Connect with us

Kerala

പോലീസിന്റെ പിടിവാശി: വയോധികന്റെ മൃതദേഹം 19 മണിക്കൂര്‍ ആശുപത്രിയില്‍

Published

|

Last Updated

തുറവൂര്‍: പക്ഷാഘാതം പിടിപ്പെട്ട് 12 വര്‍ഷമായി കിടപ്പിലായ വയോധികന്‍ മരിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ പിടിവാശിയില്‍ മൃതദേഹം 19 മണിക്കൂര്‍ ആശുപത്രിയില്‍ കുടുങ്ങി. കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ തുറവൂര്‍ കലിയത്തു കുന്ന് മണിയന്റെ(72) മൃതദേഹമാണ് കുത്തിയതോട് പോലീസിന്റെ അനാവശ്യ ഇടപെടലില്‍ രണ്ട് ആശുപത്രികളിലായി 19 മണിക്കൂറുകള്‍ കുടുങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി 10.30നാണ് ഗിരിജന്‍ വിഭാഗത്തില്‍പ്പെട്ട മണിയനെ ശ്വാസം മുട്ടലിനെ തുടര്‍ന്നു തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. എന്നാല്‍ മരിച്ചതറിയാതെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടി നഴ്‌സ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഡ്യൂട്ടി ഡോക്ടറില്‍ നിന്നും മരണകാരണം ചോദിച്ചു മനസ്സിലാക്കി. മരണത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കളില്‍ നിന്നും എഴുതി വാങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ക്ക് പരാതിയില്ലെന്ന് കത്ത് വേണമെന്നായി പോലീസ്. കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെംബര്‍ വത്സലയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടുകാര്‍ക്കും പരാതിയില്ലെന്നുള്ള കത്ത് നല്‍കി. മൃതദേഹം കൊണ്ടുപോകാനുള്ള ഒരുക്കം നടത്തിയപ്പോള്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ പോലീസ് തയ്യാറായില്ല.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടേ വിട്ടുകൊടുക്കാവൂ എന്ന് സ്റ്റേഷനില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി പോലീസുകാരന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.വിദഗ്ധ പരിശോധനയില്‍ രോഗം മൂലമാണ് മണിയന്‍ മരിച്ചതെന്ന് സ്ഥിരികരിച്ചതോടെ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

തുറവുര്‍ താലൂക്കാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ അഭിപ്രായം പോലും അവഗണിച്ചാണ് പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് പിടിവാശി കാണിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
12 വര്‍ഷമായി പക്ഷാഘാതം മൂലം ഒരു വശം തളര്‍ന്നു ദുരിതത്തില്‍ കഴിയുകയായിരുന്ന മണിയന്‍ ഹൃദ്രോഗിയുമായിരുന്നു. രോഗിയായ ഭാര്യ ചെല്ലമ്മയും അടങ്ങുന്ന കുടുംബം നാട്ടുകാരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്.