Connect with us

Kerala

പതിവിലും നേരത്തെ വേനല്‍ കടുത്തു; പടര്‍ന്നു പിടിച്ച് പകര്‍ച്ച വ്യാധികളും

Published

|

Last Updated

തൃശൂര്‍: പതിവിലും മുമ്പേ വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും വ്യാപകമായി. വേനല്‍ക്കാല രോഗങ്ങളായ ചിക്കന്‍ പോക്‌സും അതിസാരവുമുള്‍പ്പെടെയുള്ളവയാണ് പടരുന്നത്. ചിക്കന്‍പോക്‌സ് പിടിപെട്ട് ഇന്നലെ മാത്രം 118 ഉും അതിസാരം ബാധിച്ച് 1096 ഉം പേരാണ് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ ദിവസം 166 പേര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചിരുന്നു.

ഇത്തവണ നേരത്തെ വേനല്‍ ചൂടേറി തുടങ്ങിയതോടെ നവംബര്‍- ഡിസംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. സാധാരണ ഗതിയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള രോഗങ്ങളാണ് ജനുവരി ആദ്യം മുതലെ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ മാസം മാത്രം 2597 പേര്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടതായാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ മാത്രം കണക്കാണിത്. ഇവരിലൊരാള്‍ മരിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരാകട്ടെ ഇതിന്റെ ഇരട്ടിയിലുമധികം വരും.
പ്രതിദിനം നൂറിലേറെ പേര്‍ ചിക്കന്‍ പോക്‌സിനു ചികിത്സ തേടിയെത്തുമ്പോള്‍ ആയിരത്തില്‍ പരം രോഗികളാണ് അതിസാരവുമായെത്തുന്നത്. ഈ മാസം ഇന്നലെ വൈകിട്ട് വരെ 24,643 പേരാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും വേനല്‍ച്ചൂടിലുണ്ടാകുന്ന ഒരുതരം വൈറസ് ബാധയെ തുടര്‍ന്നാണ് ചിക്കന്‍ പോക്‌സ് ഉണ്ടാകുന്നതെങ്കില്‍ മലിനജലത്തിന്റെ ഉപയോഗം മൂലം കണ്ടുവരുന്നതാണ് അതിസാര രോഗങ്ങള്‍. ശുദ്ധജലം കിട്ടാക്കനിയാവുന്ന കൊടും വേനലിലും കാലവര്‍ഷത്തിലുമാണ് അതിസാര രോഗങ്ങള്‍ ഇത്രയധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.
ഇതിനു പുറമെ 1,50,066 പേര്‍ വൈറല്‍ പനിയും 354 പേര്‍ ഡെങ്കിപ്പനിയും 228 പേര്‍ മുണ്ടിനീരും ബാധിച്ച് ഈ മാസം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 22 പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് ചിക്കന്‍ ഗുനിയയും 61 പേര്‍ക്ക് തൈറോയ്ഡും, 23 പേര്‍ക്ക് ചെള്ളു പനിയും കണ്ടെത്തി. എച്ച് വണ്‍, എന്‍ വണ്‍ സ്ഥിരീകരിച്ച 12 പേരില്‍ ഒരാള്‍ മരിച്ചു. ഇത്തരം മാരക പകര്‍ച്ച വ്യാധികളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ഇത്തവണ വര്‍ഷാരംഭത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിവിലും നേരത്തെ വേനല്‍ച്ചൂട് ഇത്തരത്തില്‍ ഉയര്‍ന്നും തുടങ്ങിയത് വരള്‍ച്ചാ പ്രത്യാഘാതങ്ങള്‍ക്കൊപ്പം പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമിടയാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ അനുഭവപ്പെടാറുള്ള ഉയര്‍ന്ന സൂര്യതാപവും ദിനംപ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്നതും ആശങ്കക്കിടയാക്കുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ താപനില ഇന്നലെ 36 ഡിഗ്രി സെല്‍ഷ്യസും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസിനും 36 ഡിഗ്രിക്കുമിടയിലും രേഖപ്പെടുത്തി. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു ഇന്നലത്തെ ഉയര്‍ന്ന താപനില.
സാധാരണ നിലയില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി വേനല്‍ച്ചൂട് ശക്തിപ്പെടുമ്പോള്‍ കണ്ടുവരാറുള്ള വേനല്‍ക്കാല രോഗങ്ങള്‍ തൊട്ടടുത്ത മാസങ്ങളില്‍ വേനല്‍മഴ ലഭിച്ച് ചൂട് കുറയുന്നതോടെ ശമിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ജനുവരിയില്‍ തന്നെ ചൂട് കൂടിയത് വേനലിന്റെ ദൈര്‍ഘ്യവും വേനല്‍ക്കാല പകര്‍ച്ച വ്യാധികളുടെ വ്യാപനവും വലിയ തോതില്‍ കൂടാനിടയാക്കുന്നതായി ആരോഗ്യ വകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.