സമസ്ത ഉലമാ സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു

Posted on: January 24, 2017 12:15 am | Last updated: January 24, 2017 at 12:15 am
SHARE
സമസ്ത ഉലമ സമ്മേളനത്തന്റെ സ്വാഗത സംഘം ഓഫീസ് തൃശൂരില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: സുന്നത്ത് ജമാഅത്തിനും രാജ്യ നന്മക്കും അനിവാര്യമായ വിഷയങ്ങളായിരിക്കും സമസ്ത ഉലമ സമ്മേളനം ചര്‍ച്ച ചെയ്യുകയും പഠന വിധേയമാക്കുകയും ചെയ്യുകയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് ആദ്യവാരം തൃശൂരില്‍ നടക്കുന്ന സമസ്ത ഉലമ സമ്മേളനത്തിന്റെ സ്വാഗത സംഘം ആസ്ഥാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിന്റെ ആഗമനത്തിന് ഇന്ത്യയില്‍ വരവേല്‍പ്പ് നല്‍കിയ തൃശൂരിന്റെ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും ആവാഹിച്ച് മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് തീയ്യതികളിലാണ് താജുല്‍ ഉലമ നഗറില്‍ ഉലമ സമ്മേളനം നടക്കുക. സമ്മേളനത്തിനെത്തുന്ന പണ്ഡിതര്‍ക്ക് ആതിഥ്യമരുളാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് ഏഴ് ബ്ലോക്കുകളിലായി പതിനേഴ് ഉപസമിതികളാണ് നിലവിലുള്ളത്.
ആധുനിക സംവിധാനങ്ങളോടുകൂടി സജ്ജീകരിച്ച ഓഫീസ് സമ്മേളനം കഴിയുന്നതുവരെ മുഴു സമയവും പ്രവര്‍ത്തിക്കും. ചടങ്ങില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി കെ ബാവദാരിമി, സയ്യിദ് സൈനുദ്ദീന്‍ സഖാഫി കൂരിക്കുഴി, പി എസ് കെ മൊയ്തു ബാഖവി മാടവന പ്രസംഗിച്ചു.

ലൗഷോര്‍ ഹംസ ഹാജി, മുത്തുഹാജി എരുമപ്പെട്ടി, അഡ്വ. പി യു അലി, എം എം ഇബ്‌റാഹിം ഹാജി, കെ ബി ബഷീര്‍ മുസ്‌ലിയാര്‍, ഇസ്ഹാഖ് ഫൈസി, മുഹമ്മദലി സഅദി, നാട്ടിക ഉമര്‍ഹാജി, മലായ അബൂബക്കര്‍ ഹാജി, വി സി ഉമര്‍ ഹാജി, അബ്ദുല്ലകുട്ടി ഹാജി പെരിങ്ങോട്ടുകര സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി സ്വാഗതവും എം വി എം അശ്‌റഫ് ഒളരി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here