള കാലതാമസത്തെ എങ്ങനെ ന്യായീകരിക്കും?
ഇവിടെ മറ്റൊരു കാര്യം കൂടി പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. തന്നെ പിന്തുണക്കുന്നുവെന്ന് ശശികല അവകാശപ്പെടുന്ന എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചതും അവര്‍ക്ക് വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പോലും നിഷേധിച്ചതും ഒരിക്കലും നീതീകരിക്കാനാകില്ല. അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കില്‍ ഈ തടവില്‍ പാര്‍പ്പിക്കല്‍ വേണ്ടിയിരുന്നില്ല. അധികാരത്തിന്റെയും പദവികളുടെയും വന്‍ സാമ്പത്തിക ഇടപാടുകളുടെയും ആവിഷ്‌കാരമായി രാഷ്ട്രീയരംഗം അധഃപതിക്കുമ്പോള്‍ ഇത്തരം അത്യാചാരങ്ങള്‍ സ്വാഭാവികമെന്നേ പറയാനാകൂ. തമിഴ്‌നാട് രാഷ്ട്രീയം ഇപ്പോള്‍ ഒരു തരം ചൂതാട്ടത്തിന്റെ നിലയിലാണ് ഉള്ളത്. ഗവര്‍ണര്‍ ആരെ ആദ്യം വിളിക്കും എന്നതാണ് ചോദ്യം. ആരെ ആദ്യം വിളിക്കുന്നുവോ അവര്‍ 117 എന്ന മാന്ത്രിക അക്കം കടക്കും. ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഒഴിഞ്ഞു മാറാനാകില്ല. അപകടകരമായ ഭരണസ്തംഭനവും ഏത് നിമിഷവും പിടിവിടാവുന്ന ക്രമസമാധാന നിലയുമാണ് തമിഴകത്ത് ഇപ്പോഴുള്ളത്. ആരെ അനുസരിക്കുമെന്നറിയാതെ ഉദ്യോഗസ്ഥര്‍ വലയുമ്പോള്‍ ഫയലുകള്‍ കുന്നുകൂടുകയാണ്. ബജറ്റ് അവതരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കേണ്ടതുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ തോന്നിയ പോലെ തീരുമാനമെടുക്കുകയാണ്. ശശികല പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. അതോടെ സ്ഥിതി കൂടുതല്‍ വഷളാകും. ഈ ഘട്ടത്തിലെങ്കിലും അനിശ്ചിതത്വം നീക്കാനുള്ള തീരുമാനത്തിലേക്ക് ഗവര്‍ണര്‍ എത്തിച്ചേരണം. അതിനദ്ദേഹം തയ്യാറല്ലെങ്കില്‍ രാഷ്ട്രപതി ഇടപെടണം.