Connect with us

Gulf

കരിപ്പൂര്‍: യൂത്ത് ലീഗ് പാര്‍ലിമെന്റ് മാര്‍ച്ച് ഏപ്രില്‍ 3ന്

Published

|

Last Updated

പി കെ ഫിറോസ് ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ജിദ്ദ: കരിപ്പൂർ എയർപോർട്ടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗും പ്രത്യക്ഷ സമര രംഗത്തേക്ക്. ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചപ്പോൾ കരിപ്പൂരിനെ തഴഞ്ഞതിലും, ജംബോ വിമാനങ്ങൾ ഇറങ്ങാൻ അനുമതി നൽകാത്തതിലും പ്രതിഷേധിച്ച് ഏപ്രിൽ 3 ന് പാർലമെന്റ് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ- കാറ്റഗറി വിമാനങ്ങൾ കരിപ്പൂരിൽ നേരത്തെ ഇറങ്ങിയതാണ്. എന്നാൽ റൺവെയുടെ പണി പൂർത്തിയായ ശേഷം എന്തുകൊണ്ട് അനുമതി തടഞ്ഞു എന്നു മനസ്സിലാകുന്നില്ല. ലക്ഷ്യം നേടും വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാകുമെന്ന് ഫിറോസ് പറഞ്ഞു.

ഇ അഹമ്മദിന്റെ മയ്യിത്തിനോടു പോലും മര്യാദകേടു കാണിച്ച കേന്ദ്ര ഗവൺമെന്റിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ സംഘടന രാജ്ഭവനിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ഇനിയും തുടർ പോരാട്ടങ്ങൾ നടത്തും. കേരളാ പോലീസ് ഈയിടെയായി ഫാസിസ്റ്റുകൾക്ക് കഞ്ഞി വെക്കുകയാണെന്ന് ഉദാഹരണങ്ങൾ നിരത്തി യൂത്ത് ലീഗ് സെക്രട്ടറി ആരോപിച്ചു. വേണ്ടിവന്നാൽ അതിനെതിരെയും സംഘടന സമര രംഗത്തിറങ്ങുമെന്നും ഫിറോസ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ജിദ്ദാ കെ എം സി സി ഭാരവാഹികളായ അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, സി കെ ശാക്കിർ, റസാഖ് അണക്കായി, പഴേരി കുഞ്ഞുമുഹമ്മദ് എന്നിവർ സംബന്ധിച്ചു.