Connect with us

Gulf

ഖത്വര്‍- ഇന്ത്യാ വ്യാപാര ചരിത്രം പറയുന്ന പുസ്തകവുമായി ഖത്വരി ചരിത്രകാരന്‍

Published

|

Last Updated

പുസ്തകം പുറത്തിറക്കുന്നു

ദോഹ: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പ്രത്യേകമായി വിശകലനം ചെയ്യുന്ന ഖത്വറിന്റെ സാമൂഹിക, സാംസാകാരിക ചരിത്രം പറയുന്ന, ഖത്വരി ചരിത്ര ഗവേഷകന്‍ മുഹമ്മദ് അബദുല്ല സാദിഖിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി. ഖത്വരി സമൂഹത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ചരിത്രം അന്വേഷിക്കുന്ന പുസ്തകം ജി സി സി രാജ്യങ്ങളുമായുള്ള വ്യാപാര ചരിത്രം പൊതുവായി പരിഗണിക്കുമ്പോള്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പ്രത്യകമായി പഠനവിധേയമാക്കുന്നു.

“വ്യൂ ഓഫ് ദി പാസ്റ്റ്..ഫീച്ചേഴ്‌സ് ഓഫ് ദി ഹിസ്റ്ററി ഓഫ് ഖത്വര്‍” എന്ന ശീര്‍ഷകത്തിലാണ് ചരിത്ര പുസ്തകം തയാറാക്കിയിരിക്കുന്നത്. ചരിത്രത്തിലെ സുപ്രധാനഘട്ടങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളില്‍ രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം, സാമൂഹികം എന്നീ ഘടകങ്ങളെല്ലാം കടന്നു വരുന്നു. ഇന്ത്യയുമായി പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന മുത്ത്, മര വ്യാപാരത്തിന്റെ ചരിത്രത്തിലേക്കാണ് അന്വേഷണം പോകുന്നത്. കപ്പലുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിനാവശ്യമായിരുന്ന മരമുള്‍പ്പെടെയുള്ള സാമഗ്രികളുടെയും ഭക്ഷ്യോത്പന്നങ്ങളുള്‍പ്പെടെ സമുദ്രമാര്‍ഗത്തിലൂടെ നടന്നിരുന്ന ഇന്ത്യാ ഖത്വര്‍ വിനിമയത്തിന്റെ നാളുകളും പുസ്തകം വിവരിക്കുന്നു.

വിദ്യാഭ്യാസരംഗത്ത് രാജ്യത്തുണ്ടായ വളര്‍ച്ചുയുടെയും സാംസ്‌കാരിക മേഖലയിലെ അഭിവൃദ്ധിയുടെയും തുടക്കവും നാള്‍വഴികളും പുസ്തകം പരിശോധിക്കുന്നു. അല്‍ സുബാറ നഗരം കേന്ദ്രീകരിച്ചു നടന്നിരുന്ന വാണിജ്യ, സാംസ്‌കാരിക, ശാസ്ത്രീയ കാലഘട്ടത്തെ പുസ്തകം അപഗ്രഥിക്കുന്നു. 1774-1776 കാലഘട്ടത്തില്‍ അറേബ്യന്‍ ഗള്‍ഫിന്റെ തന്നെ ചരിത്രം സുബാറയില്‍ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. അടുത്ത കാലത്തായി കണ്ടെടുത്ത ഹിജ്‌റ 1221ല്‍ രചിക്കപ്പെട്ട ഖൈഖ് അഹ്മദ് ബിന്‍ റാശിദ് ബിന്‍ ജുമാ ബിന്‍ ഖമീസ് അല്‍ മിറൈഖി എഴുതിയ വലിയ ഖുര്‍ആന്‍, മറ്റു ഹസ്ത ലിഖിതങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മുഹമ്മദ് അബ്ദുല്ല തന്റെ പുസ്തകത്തില്‍ ഖത്വറിന്റെ ചരിത്രം വിശകലനം ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സാഹിതീയ രംഗത്തും കാവ്യ മേഖലയിലും രാജ്യത്തുണ്ടായ ചലനങ്ങള്‍ വിവരിക്കുന്ന പുസ്തകം, രാഷ്ട്രപിതാവ് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി പ്രമുഖനായ കവിയായിരുന്നുവെന്നതിനെ ചരിത്രവായനയിലൂടെ സ്ഥാപിച്ചു കൊണ്ടാണ് ഖത്വറിലെ കാവ്യ സ്വാധീനത്തെ വിവരിക്കുന്നത്. രാജ്യത്തെ കെട്ടിപ്പടുക്കുക എന്ന വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനം ശൈഖ് ജാസിം കാവ്യങ്ങളിലൂടെ രേഖപ്പെടുത്തി വെച്ചുവെന്ന് പുസ്തകം പറയുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഖത്വറില്‍ ജീവിച്ച കവികളുടെ പേരും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥശാലകളുടെ വികസനം, രാജ്യ പൈതൃകങ്ങളെയും സാമൂഹിക ജീവിതത്തെയും കുറിച്ചുള്ള മറ്റു രേഖകള്‍, ഭൂപടങ്ങള്‍, ചിത്രങ്ങള്‍ എന്നിവയും പുസ്‌കത്തിലുണ്ട്.
മ്യൂസിയങ്ങള്‍, നാണയങ്ങള്‍, നാടന്‍കലകള്‍, കരകൗശലങ്ങള്‍, പരമ്പരാഗത വ്യവസായം തുടങ്ങിയവയും വിവരിക്കുന്ന പുസ്തകത്തിന് 220 പേജുകളുണ്ട്. ദോഹയുടെ പഴയ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്വര്‍ മ്യൂസിയം നവീകരണ ജോലികളില്‍ പങ്കെടുത്തിട്ടുള്ള മുഹമ്മദ് അബ്ദുല്ലക്ക് ചരിത്ര, പുരാരേഖാ ഗവേഷണത്തിലാണ് താത്പര്യം.

 

Latest