Connect with us

Articles

'ഇങ്ങനെ പോയാല്‍ പാക്കിസ്ഥാന്‍ സാംസ്‌കാരിക തലസ്ഥാനമാകും'

Published

|

Last Updated

ഈ ശീര്‍ഷകത്തിന്റെ പകര്‍പ്പാവകാശം നമ്മുടെ കാലത്തെ കവിയും നിരൂപകനും ദാര്‍ശികനും ആയ സച്ചിദാനന്ദനാണ്. ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇരകളില്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍, കലാകാരന്‍മാര്‍, സ്വതന്ത്ര ചിന്തകര്‍, ദളിതര്‍, ആദിവാസികള്‍, സ്ത്രീവാദികള്‍, അനൗദ്യോഗിക സംഘടനകള്‍, പലതരം ന്യൂനപക്ഷക്കാര്‍, ഇവരെല്ലാം ഉള്‍പ്പെടുന്നു. എങ്കിലും ഒന്നാം സ്ഥാനക്കാര്‍ മുസ്‌ലിംകള്‍ തന്നെ. അവരോട് പാക്കിസ്ഥാനില്‍ അല്ലെങ്കില്‍ കബറിസ്ഥാനില്‍ പോകാനാണ് ചിലരൊക്കെ പറയുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല;

മതേതരത്വത്തിന് വേണ്ടി വാദിക്കുന്നവര്‍, അതിനായി തൂലിക ചലിപ്പിക്കുന്നവര്‍ അവരെയെല്ലാം കാത്തിരിക്കുന്നത് ഒന്നുകില്‍ പാക്കിസ്ഥാന്‍ അല്ലെങ്കില്‍ കബറിസ്ഥാന്‍ എന്ന് വരുന്നത് എത്ര കഷ്ടമാണെന്നാലോചിച്ച് നോക്കൂ. ആധുനിക ചിത്രകലയുടെ ആചാര്യനായി പ്രകീര്‍ത്തിക്കപ്പെടുന്ന എം എഫ് ഹുസൈന് ശരിക്കും സ്വന്തം നാടു വിട്ടു വിദേശത്തു പോയി മരിക്കേണ്ടി വന്നു. യു ആര്‍ അനന്തമൂര്‍ത്തിക്കു പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റു അയച്ചു കൊടുത്തു. ഗിരീഷ് കര്‍ണാട്, ഷാരൂഖാന്‍, നന്ദിതാ ബോസ്, ദീപാ മേത്ത, വെല്‍സി ടോനിഗര്‍, മേഘാകുമാര്‍, ഹബീസ് തന്‍വീര്‍, ഇതാ ഏറ്റവും ഒടുവില്‍ സംവിധായകന്‍ കമല്‍. ഇങ്ങനെ പാക്കിസ്ഥാനിലേക്കു മാറി താമസിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് കേവലം 31 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ അധികാരം കൈയാളുന്ന രാഷ്ട്രീയ കക്ഷികളുടെ അടുക്കള ജോലിക്കാര്‍.
നമ്മുടെ ബുദ്ധിജീവി മണ്ഡലത്തില്‍ ഇത്തരം വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനു മധ്യത്തില്‍ ആയിരുന്നു ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പതിറ്റാണ്ടുകള്‍ കേരളത്തെ പ്രതിനിധീകരിച്ച ഇ അഹമ്മദ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിക്കുന്നത്. മരണം അങ്ങനെയാണ്. അത് രംഗബോധം ഇല്ലാത്ത കോമാളിയെപ്പോലെ ആരുടെ അടുത്തേക്കും എപ്പോള്‍ വേണമെങ്കിലും കടന്നു വന്നേക്കാം. ദല്‍ഹിയിലെ വി ഐ പിമാര്‍ക്ക് നല്ല പരിചരണം ലഭിക്കുന്ന രാം മനോഹര്‍ലോഹ്യ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ തത്ക്ഷണം മാറ്റി. ഇത്രയും കൃത്യങ്ങളില്‍ ആര്‍ക്കും ആരെയും കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ ഇനി അങ്ങോട്ടു സംഭവിച്ച കൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് വിവാദങ്ങള്‍ പൊട്ടി വിടരുന്നത്.
ഇ അഹമ്മദ് സാഹിബ് ഹോസ്പിറ്റലിലെത്തുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു എന്നൊരു വിഭാഗം. ഇല്ല, തൊട്ടടുത്ത ദിവസം ക്രമീകരിച്ചിരിക്കുന്ന ബജറ്റ് അവതരണം തടസ്സപ്പെടും എന്നതിനാല്‍ മരണം ഒരു ദിവസം കൂടെ നീട്ടി വെക്കണമെന്ന നിര്‍ബന്ധം ഹോസ്പിറ്റല്‍ അധികൃതരുടെ മേല്‍ ഉന്നതങ്ങളില്‍ നിന്നാരോ കെട്ടിയിറക്കുന്നു. അതിനാണോ നമ്മുടെ ഈ കാലത്ത് വിഷമം? മരണം മാത്രമല്ല, ജനനവും നമ്മുടെ സൗകര്യത്തിന് അനുസരിച്ച് നേരത്തെയാക്കാനോ താമസിച്ചാക്കാനോ ഒന്നും ആധുനിക വൈദ്യശാസ്ത്രത്തിനു കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഇല്ല. ജനനം, മരണം തുടങ്ങിയ ജൈവപ്രതിഭാസങ്ങളെല്ലാം മനുഷ്യര്‍ക്ക് അവരുടെ സൗകര്യത്തിന് അനുസൃതമായി ക്രമീകരിക്കാന്‍ കഴിയുന്ന ഒരു കാലം. അതിന്നിതാ നമ്മുടെ ഇടയില്‍ ഒരു യാഥാര്‍ഥ്യമായി തീരുന്നു. ശരാശരി മനുഷ്യരുടെ കാര്യത്തില്‍ ഇതൊക്കെ ഇങ്ങനെയായിട്ട് കാലം കുറെയായി.

അതല്ല ഇന്ത്യയുടെ സമുന്നത നിയമ നിര്‍മാണ സഭയായ പാര്‍ലിമെന്റ് അംഗങ്ങളുടെ കാര്യം. അവിടെ സംഭവിക്കുന്നതെന്തും രാജ്യത്തിനു മുഴുവന്‍ മാതൃകയും കീഴ്‌വഴക്കവും ആകേണ്ടതല്ലേ? അതെ , … ഇതിനുള്ള ഉദാഹരണങ്ങള്‍ ധാരാളം. പണ്ട് ജയപ്രകാശ്‌നാരായണ്‍ ശരിക്കും മരിക്കുന്നതിനു മുമ്പ് തന്നെ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പാര്‍ലിമെന്റിനെ അറിയിക്കേണ്ടതായി വന്നു. നമ്മുടെ പത്രം ഓഫീസുകളില്‍ രാത്രി ഡ്യൂട്ടി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ ഉറക്കച്ചടവിനിടയില്‍ മരിച്ചവരുടെ പേരിനൊപ്പം തത്തുല്യ പേരുള്ള ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോ, ചരമക്കോളങ്ങളില്‍ കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഇത്തരം തെറ്റുകള്‍ അടുത്ത ദിവസത്തെ ഒരു ക്ഷമാപണം കൊണ്ട് പരിഹരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ അന്തരിച്ച രാത്രി അഹമ്മദിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചത് അശ്രദ്ധ മൂലമോ അനാദരവു മൂലമോ? ഇതാണ് കേരളീയര്‍ക്കറിയേണ്ടത്, കേരളത്തില്‍ നിന്നുള്ള നമ്മുടെ എല്ലാ പാര്‍ലിമെന്റേറിയന്‍മാരും ഏക സ്വരത്തില്‍ പറയുന്നു ഇത് അശ്രദ്ധയല്ല തികഞ്ഞ അനാദരവ് തന്നെ യെന്ന്. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും മറ്റേതൊരു മന്ത്രിമാരേക്കാളും സീനിയര്‍ ആയിരുന്ന അഹമ്മദിനോട് ഇത്രവലിയ അനാദരവ് കാണിച്ചത് ശരിയായില്ല. മകളുടെ കല്യാണം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നടക്കണമെന്നതിനാല്‍ അച്ഛന്റെ മരണം ഒളിച്ചു വെക്കുന്നതും ഭാര്യയുടെ ഗര്‍ഭസ്ഥശിശു നല്ല ജാതക വിധി പ്രകാരം ജനിക്കേണ്ടതിനു പ്രസവം മുന്‍കൂറാക്കുന്നതും, നീട്ടി വെക്കുന്നതും ഒക്കെ പതിവാണ്. ഈ പതിവ് നമ്മുടെ പരമോന്നത നിയമനിര്‍മ്മാണസഭയുടെ നടത്തിപ്പുകാരും പിന്തുടരുന്നത് തികച്ചും അധാര്‍മികമാണ്.

മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാനായിരുന്നു ഇത്തരം ഒരു നടപടി എന്ന അവകാശവാദം അസംബന്ധമാണ്. എത്രയോ കാലമായി നമ്മുടെ കേന്ദ്ര സംസ്ഥാന ബജറ്റ് അവതരണങ്ങള്‍ ശുദ്ധ അസംബന്ധ നാടകങ്ങളായി തുടരുന്നു. ആവശ്യക്കാര്‍ക്കു കാര്യങ്ങള്‍ മുന്‍കൂര്‍ ചോര്‍ത്തിക്കൊടുക്കുകയും അതിന് തക്കതായ പ്രതിഫലം മുന്‍കൂര്‍ പറ്റുകയും ചെയ്യുന്ന എത്രയെത്ര ധനകാര്യമന്ത്രിമാരുടെ പേരുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഒരു പാര്‍ലിമെന്റ് അംഗത്തിന്റെ കര്‍മ്മപഥം പാര്‍ലമെന്റ് ആണല്ലോ. ആ നിലക്കു ഇ അഹ്മദ് സാഹിബിന് ലഭ്യമാകുന്നതില്‍ ഏറ്റവും നല്ല മരണമാണ് അദ്ദേഹത്തെ തേടിയെത്തിയത്. സ്വന്തം കര്‍മമണ്ഡലത്തില്‍ പൂര്‍ണമായും വ്യാപൃതനായിരിക്കുമ്പോള്‍ മരണത്തിന്റെ മണിമുഴക്കം കേള്‍ക്കുക. എല്ലാം അവസാനിപ്പിച്ചു യാത്രയാകുക. ഈ ഒരൊറ്റക്കാര്യം കൊണ്ട് തന്നെ അന്തരിച്ച അഹമ്മദ് ചരിത്രത്തില്‍ എന്നും ഭാഗ്യസ്‌രണാര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടും എന്ന് തീര്‍ച്ച.

മരണം, യഥാസമയം പരസ്യപ്പെടുത്തിക്കൊണ്ട് പാര്‍ലിമെന്റ് സ്തംഭനം ഒഴിവാക്കിക്കൊണ്ടു തന്നെ വേണമെങ്കില്‍ പരേതാത്മാവിനോട് ആദരവ് പ്രകടിപ്പിച്ച് സമ്മേളനം ഒരു മണിക്കൂര്‍ നിര്‍ത്തി വെച്ചിട്ട് ബജറ്റ് അവതരിപ്പിക്കാമായിരുന്നു. സമ്മേളനം അത്രയും സമയം വരെ നീണ്ടു പോകും എന്നല്ലേ ഉള്ളൂ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതൊരു പുതിയ കീഴ്‌വഴക്കമെങ്കിലും ആകുമായിരുന്നു. അങ്ങനെയൊന്നും ചെയ്യാതെ, തങ്ങള്‍ക്ക് സൗകര്യപ്പെടുന്നതുവരെയും ഒരു മൃതദേഹത്തെ വെന്റിലേറ്ററില്‍ കുടുക്കിയിട്ട് സ്‌നേഹിതര്‍ക്കും ബന്ധുക്കള്‍ക്കും എന്തിനു സ്വന്തം മക്കള്‍ക്കു പോലും ദര്‍ശനം അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി എല്ലാവിധ വൈദ്യശാസ്ത്ര മര്യാദകള്‍ക്കും വിരുദ്ധമായിപ്പോയി. ഇതേക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഇതേക്കുറിച്ചുള്ള കോലാഹലം വരും ദിവസങ്ങളിലെ പാര്‍ലിമെന്റ് ചര്‍ച്ചകളിലും പ്രതിഫലിക്കാതിരിക്കില്ല.

ഒരു മുന്‍ മന്ത്രിയും എം പിയും ആയിരുന്ന വ്യക്തിയോടുള്ള അനാദരവ് എന്ന നിലയില്‍ മാത്രമായിരിക്കില്ല ഈ സംഭവം ചരിത്രത്തില്‍ ഇടം പിടിക്കുക. സമകാലിക ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം അപരത്വനിര്‍മിതിയുടെ ഭാഗമായി കൂടി ഇത് വിലയിരുത്തപ്പെടും. ആറ്റിങ്ങലില്‍ കടലില്‍ മീന്‍ പിടിക്കാന്‍ ഹിന്ദുക്കളെ മറ്റു സമുദായക്കാര്‍ അനുവദിക്കുന്നില്ല എന്ന ശശികല ടീച്ചറുടെ പ്രസ്താവന മുതല്‍, വി എച്ച് പി നേതാവ് സ്വാധി പ്രാച്ചി, ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്, ബി ജെ പി നേതാക്കന്‍മാരായ ഗിരിരാജ് സിംഗ്, മഹേഷ് ശര്‍മ, സാക്ഷി മഹാരാജ് തുടങ്ങി അടിക്കടി വര്‍ഗീയ ധ്രുവികരണം ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസ്താവനകളും അതേ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും അതിന്റെ മൂര്‍ധന്യത്തിലെത്തി നിന്നപ്പോഴാണ് ഒരു മുതിര്‍ന്ന മുസ്‌ലിം നേതാവ് ഇ അഹമ്മദിന്റെ മരണത്തെപ്പോലും വിവാദവിഷയമാക്കി കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും ഒടുവിലത്തെ നടപടി.

കേന്ദ്രത്തില്‍ ബി ജെ പി ഭരിക്കുന്നു എന്ന ധിക്കാരത്തിന്റെ മറവില്‍ നാട്ടില്‍ എവിടെയും എന്തും തങ്ങള്‍ക്ക് ബോധിച്ചതു പോലെ ചെയ്യാം എന്ന ധാര്‍ഷ്ട്യമാണ് പലയിടത്തും കാണുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും സി പിഎം ഭരിക്കുന്ന കേരളത്തിലേക്ക് ഒരു സ്വാമി എത്തി ഗോപൂജ എന്ന പ്രാകൃതമായ ഒരാചാരം നടത്തി ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ ചീമേനിയിലെ തുറന്ന ജയിലിലാണ് സ്വാമിയുടെ സാന്നിധ്യത്തില്‍ യൂണിഫോം ധരിച്ച കേരളത്തിലെ ജയില്‍ വകുപ്പുദ്യോഗസ്ഥര്‍ പശുത്തൊഴുത്തിനെ പൂജാസ്ഥലമാക്കി പശുവിന്റെ തലക്കു മുകളില്‍ ആരതിയര്‍പ്പിക്കുന്നതിന്റെയും ഗോമാതാവിനു ജയ് വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ഏതൊരു പ്രവര്‍ത്തിക്കും അതിന്റേതായ പ്രതിപ്രവര്‍ത്തനം ഉണ്ടാകും എന്നത് ഒരു ശാസ്ത്രനിയമം ആണ്. ഒരു വശത്തു നിന്നും ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചാക്രമിക്കുന്നു എന്ന തോന്നല്‍ മുറുകുമ്പോള്‍ മറുപക്ഷം വെറുതെ ഇരിക്കുമെന്ന് കരുതാനാകില്ല. അതിന് ഉദാഹരണമാണ് കോഴിക്കോട്ടെ മുജാഹിദ് നേതാവും സലഫി പ്രചാരകനും ആയ ഷംസുദ്ദീന്‍ പാലത്തിന്റെ ഒരു പ്രസംഗത്തില്‍ അയാള്‍, മുസ്‌ലിംകള്‍ മുസ്‌ലിംകളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളില്‍ അമുസ്‌ലിംകളെ ജോലിക്കു നിര്‍ത്തരുത്, അമുസ്‌ലിം കലണ്ടര്‍ ഉപയോഗിക്കരുത് എന്നിങ്ങനെയൊക്കെ പ്രസംഗിച്ചു കളഞ്ഞത്. ദേശീയ തലത്തില്‍ ഒന്നാംകിട നേതാക്കള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി നടത്തുന്ന പ്രസ്താവനകളേക്കാള്‍ അപകടകരമാണ്. താഴെ തലത്തിലുള്ള പ്രാദേശിക നേതാക്കളുടെ വര്‍ഗീയ ചേരിതിരിച്ചു നടത്തുന്ന ഇത്തരത്തിലുള്ള പ്രസംഗങ്ങളും പ്രസ്താവനകളും. അതു നമ്മുടെ നാട്ടില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മതസൗഹാര്‍ദവും പരസ്പര ബഹുമാനവും ഇല്ലാതാക്കുന്നു. അരഭ്രാന്തിനെ ചികിത്സിക്കാന്‍ മുഴുഭ്രാന്തിനെ ഉപയോഗിക്കുന്ന രീതി എല്ലാവരും ഉപേക്ഷിക്കണമെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന.