Connect with us

Gulf

കുവൈത്ത് അബ്ബാസിയയില്‍ വീണ്ടും വിദേശികള്‍ക്കെതിരെ അക്രമം

Published

|

Last Updated

കുവൈത്ത് സിറ്റി: അബ്ബാസിയയില്‍ വിദേശികള്‍ക്കെതിരെ ആക്രമണം ആവര്‍ത്തിക്കുന്നു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിനടുത്ത് ശനിയാഴ്ച രാവിലെ വിദേശിയായ ഗര്‍ഭിണി ആക്രമണത്തിനിരയായി.
ബാഗ് തട്ടിപ്പറിച്ചോടിയ അക്രമിയെ ചെറുക്കുന്നതിനിടെ വയറടിച്ച് വീണ ഇവര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. സ്‌കാനിംഗില്‍ പ്രശ്‌നമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇവര്‍ ആശുപത്രി വിട്ടിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലെ നഴ്‌സാണ് ഇവര്‍. സമീപത്തെ ബേബി സിറ്റിംഗില്‍ കുട്ടിയെ കൊണ്ടുവിട്ട് മടങ്ങുമ്പോഴാണ് അതിക്രമത്തിനിരയായത്. രണ്ടു കെട്ടിടത്തിനിടയിലുള്ള വഴിയിലൂടെ നടന്നുപോവുമ്പോഴാണ് അക്രമി ബാഗ് തട്ടിപ്പറിച്ചത്.

സമീപത്തെ കെട്ടിടനിര്‍മാണ തൊഴിലാളികളായ ഈജിപ്ത് സ്വദേശികള്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാല്‍, മല്‍പിടിത്തത്തിനിടെ ഇയാള്‍ ബാഗ് ഉപേക്ഷിച്ചു. ഈജിപ്ത് സ്വദേശികള്‍ ബാഗ് ബക്കാലയില്‍ ഏല്‍പിച്ചതിനെ തുടര്‍ന്ന് നഴ്‌സിന്റെ താമസരേഖകളും മറ്റും തിരിച്ചുകിട്ടി. ഒരു മാസത്തിനിടെ നിരവധി വിദേശികളാണ് അബ്ബാസിയയില്‍ കവര്‍ച്ചക്കിരയായത്. ഇവരില്‍ അധികവും ഇന്ത്യക്കാരുമായിരുന്നു.

പൗരത്വമില്ലാത്ത സ്വദേശി യുവാക്കളാണ് കവച്ചക്ക് പിന്നിലെന്നാണ് സൂചന. ഇന്ത്യന്‍ അംബാസ്സഡറുടെ ഇടപെടലിനെ തുടര്‍ന്ന് , ശക്തതമായ പോലീസ് നിരീക്ഷണം ഉണ്ടാവുമെന്ന് ഫര്‍വാനിയ ഗവര്‍ണര്‍ ഉറപ്പ് നല്‍കിയ ശേഷവും അക്രമങ്ങള്‍ തുടരുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നുണ്ട്.