സഊദിയില്‍ എടിഎമ്മുകള്‍ ആറു മാസത്തേക്ക് പുതിയ കറന്‍സികള്‍ സ്വീകരിക്കില്ല

Posted on: January 22, 2017 9:55 am | Last updated: January 22, 2017 at 9:55 am
SHARE

ദമ്മാം: സഊദിയില്‍ പുതുതായി അടിച്ചിറക്കിയ കറന്‍സികള്‍ എടിഎമ്മുകള്‍ സ്വീകരിക്കാന്‍ ഇനിയും ആറുമാസമെങ്കിലും സമയമെടുക്കുമെന്ന് ബാങ്കുകള്‍. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ വിവിധഘട്ടങ്ങളിലാണ് ഏല്‍പ്പിക്കപ്പെട്ട അന്താരാഷ്ട്ര കമ്പനികള്‍. ഇത്തരത്തിലുള്ള മൂന്നു കമ്പനികള്‍ ഈ ആഴ്ചയില്‍ പണി തുടങ്ങും. സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും പൂര്‍ത്തിയാക്കുന്നതിനുള്ള പരിശ്രമത്തിലാണ് സഊദി ബാങ്കുകള്‍. നിലവിലെ എടിഎമ്മുകളിലെ വെന്റിംഗ് മെഷീനുകള്‍ പുതിയ നോട്ടുകള്‍ സ്വീകരിക്കുന്ന തരത്തിലുള്ളതല്ല. സഊദി ഭരണാധികാരി സല്‍മന്‍ രാജാവിന്റെ ചിത്രം മുദ്രണം ചെയ്ത പുതിയ നോട്ടുകള്‍ സഊദി മോണിറ്ററി അതോറിറ്റി (സമ)ഡിസംബര്‍ 14 നാണ് പുറത്തിറക്കിയത്.ഡിസംബര്‍ 26 മുതല്‍ സമ ബ്രാഞ്ചുകളില്‍ ലഭ്യമായിത്തുടങ്ങുകയും ചെയ്തിരുന്നു. പുതിയ പരിഷ്‌കാരത്തില്‍ ചരിത്രത്തിലാദ്യമായി രണ്ട് റിയാല്‍ നാണയവും നിലവിലെ ഒരു റിയാലിനു പകരമിറക്കുന്ന ഒരു റിയാല്‍ നാണയവും ഉള്‍പ്പെടും. സുരക്ഷയും ആത്മവിശ്വാസവും മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കാരമെന്ന് സമ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here