Connect with us

Editorial

ജനാഭിലാഷത്തോടൊപ്പം നില്‍കണം

Published

|

Last Updated

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ മാറ്റിസ്ഥാപിക്കാനുള്ള ശ്രമം സംസ്ഥാനത്താകെ കൊണ്ടുപിടിച്ച് നടക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കുമാണ് പറിച്ചു നടല്‍. ഈ നീക്കത്തിനെതിരെ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പാണ് ഉയരുന്നത്. മദ്യശാലകള്‍ക്കെതിരെ രാഷ്ട്രീയ, ജാതി, മത വൈജാത്യങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങള്‍ ഒന്നടങ്കം ഐതിഹാസികമായ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും മതസംഘടനകളും ആത്മീയ നേതാക്കളും സമരത്തിന് നേതൃത്വം നല്‍കുന്നു. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഈ സമര മുന്നണിയില്‍ ഉണ്ട്. തിരുവനന്തപുരത്ത് നന്തന്‍കോട് തുറന്ന പുതിയ ഔട്ട്‌ലെറ്റ് പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച് പൂട്ടി. കൊല്ലത്ത് കൊട്ടിയത്ത് നാട്ടുകാര്‍ ആത്മാഹുതി ഭീഷണി മുഴക്കിയതോടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങാനായില്ല. കോഴിക്കോട് ബേപ്പൂരിലും മുക്കത്തും സമാന പ്രതിഷേധം അരങ്ങേറി. ഇവയെല്ലാം വാര്‍ത്തയില്‍ നിറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ചെറുതും വലുതുമായ നിരവധി പ്രതിരോധങ്ങള്‍ വേറെയും നടക്കുന്നുണ്ട്. വലിയൊരു ജനകീയ പ്രസ്ഥാനമായി അത് മാറുകയാണ്. മാര്‍ച്ച് 31ന് മുമ്പ് സുപ്രീം കോടതി വിധി നടപ്പാക്കണമെന്നിരിക്കെ ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ ബിവറേജസ് കോര്‍പറേഷന്‍ പോലീസ് സംരക്ഷണം തേടിയിരിക്കുന്നു. പഞ്ചായത്തിനെയടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാതെയും പലതരം കുതന്ത്രങ്ങള്‍ നടത്തിയുമാണ് അധികൃതര്‍ മാറ്റിസ്ഥാപിക്കലിന് ഇറങ്ങിയിരിക്കുന്നത്. തൃശൂര്‍ ചിറ്റിശ്ശേരിയില്‍ ഗ്രാനൈറ്റ് ഗോഡൗണ്‍ രായ്ക്കുരാമാനം മദ്യവില്‍പ്പന ശാലയായത് ഇതിന് ഉദാഹരണമാണ്.
ബിവറേജസ് കോര്‍പറേഷന്റെ 272 ഔട്ട്‌ലെറ്റുകളില്‍ 115 എണ്ണവും ദേശീയ, സംസ്ഥാന പാതയോരങ്ങളിലാണ്. ഇതില്‍ 25 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ഇതുവരെ മാറ്റാനായത്. മാറ്റിയത് ജനരോഷം മൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശീയ, സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവിനുള്ളിലുള്ള മദ്യശാലകളെല്ലാം അടച്ചുപൂട്ടണമെന്നാണ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പാതയോരങ്ങളില്‍ മദ്യശാലകളുടെ ബോര്‍ഡുകളും പരസ്യങ്ങളും പാടില്ലെന്നും സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിധിയില്‍ മാഹിക്ക് മാത്രമായി ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അവിടുത്തെ മദ്യവ്യവസായി സംഘടന നല്‍കിയ ഹരജി സുപ്രീം ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് തള്ളിയതോടെ ഈ വിധി കുറേക്കൂടി ബലപ്പെട്ടു. ഇത്തരത്തില്‍ ഇളവനുവദിച്ചാല്‍ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്ത് വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. റിവ്യൂ ഹരജി നല്‍കുന്നത് ബുദ്ധിയാകില്ലെന്നാണ് എക്‌സൈസ് വകുപ്പിന് ലഭിച്ചിട്ടുള്ള നിയമോപദേശം. സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍ പാര്‍ലറുകളും ബാറുകളും പൂട്ടേണ്ടി വരുമെന്നും നിയമസെക്രട്ടറി സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരിക്കുന്നു. കൊച്ചിയിലെ അഞ്ചു പഞ്ചനക്ഷത്ര ബാറുകളും കോടതിവിധി പ്രകാരം അടച്ചുപൂട്ടേണ്ടി വരുമെന്നും സംസ്ഥാനത്ത് ബാറുകളും ബിയര്‍ പാര്‍ലറുകളുമടക്കം 204 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരുമെന്നും നിയമോപദേശത്തില്‍ പറയുന്നു.
വിധിയില്‍ പഴുതുകള്‍ കണ്ടെത്താനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ട്. ലിക്കര്‍ ഷോപ്പ് എന്ന പ്രയോഗത്തിന്റെ പരിധിയില്‍ ബാറുകളും കള്ളു ഷാപ്പുകളും വരില്ലെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ചെപ്പടിവിദ്യകളൊന്നും വിജയിക്കാന്‍ പോകില്ലെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഈ നീക്കത്തിനെതിരെ ഉയര്‍ന്നു വരുന്ന ചെറുത്തു നില്‍പ്പുകള്‍ക്ക് നാടിന്റെയാകെ പിന്തുണ ലഭിക്കേണ്ട ഘട്ടമാണിത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മാത്രമായി ബാറുകളെ പരിമിതപ്പെടുത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. പുതിയ വിധി കൂടിയാകുമ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക് നടന്നടുക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പഞ്ചായത്തുകള്‍ക്കുള്ള അധികാരം കൃത്യമായി ഉപയോഗിച്ചാല്‍ തന്നെ പറിച്ചു നടല്‍ പ്രക്രിയ തടയാനാകും. വരുമാന നഷ്ടമെന്ന ന്യായം മുന്നോട്ട് വെക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജനാഭിലാഷത്തോടൊപ്പം നില്‍ക്കണം. മദ്യവര്‍ജനമാണല്ലോ സര്‍ക്കാറിന്റെ പ്രഖ്യാപിത നയം. അപ്പോഴെങ്ങനെയാണ് ജനങ്ങളുടെ ഈ മുറവിളി ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുക. മദ്യത്തിനെതിരായ ബോധവത്കരണത്തിന് കോടികള്‍ ഇടിച്ചു തള്ളുന്നുണ്ടല്ലോ. എല്ലാ തിന്‍മകളുടെയും ശൈഥില്യങ്ങളുടെയും പ്രഭവ കേന്ദ്രമാണ് മദ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മദ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയെന്നത് തന്നെയാണ് പോംവഴിയെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. സമൂഹത്തിന്റെ സ്വാസ്ഥ്യം തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നാട്ടിലാകെ നടക്കുന്നത്. ഇത്തരം സമര മുന്നണിയില്‍ നിലകൊള്ളുന്ന മനുഷ്യ സ്‌നേഹികള്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാവരും തയ്യാറാകണം. ഈ സമരത്തില്‍ അണിചേരുകയെന്നത് വിശ്വാസികളുടെ മതപരമായ ബാധ്യതയാണ്.
ഇവിടെ ഒരു കാര്യം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. മദ്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ മറ്റ് ലഹരി വസ്തുക്കള്‍ രംഗം കൈയടക്കുന്നുണ്ട്. അതിന്റെ കൈമാറ്റവും വ്യാപനവും അതി നിഗൂഢമായാണ് നടക്കുന്നത്. മദ്യത്തിനെതിരെയുള്ളതിനേക്കാള്‍ യോജിച്ച ചെറുത്തു നില്‍പ്പ് നടക്കേണ്ടത് ഈ രംഗത്താണ്. ലഹരി വ്യാപനത്തിനെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കുമ്പോള്‍ എല്ലാ വിധത്തിലുമുള്ള സഹായം നല്‍കാന്‍ സമൂഹം തയ്യാറാകണം. സ്വബോധമുള്ള ഒരു തലമുറ ഇവിടെ അവശേഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരുടെയും ഐക്യനിര ഉയര്‍ന്ന് വരണം.

Latest