Connect with us

Gulf

സഊദിയില്‍ വാറ്റിന് അന്തിമാനുമതി

Published

|

Last Updated

ദമ്മാം: സഊദിയില്‍ 2018 മുതല്‍ പ്രാദേശികാടിസ്ഥാനത്തില്‍ തോതനുസരിച്ച് മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ റിയാദ് അല്‍ യമാമ പാലസില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അന്തിമാനുമതി നല്‍കി. സഊദി, യു.എ.ഇ, ഒമാന്‍, ഖത്വര്‍, ബഹ്‌റൈന്‍, കുവൈറ്റ് അടങ്ങുന്ന ഗള്‍ഫ് കൗണ്‍സില്‍ കോര്‍പറേഷനിലെ ആറു രാജ്യങ്ങളിലും ഏകീകൃത കരാറ് അനുസരിച്ച് മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കാനുള്ള തീരുമാനമാണ് അംഗീകരിച്ചതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2017 ബജറ്റില്‍ വാറ്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. എണ്ണയിതര സ്രോതസ്സുകളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള സൗദി ദേശീയ പരിവര്‍ത്തന പദ്ധതിതിയുടെ ഭാഗമായി വിവിധ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് പ്രാബല്യത്തില്‍ വരുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എണ്ണ വരുമാനത്തില്‍ മാത്രം ആശ്രയിക്കുന്നതിന് പകരം മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിനായി അടുത്തിടെയാണ് പരിവര്‍ത്തന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി പൊതുമേഖലയിലെ വേതനയിനത്തില്‍ വരുന്ന ചെലവും രാജ്യത്തെ എണ്ണ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളും വന്‍തോതില്‍ സഊദി വെട്ടിക്കുറച്ചിരുന്നു. അതിനു പുറമെയാണ് 2018 മുതല്‍ രാജ്യത്ത് മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താനും മറ്റു ജിസസി രാജ്യങ്ങള്‍ക്കൊപ്പം അംഗീകാരം നല്‍കിയിട്ടുള്ളത്. ഏകീകൃത കരാര്‍ പ്രകാരം കഴിഞ്ഞ ജൂണ്‍ മുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ചില ഉല്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിതനല്‍കിയിട്ടുണ്ട്. എക്‌സൈസ് നികുതിയും വാറ്റും ഏര്‍പ്പെടുത്തുന്നതിലൂടെ വരുമാനം ഉയര്‍ത്തി അന്താരാഷ്ട്ര നാണയ നിധിക്കൊപ്പം നില്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പ്രാദേശിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയ താഴ്ന്ന് ക്രൂഡ് ഓയില്‍ വിലയെ പിടിച്ചു നിര്‍ത്തുന്നതിനുള്ള ഉപാധിയായി കണ്ടിരുന്നെങ്കിലും സ്വകാര്യ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്ന ടാക്‌സ് സംവിധാനം പ്രാബല്യത്തില്‍ വരാന്‍ മതിയായ മുന്നൊരുക്കം വേണമെന്നതിനാലാണ് 2018 വരെ സാവകാശം അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

യു.എ.ഇ യും കുവൈറ്റും ഒമാനും നേരത്തെ തന്നെ നികുതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുകയില ഉല്പന്നങ്ങള്‍ക്കും ലഘുപാനീയങ്ങള്‍ക്കും ഈ വര്‍ഷം മുതല്‍ തന്നെ നിര്‍ണ്ണിത നികുതി ഏര്‍പ്പെടുത്താന്‍ ജി.സി.സി രാഷ്ട്രങ്ങള്‍ ആദ്യമേ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സൗദിയില്‍ സ്വദേശികളുടെയോ വിദേശികളുടേയോ വരുമാനത്തിനും വിദേശത്തേക്കയക്കുന്ന പണത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ശൂറാകൗണ്‍സിലും ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാനും കഴിഞ്ഞ ദിവസമാണ് തള്ളിയത്. നികുതി നിയന്ത്രണങ്ങളില്ലാത്തതാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെ ആകര്‍ഷിപ്പിക്കുന്നത്. എന്നാല്‍ എണ്ണവിലത്തകര്‍ച്ചയാണ് നികുതി ഏര്‍പ്പെടുത്തി മറ്റു വരുമാനമാര്‍ഗങ്ങളിലേക്ക് കടക്കാന്‍ സഊദിയെ പ്രേപിപ്പിച്ചത്. ഇത് മലയാളികളടക്കം വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നതില്‍ തര്‍ക്കമില്ല.