കുവൈത്ത്: വിദേശികള്‍ക്കെതിരെ വീണ്ടും അക്രമം

Posted on: February 1, 2017 4:02 pm | Last updated: February 1, 2017 at 4:00 pm
SHARE

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന അബ്ബാസിയയില്‍ വിദേശികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് അറുതിയായില്ല. ഇരുപതോളം കാറുകളുടെ ടയര്‍ കുത്തിക്കീറിയതാണ് ഒടുവിലെ സംഭവം. ഒരു സ്വകാര്യ സ്‌കൂളിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ടയറുകളാണ് അക്രമികള്‍ നശിപ്പിച്ചത്. നെടുകെയും കുറുകെയും കുത്തിക്കീറിയതിനാല്‍ ഇവ ഇനി മാറ്റുകയല്ലാതെ വഴിയില്ല. പല കാറിന്റെയും നാലു ടയറുകളും നശിപ്പിച്ചു.

റോഡരികില്‍ പാര്‍ക്കിങ് നിരോധിച്ച് ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് ആളുകള്‍ ഗ്രൗണ്ടുകളില്‍ വാഹനം നിര്‍ത്തിയിടുന്നത് ശീലമാക്കിയത്. റോഡരികില്‍ നിര്‍ത്തിയാല്‍ അധികൃതര്‍ നമ്പര്‍പ്‌ളേറ്റ് ഊരിക്കൊണ്ടുപോവുന്നുണ്ട്. ഒരു മാസത്തിനിടെ അബ്ബാസിയയില്‍ വിദേശികള്‍ അതിക്രമത്തിനിരയായത് നിരവധി തവണയാണ്. ശാരീരികമായ കൈയേറ്റങ്ങളും കവര്‍ച്ചയും ഏറെയുണ്ടായി.

ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഫര്‍വാനിയ ഗവര്‍ണറും പൊലീസും ഉറപ്പുനല്‍കിയതിന് ശേഷവും വിദേശികള്‍ ഇവിടെ ഭീതിയോടെ കഴിയുന്ന സ്ഥിതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here