ഭീകരസംഘടനകള്‍ ഇസ്‌ലാമിന്റെ മുഖംകെടുത്തി: ശൈഖ് സുല്‍ത്താന്‍

>>ശരിയായ മാര്‍ഗദര്‍ശനത്തിലൂടെ പുതുതലമുറയെ സംരക്ഷിക്കാം
Posted on: January 24, 2017 10:36 pm | Last updated: January 24, 2017 at 10:36 pm
ഷാര്‍ജ ടെലിവിഷന്റെ മുഖാമുഖം പരിപാടിയില്‍ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സംസാരിക്കുന്നു

ഷാര്‍ജ: മുസ്‌ലിം നാമധാരികള്‍ നയിക്കുന്ന ഭീകരസംഘടനകള്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖം കെടുത്തിയെന്ന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രസ്താവിച്ചു. ഷാര്‍ജ ടെലിവിഷന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജ്ഞാന (ജാഹിലിയ്യ) കാലത്തെ അരുതായ്മകളുടെ പുതിയ പതിപ്പുകളാണ് ഇന്ന് ഇസ്‌ലാമിന്റെ പേരില്‍ കാണുന്ന മുഴുവന്‍ ഭീകരവാദസംഘടനകളും. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മയുടെയും ക്ഷേമത്തിന്റെയും പേര് പറഞ്ഞ് ഇത്തരം സംഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വരെ മുസ്‌ലിംകളും മുസ്‌ലിം രാജ്യങ്ങളും സമാധാനത്തിലും ക്ഷേമത്തിലുമായിരുന്നു. അധര്‍മകാരികളായ ഇവരുടെ വരവോടെ മുസ്‌ലിംകള്‍ക്കും അവരുടെ നാടുകളിലും അസ്വസ്ഥതയും അരാജകത്വവും പ്രകടമായി, ശൈഖ് സുല്‍ത്താന്‍ വിശദീകരിച്ചു.

ശരിയായ മതബോധവും പരിചരണവും ഉറപ്പുവരുത്തുന്നതിലൂടെ ഇത്തരം അപകടകരമായ പ്രസ്ഥാനങ്ങളില്‍നിന്ന് പുതുതലമുറയെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കുടുംബം നന്നാവുന്നതിലൂടെ മാത്രമേ സമൂഹനന്മ പ്രതീക്ഷിക്കാവൂ. കുടുംബത്തിലെ ഓരോ അംഗവും നമ്മുടെ പഴമയിലേക്ക് തിരിച്ചുപോകണം. എങ്കിലേ കുടുംബത്തിന്റെ നന്മ സാധ്യമാകൂ, ശൈഖ് സുല്‍ത്താന്‍ ഓര്‍മിപ്പിച്ചു.