സാശ്രയ വിദ്യാഭ്യാസം: വിദ്യാര്‍ഥിത്വം ബലിയാടക്കപ്പെടരുത്- എസ് എസ് എഫ്

Posted on: February 9, 2017 11:41 am | Last updated: February 9, 2017 at 11:41 am

കോഴിക്കോട്: സാശ്രയ വിവാദങ്ങളില്‍ വിദ്യാര്‍ഥിത്വം ബലിയാടാക്കപ്പെടരുതെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുസമയം വിവാദങ്ങളില്‍ തളച്ചിടാനും അതുവഴി വിദ്യാര്‍ഥിത്വത്തെ പ്രതിസന്ധിയിലാക്കാനുമുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
സാശ്രയ സമരവും പുതിയ വിവാദങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കക്ഷി രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുന്നതാണ് കേരളത്തിലെ അക്കാദമിക സമരങ്ങളുടെ ശാപം.
മുന്നണികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളെ ചട്ടുകങ്ങളാക്കുകയാണ്. മികച്ച വിദ്യാഭ്യാസശേഷിയും സര്‍ഗശേഷിയും നാള്‍ക്കുനാള്‍ കുറഞ്ഞ് വരികയാണ്.
കച്ചവട വത്കരിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖലയും അരാഷ്ട്രീയ സമരങ്ങളും ഭീകരമായ ഭാവിയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും. ക്യാമ്പസുകളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അറിഞ്ഞുള്ള ചരിത്രം മാറ്റിയെഴുതേണ്ട സമരങ്ങളാണ് കാമ്പസുകളില്‍ രൂപപ്പെടേണ്ടത്.