Connect with us

Sports

വേണ്ടത് തുടര്‍ച്ച : കുംബ്ലെ

Published

|

Last Updated

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം സ്വന്തമാക്കി, ഈ തുടര്‍ച്ച മാത്രമേ ആവശ്യമുള്ളൂ. ബംഗ്ലാദേശിനെതിരെ കൂടുതലായൊന്നും താന്‍ കളിക്കാരില്‍ നിന്ന് ആവശ്യപ്പെടുന്നില്ലെന്ന് ഇന്ത്യന്‍ ടീം കോച്ച് അനില്‍ കുംബ്ലെ.
സമീപകാലത്ത് നാട്ടില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മികച്ചതാണ്. ന്യൂസിലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അത് നിലനിര്‍ത്തിയാല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് ജയിക്കുക എളുപ്പമാകും.
എന്നാല്‍, എതിരാളികളെ ബഹുമാനിക്കുന്നു. ബംഗ്ലാ നിരയില്‍ ഉന്നത നിലവാരമുള്ള കളിക്കാരുണ്ട്, മികച്ച ആള്‍ റൗണ്ടര്‍മാരുള്ള ടീമാണത്. തീര്‍ച്ചയായും ഇതൊരു ആവേശകരമായ ടെസ്റ്റ് ആയിരിക്കും – കുംബ്ലെ പറഞ്ഞു. ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കുള്ള ബൗളിംഗ് നിരയ ഇന്ത്യക്കുണ്ട്. സമീപകാലത്ത് ടീം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിറകില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. നമ്മള്‍ എപ്പോഴും സ്പിന്നര്‍മാര്‍ വീഴ്ത്തിയ വിക്കറ്റുകളെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി സ്പിന്‍ ബൗളിംഗ് നിരക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. ഇരുപത് വിക്കറ്റുകളും സ്പിന്നര്‍മാരല്ല വീഴ്ത്തുന്നത് എന്നോര്‍ക്കണം. ബൗളിംഗ് നിരയിലെ ഐക്യം ബംഗ്ലാദേശിനെതിരെയും കാണാന്‍ സാധിക്കുമെന്ന് കോച്ച് പറയുന്നു.
ബാറ്റിംഗില്‍ ഓപണിംഗ് റോളിലേക്ക് ലോകേഷ് രാഹുലിനെയും മുരളി വിജയിനെയും പരിഗണിക്കുന്നുണ്ട് അനില്‍ കുംബ്ലെ. ആഭ്യന്തര ക്രിക്കറ്റ് സീസണിലെ മികവാണ് അഭിനവിന് അവസരമൊരുക്കിയത്. മധ്യനിര ബാറ്റിംഗിനെ കുറിച്ചും വലിയ വേവലാതികളില്ല.
കരുണ്‍ നായര്‍ ചെന്നൈയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍, അജിങ്ക്യ രഹാനെ ഈ ടീമിന് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് കുറച്ച് കാലമായി നാം കാണുന്നു. ആള്‍ റൗണ്ടര്‍ കാറ്റഗറിയില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവിയാണെന്ന് കുംബ്ലെ നിരീക്ഷിക്കുന്നു. ടോപ് ഓര്‍ഡറിലും ലോ ഓര്‍ഡറിലും ഹര്‍ദിക്കിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന്റെ രണ്ട് ആണിക്കല്ലുകളായി കുംബ്ലെ രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയേയും കാണുന്നു.
ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയുടെ കൈയ്യിലെ വജ്രായുധങ്ങളാണ് അശ്വിനും ജഡേജയുമെന്ന് കുംബ്ലെ വിശ്വസിക്കുന്നു.
ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യരഹാനെ, കരുണ്‍ നായര്‍, വൃഥിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അഭിനവ് മുകുന്ദ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്.