Connect with us

Sports

പുതിയ കോച്ചിന് കീഴില്‍ ചെന്നൈ സിറ്റി

Published

|

Last Updated

ചെന്നൈ: ഐ ലീഗിലെ പുതുക്കക്കാരായ ചെന്നൈ സിറ്റി എഫ് സി മുന്‍ ദക്ഷിണ റെയില്‍വേസ് കോച്ച് വി സൗന്ദര്‍രാജനെ മുഖ്യ പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ റോബിന്‍ ചാള്‍സ് രാജയെ പുറത്താക്കിയ ഒഴിവിലേക്കാണ് നിയമനം. സീസണ്‍ മുഴുവന്‍ സൗന്ദര്‍രാജന്‍ ടീമിനെ പരിശീലിപ്പിക്കുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ക്ലബ്ബ് മാനേജ്‌മെന്റിന്റെ പദ്ധതികള്‍ക്കനുസൃതമായി ടീമിനെ മുന്നോട്ടു നയിക്കുന്നതില്‍ റോബിന്‍ ചാള്‍സ് രാജ പരാജയപ്പെട്ടുവെന്നാണ് ക്ലബ്ബ് ബോര്‍ഡ് അംഗങ്ങളുടെ പൊതു വിലയിരുത്തല്‍. ഐ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ചെന്നൈ സിറ്റി എഫ് സി പത്താം സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് നേടിയത്. എന്നാല്‍, തമിഴ്‌നാട് താരങ്ങള്‍ക്ക് ടീമില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതാണ് റോബിന്‍ ചാള്‍സ് രാജയെ പുറത്താക്കല്‍ വേഗത്തിലാക്കിയത്.
എ എഫ് സി പ്രൊഫഷണല്‍ കോച്ചിംഗ് ലൈസന്‍സുള്ള വി സൗന്ദര്‍രാജന് അമ്പത്തിരണ്ട് വയസിനിടെ ഐ ലീഗ് പരിചയ സമ്പത്തില്ല. പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ടുള്ള ഫുട്‌ബോള്‍ വികസനം ലക്ഷ്യമിടുന്ന ചെന്നൈ സിറ്റി എഫ് സി സൗന്ദര്‍രാജനില്‍ പൂര്‍ണപ്രതീക്ഷയര്‍പ്പിക്കുന്നു. തമിഴ്‌നാടിന്റെയും റെയില്‍വേസിന്റെയും മുന്‍ മിഡ്ഫീല്‍ഡറായ സൗന്ദര്‍രാജന്‍ ടീമിന്റെ ആത്മവിശ്വാസവും മാനസികാധിപത്യവും ഉയര്‍ത്തുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് വിശ്വസിക്കുന്നു. ഇന്ന് മുംബൈ എഫ് സിയാണ് ലീഗില്‍ ചെന്നൈയുടെ എതിരാളി.