ഇവിടെയിതാ, 170 പെണ്‍കുട്ടികള്‍ക്ക് മംഗല്യസാക്ഷാത്കാരം

Posted on: February 8, 2017 5:47 am | Last updated: February 7, 2017 at 11:51 pm

അറുപതിനടുത്ത് പ്രായം തോന്നും ആ ഉമ്മയെ കണ്ടാല്‍. പാടന്തറ മര്‍കസിലേക്ക് തകര്‍ന്ന മനസ്സുമായി വന്ന അവര്‍ക്ക് മകളുടെ കല്ല്യാണ കാര്യമാണ് പറയാനുണ്ടായിരുന്നത്. കേട്ടപ്പോള്‍ മനസ്സ് വേദനിച്ചു. മുപ്പതിനടുത്ത് പ്രായമുള്ള മകള്‍ക്ക് ഇപ്പോള്‍ വിവാഹം ശരിയായിട്ടുണ്ട്. പിതാവ് ഉപേക്ഷിച്ച് പോയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഞാനെന്ത് കൊടുത്ത് പറഞ്ഞയക്കും എന്റെ കുട്ടിയെ? സ്വര്‍ണത്തിന്റെ ഒരു തരി എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. ജീവിതം കണ്ണീരില്‍ മുങ്ങിത്താഴ്ന്ന ആ ഉമ്മ ചോദിച്ചു: ‘എന്റെ മോള്‍ക്ക് ഒരു കമ്മല്‍ തരോ.? ഒരു ഗതിയും ഇല്ലാത്തോണ്ട് ചോയ്ക്കാണ്.’
നാടുകാണിക്കടുത്തു നിന്നാണ് മറ്റൊരുമ്മ വരുന്നത്. ‘ഭര്‍ത്താവ് നട്ടല്ലൊടിഞ്ഞ് ശയ്യാവലംബിയായി കിടക്കുന്നു. താളം തെറ്റിയ ജീവിതത്തില്‍ ഏതോ ഒരു അപ്രതീക്ഷിത നേരത്ത് രണ്ടാമത്തെ മകള്‍ക്ക് വിവാഹ ഭാഗ്യമായി. രണ്ട് പവന്‍ സ്വര്‍ണം കൊടുക്കണം എന്നുണ്ട്. അരപ്പവന്‍ വിവാഹിതയായ ജ്യേഷ്ഠ സഹോദരിയും, അരപ്പവന്‍ കടമായിട്ട് ജ്വല്ലറിക്കാരനും നല്‍കാമെന്നേറ്റിട്ടുണ്ട്. ഒരു പവന്‍ നിങ്ങള്‍ തരോ? എന്റെ കുട്ടിക്ക് ഒരു ജീവിതം കിട്ടാനാണ്’

നീലഗിരി; ഹരിതാഭമായ പ്രകൃതിയുടെ അഴകും വര്‍ണവും ആകര്‍ഷണീയമാണെങ്കിലും ഇവിടെ താമസിക്കുന്ന പാവങ്ങളുടെ ജീവിതത്തിന്റെ വര്‍ണങ്ങള്‍ അത്ര സുഖദായകമോ, ആകര്‍ഷണീയമോ അല്ല. ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിച്ചും, കഷ്ടപ്പാടിന്റെ കൊടുമുടി കയറിയും ഇവിടെയുള്ള പാവങ്ങള്‍ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ യത്‌നിക്കുന്നു. എസ്റ്റേറ്റ് തൊഴിലാളികളാണ് അധികപേരും. വളരെ കുറഞ്ഞ ശമ്പളമാണെന്നതിനാല്‍ കുടുംബത്തെ കരക്കടുപ്പിക്കാന്‍ ഭൂരിഭാഗം വീടുകളിലും സ്ത്രീകള്‍ കൂടി ജോലിക്കാരാണ്. തുച്ച വരുമാനം കൊണ്ട് കുടുംബത്തെ ഒരു വിധം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയില്‍ രോഗമോ മറ്റു പ്രാരാബ്ധങ്ങളോ വന്നാല്‍ യാതനകളുടെ നെല്ലിപ്പടി കയറേണ്ടുന്ന ദുരവസ്ഥ. ഇതിനിടക്കാണ് പെണ്‍കുട്ടികളുടെ വിവാഹ കാര്യം.
പെണ്‍മക്കള്‍ക്ക് നല്ലൊരു ഭാവി സ്വപ്‌നം കാണുന്ന രക്ഷിതാക്കള്‍. അത് സഫലീകരിക്കാന്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വില്ലനായി നില്‍ക്കുന്നത്.

കനലെരിയുന്ന നെഞ്ചുമായി അവസാനം അവര്‍ ആപതിക്കുന്നത് കടക്കുരുക്കിലോ പലിശക്കെണിയിലോ ആണ്. പള്ളിപ്പടികള്‍ കയറി കാരുണ്യം പ്രതീക്ഷിക്കുന്നവരും കുറവല്ല. നിരാശയോടെ പിന്‍വാങ്ങുന്നവരും എന്നെങ്കിലും ഒരു നാള്‍ ഒരു വഴി തെളിയുമെന്ന കാത്തിരിപ്പോടെ കഴിയുന്നവരുമുണ്ട്. ആ കാത്തിരിപ്പ് പെണ്‍കുട്ടികളുടെ പ്രായം 30ലും 35ലുമൊക്കെ എത്തിക്കുമ്പോള്‍ പ്രതീക്ഷയുടെ വേരുണങ്ങിപ്പോകുന്നു.
അരിച്ചും പെറുക്കിയും ഉള്ളതൊപ്പിച്ച് സഹപാഠികളും അയല്‍കാരികളുമെല്ലാം വിവാഹ ജീവിതത്തിലേറി സന്തോഷത്തോടെ കഴിയുമ്പോള്‍ ആരോരുമറിയാതെ കാണാതെ കണ്ണീരൊഴുക്കി നൊമ്പരപ്പെട്ട് ആയുസ്സ് തള്ളി നീക്കുന്ന പാവങ്ങള്‍ക്ക് സമൂഹമല്ലേ കൈതാങ്ങാവേണ്ടത്? പുരനിറഞ്ഞ് നില്‍ക്കുന്ന ഇരുപത്തഞ്ചും മുപ്പതും പ്രായമായ മക്കളെ കണ്ട് നെഞ്ചുരുകുന്ന, തേങ്ങിക്കരയുന്ന ഉമ്മമാര്‍ക്ക് നാം സമാധാനം നല്‍കേണ്ടതില്ലേ? സങ്കടക്കടലില്‍ മുങ്ങിത്താഴുന്ന ഉപ്പമാരെ നാമല്ലാതെ ആരാണ് സമാശ്വസിപ്പിക്കാനുള്ളത്?
തുടക്കത്തില്‍ കുറിച്ചിട്ട കരള് പൊള്ളിക്കുന്ന രണ്ട് ചിത്രങ്ങള്‍ നോക്കുക. പ്രായം ഒരുപാടുള്ള മകള്‍ക്ക് ഒരു പുതിയാപ്പിള തരപ്പെട്ടപ്പോള്‍ കണ്ണീരോടെ കയറി വരുന്ന ഉമ്മയെ നിരാശയോടെ തിരിച്ചയക്കാന്‍ സാധിക്കുമോ.? ജീവിതത്തിലിതുവരെ സ്വര്‍ണാഭരണം ധരിച്ചിട്ടില്ല എന്നതിലേറെ ഒരു പവന്‍ സ്വര്‍ണം കൊടുത്താല്‍ കിട്ടുന്ന ജീവിത സൗഭാഗ്യം കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും അതില്ലാത്തതിന്റെ പേരില്‍ നഷ്ടപ്പടുന്നതിന്റെ വ്യഥ എങ്ങനെ തീര്‍ക്കാനാവും? കയ്പ് നിറഞ്ഞ ദാരിദ്ര്യത്തിന്റെ കദനകഥകളില്‍ ഇനിയും ധാരാളം എഴുതാനുണ്ടെങ്കിലും ചുരുക്കുകയാണ്, ദൈര്‍ഘ്യം ഭയന്ന്. ലജ്ജ കാരണം തുറന്ന് പറയാനോ, പങ്കുവെക്കാനോ ആകാതെ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തുകയാണ് പലരും.
ഇവിടെയാണ് പാടന്തറ മര്‍കസും എസ് വൈ എസും സാന്ത്വന സ്പര്‍ശനവുമായി കടന്ന് വരുന്നത്. നിര്‍ധനരും നിരാലംബരുമായ 170 പെണ്‍കുട്ടികള്‍ക്ക് പുതുജീവിതത്തിന് അവസരമൊരുക്കികൊടുക്കുന്നത്. പാടന്തറ മര്‍കസില്‍ വെച്ച് നടക്കുന്ന ഈ വിവാഹം ചരിത്രതാളുകളില്‍ ഇടം നേടുമെന്നതില്‍ പക്ഷാന്തരമില്ല. തീര്‍ത്തും അര്‍ഹരാണെന്ന് ബോധ്യപ്പെട്ടവര്‍ക്ക് മാത്രമാണ് ഇടം നല്‍കിയിട്ടുള്ളത്. മുപ്പതോളം യതീമുകളുണ്ട്.

2014-ല്‍ പാടന്തറ മര്‍കസിന്റെ 20-ാം വാര്‍ഷികത്തിനോടനുബന്ധമായി 57 പെണ്‍കുട്ടികള്‍ക്കും, ദര്‍സിന്റെ 20-ാം വാര്‍ഷികം പ്രമാണിച്ച് 130 പെണ്‍കുട്ടിള്‍ക്കും മംഗല്യഹാരമണിയാന്‍ അവസരമുണ്ടായപ്പോള്‍ അവരുടെ കണ്ണുകളില്‍ നക്ഷത്ര തിളക്കമായിരുന്നു. സന്തോഷാശ്രു പൊഴിച്ചും, മനമുരുകി പ്രാര്‍ഥിച്ചുമാണ് അവരന്ന് സ്ഥാപനത്തിന്റെ പടിയിറങ്ങിയത്. സാദാത്തീങ്ങളും, ആലിമീങ്ങളുമടങ്ങുന്ന നേതൃത്വത്തിന്റെ പ്രാര്‍ഥനാ നിര്‍ഭരമായ അനുഗ്രഹീത സദസ്സ് കണ്ട് സന്തോഷത്താല്‍ മനം നിറഞ്ഞു ജനങ്ങള്‍ക്ക്.
ഈ വര്‍ഷം 100 കുട്ടികള്‍ക്ക് സഹായം നല്‍കണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും രണ്ടുകണ്ണിനും കാഴ്ചയില്ലാത്ത പെണ്‍കുട്ടിയുടെ അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ 101 ലേക്ക് കയറി. അതിപ്പോള്‍ 170 -ഒാളമായി. നിരസിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നത് മൂലം അവര്‍ സ്വപ്‌നം കണ്ടിരുന്ന സ്‌നേഹ ജീവിതം അവതാളത്തിലായിപ്പോവുകയോ, കല്ല്യാണം മുടങ്ങി വേദന താങ്ങാതെ മനം പൊട്ടിപോവുകയോ, ദിശമാറി സഞ്ചരിക്കുകയോ ചെയ്താലോ? ചിലരെങ്കിലും മകള്‍ക്ക് കൊടുക്കാന്‍ ആഭരണമില്ലാത്തതിന്റെ പേരില്‍ രണ്ടുമൂന്ന് തവണ വിവാഹ തിയ്യതി മാറ്റിയവരാണെന്നാണ് വിവരം. ആരാലും തിരിഞ്ഞുനോക്കാനില്ലാതെ വീടിന്റെ നാലു ചുമരുകള്‍ക്കിടയില്‍ വിങ്ങിപ്പൊട്ടുന്നവരും ഒരു നേരത്തെ ക്ഷുത്തടക്കാനാവാത്തതിനാല്‍ ദാരിദ്ര്യം കൊണ്ട് വീര്‍പ്പ് മുട്ടുന്നവരും കെട്ടിച്ചയക്കാത്ത നാലും അഞ്ചും പെണ്‍കുട്ടികളുടെ ദയനീയത നിറകണ്ണുകളോടെ മാത്രം കാണാന്‍ വിധിക്കപ്പെട്ടവരും, നിത്യരോഗം കാരണം കഷ്ടപ്പാടിന്റെ ഉച്ചിയില്‍ ആടി ഉലയുന്നവരുമൊക്കെയാവുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന കണ്‍തടങ്ങളുമായി നിരാശരായി അവരെ തിരിച്ചയക്കാന്‍ അത്ര കഠിന ഹൃദയരല്ലല്ലോ നാം മുത്തുനബി(സ)യുടെ ഉമ്മത്ത്.

സത്യവിശ്വാസിയെ സന്തോഷിപ്പിക്കുന്നത് സ്വദഖായാണെന്ന തിരുവചനത്താല്‍ പ്രചോദിതരായി എല്ലാം അല്ലാഹുവില്‍ തവക്കുലാക്കി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. ശൈഖുനയടക്കമുള്ള ശ്രേഷ്ഠ വ്യക്തികളുടെ പ്രാര്‍ഥനയും പ്രോത്സാഹനവും മുന്നോട്ട് പോകാന്‍ ഊര്‍ജം നല്‍കി. പാവങ്ങളുടെ കണ്ണീരൊപ്പാനും അവരെ സമാശ്വസിപ്പിക്കാനും കഴിയുക ചെറിയ കാര്യമല്ല. വഹ്‌യ് ലഭിച്ച് ഭയപ്പാടോടെ ഖദീജ (റ) യുടെ ചാരത്തണഞ്ഞ മുത്തുനബി(സ)യെ ബീവി സമാശ്വസിപ്പിച്ചത് ചരിത്ര പ്രസിദ്ധമാണ്: ‘അങ്ങ് ആലംബഹീനര്‍ക്ക് അവലംബവും അശരണര്‍ക്ക് അത്താണിയും ഗതിയില്ലാത്തവര്‍ക്ക് ഗതിയുണ്ടാക്കികൊടുക്കുന്നവരുമാണല്ലോ. അങ്ങയെ അല്ലാഹു കൈവിടുകയില്ല’ മഹതിയുടെ ആശ്വാസ വാചകങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുകയും, അവര്‍ക്ക് താങ്ങാവുകയും ചെയ്യുന്നവരോടൊപ്പം അല്ലാഹു ഉണ്ടാകുമെന്ന് തന്നെയല്ലേ. നബി(സ) പറഞ്ഞല്ലോ: ‘ഭൂനിവാസികളോട് നിങ്ങള്‍ കരുണ ചെയ്യുക എന്നാല്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോട് കരുണചെയ്യും.’ കാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും അതിന് ലഭിക്കുന്ന വലിയ പുണ്യങ്ങളെ വിവരിച്ചും ഇതുപോലുള്ള ധാരാളം ഹദീസുകളുണ്ട്. ഈ വാക്കുകള്‍ നെഞ്ചില്‍ വാങ്ങേണ്ടവര്‍ നാം തന്നെയല്ലേ.

നടന്നുതേഞ്ഞ കാല്‍ പാദങ്ങളും, മുതുക് വളഞ്ഞ ശരീരവുമായി പള്ളിത്തിണ്ണകളില്‍ യാചകരെ പോലെ കയറിയിറങ്ങുന്ന പിതാക്കള്‍ക്ക് തെല്ലൊരാശ്വാസം നല്‍കണം. കണ്ണീര് മാത്രം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ക്ക് പകരം ചിരിയുടെ പ്രഭ നിറഞ്ഞ സന്തോഷ നിമിഷങ്ങള്‍ പാവപ്പെട്ട ഉമ്മമാര്‍ക്ക് കിട്ടണം. കരി പുരണ്ട നാല് ഭിത്തിക്കുള്ളില്‍ കരിഞ്ഞുണങ്ങിയ കിനാക്കളുള്ള പെണ്‍മക്കള്‍ക്ക് ജീവസുറ്റ ജീവിതം കൊടുക്കണം. അതിന് സഹൃദയരുടെ കനിവ് വേണം. അഞ്ച് പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് ഒരു കുട്ടിക്ക് നല്‍കുന്നത്. പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണതയിലും, മരുച്ചൂടിന്റെ തീവ്രതയിലും പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഒരുപാട് സഹോദരന്മാര്‍ മുന്നിട്ട് വന്നിട്ടുണ്ട്.
നീലഗിരിയിലെ ജനങ്ങള്‍ സന്തോഷത്തിലാണ്. അതിലുപരി ആവേശത്തിലും. വീട്ടില്‍ ഒരാളുടെ വിവാഹമാണെങ്കില്‍ അവരുടെ സന്തോഷമെത്രയാണ്. പറഞ്ഞറിയിക്കാനാവാത്തത്ര അല്ലേ. 170 ഓളം പെണ്‍വീട്ടുകാരുടേയും അവരുടെ വരന്മാരുടേയും സന്തോഷ സംഗമ വേദിയാകുകയാണ് പാടന്തറ മര്‍കസ്. ഫെബ്രുവരി 12നാണ് ആ വിവാഹ സുദിനം. അതിന്റെ സന്തോഷം വര്‍ണനാതീതമായിരിക്കുമല്ലോ. അതിലപ്പുറം സാദാത്തീങ്ങളും, പണ്ഡിത ശ്രേഷ്ഠരും പ്രാര്‍ത്ഥനകളോടെ അനുഗ്രഹിക്കാനെത്തുമ്പോള്‍ ഇരട്ടി മധുരവുമായി.