ഖത്വറില്‍ പുതിയ 12 ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുമതി

Posted on: January 23, 2017 7:52 pm | Last updated: January 23, 2017 at 7:52 pm

ദോഹ: സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങുന്നതിന് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ 12 ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂള്‍ വിഭാഗം മേധാവി ഹമദ് അല്‍ഗാലി വ്യക്തമാക്കി. ആകെ 63 പുതിയ സ്വകാര്യ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള അപേക്ഷകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌കൂളുകള്‍ക്കു പുറമേ 23 ബ്രിട്ടീഷ് സ്‌കൂളുകള്‍, 13 അമേരിക്കന്‍ സ്‌കൂളുകള്‍, ദേശീയ പാഠ്യപദ്ധതിയനുസരിച്ചുള്ള എട്ട് സ്‌കൂളുകള്‍, കനേഡിയന്‍, ഫ്രഞ്ച്, ലബ്‌നാനി കരിക്കുലങ്ങളനുസരിച്ചുള്ള ഓരോ സ്‌കൂളുകള്‍, രണ്ട് വീതം ഈജിപ്ഷ്യന്‍, ടുണീഷ്യന്‍ സ്‌കൂളുകള്‍ എന്നിവക്കാണ് അംഗീകാരം നല്‍കിയതെന്ന് ഹമദ് അല്‍ ഗാലിയെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ജൂണ്‍ 30നുള്ളില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തീകരിക്കുന്ന സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം തുറക്കുന്നതായി പ്രഖ്യാപിക്കും. മന്ത്രാലയത്തിന്റെ എല്ലാ വിദ്യാഭ്യാസ നിബന്ധനകളും പാലിച്ചുവെന്ന് ഉറപ്പുവരുത്തുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. അറബി ഭാഷ, ഇസ്‌ലാമിക പരിശീലനം, ഖത്വര്‍ ചരിത്രം എന്നീ മൂന്ന് വിഷയങ്ങള്‍ സ്വകാര്യ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു. അനുമതി ലഭിച്ച സ്‌കൂളുകളുടെ വിവിരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മൂന്ന് വര്‍ഷത്തെ സമ്പൂര്‍ണ പ്രവര്‍ത്തന പദ്ധതി മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിനു സമര്‍പ്പിക്കണമെന്നതാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള നിബന്ധനയില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹമദ് അല്‍ഗാലി പറഞ്ഞു. വിദ്യാര്‍ഥികളുടെ എണ്ണം, അതിന് അനുസരിച്ചുള്ള കെട്ടിടങ്ങളുടെ വലുപ്പം, വിദ്യാര്‍ഥികളുടെ സ്വീകരണ, പ്രവേശന സംവിധാനം, വിദ്യാഭ്യാസ കലന്‍ഡര്‍, സ്‌കൂളില്‍ നടപ്പിലാക്കുന്ന സ്വഭാവ മര്യാദകള്‍, പാഠ പുസ്തകങ്ങള്‍, മറ്റു വിദ്യാഭ്യാസ ഘടകങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കണം.
സാമൂഹിക മൂല്യങ്ങളെ ലംഘിക്കുന്ന പാഠ പുസ്തകങ്ങളും പാഠ്യ പദ്ധതിയും നിര്‍ത്തലാക്കാനും ഭേദഗതി ചെയ്യാനും വിദ്യാഭ്യാസ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കുമെന്ന് ഹമദ് അല്‍ഗാലി ഓര്‍മപ്പെടുത്തി. ഇന്റര്‍നാഷനല്‍ എക്‌സാമിനേഷന്‍ പോലെയുള്ള മന്ത്രാലയത്തിന്റെ പരിപാടികളില്‍ സ്വകാര്യ സ്‌കൂളുകള്‍ സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.