ആത്മീയ ശ്രേഷ്ഠന് വിട

Posted on: January 22, 2017 12:46 am | Last updated: January 22, 2017 at 12:47 am
SHARE

മലപ്പുറം: ആത്മീയ സദസ്സുകളിലെ നിറസാന്നിധ്യവും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി (70) വൈലത്തൂരിന് യാത്രാമൊഴി. മരണ വാര്‍ത്തയറിഞ്ഞതു മുതല്‍ ഒഴുകിയെത്തിയ വന്‍ജനാവലിയുടെ നിലക്കാത്ത പ്രാര്‍ഥനാ വചസ്സുകള്‍ ഏറ്റുവാങ്ങിയ പണ്ഡിത പ്രതിഭക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലെ വീട്ടുവളപ്പില്‍ നിത്യനിദ്ര. ഇന്നലെ രാവിലെ 11.45ന് ആരംഭിച്ച മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് ശേഷം ഒന്നരയോടെ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ ജനാസ ഖബറടക്കി. ആദ്യ മയ്യിത്ത് നിസ്‌കാരത്തിനും തുടര്‍ന്ന് നടന്ന ഖബറടക്ക ചടങ്ങുകള്‍ക്കും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പതിനൊന്ന് തവണയായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോഴിക്കോട് മര്‍കസ് സെന്‍ട്രല്‍ മസ്ജിദ് ഇമാം അബ്ദുര്‍റഊഫ് സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, കെ മുഹമ്മദ് കാസിംകോയ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിസന്ധി ഘട്ടങ്ങളില്‍ സുന്നി പ്രസ്ഥാനത്തിന് ഊര്‍ജമായി കൂടെനിന്ന പ്രിയപ്പെട്ട തങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനം വൈലത്തൂരിലേക്ക് പ്രവഹിച്ചു. സാദാത്തുക്കളും പണ്ഡിതരും മറ്റു മത സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമെല്ലാം ജനാസ സന്ദര്‍ശിക്കാനെത്തി. ലാളിത്യം മുഖമുദ്രയാക്കിയ വൈലത്തൂര്‍ തങ്ങള്‍ സാധാരണക്കാര്‍ക്കും അശരണര്‍ക്കും തണലായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോഴിക്കോട് കരുവമ്പൊയിലില്‍ ആത്മീയ മജ്‌ലിസില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഇനിയും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. ഈ പരിപാടിയില്‍ പങ്കെടുത്ത് രാത്രി പന്ത്രണ്ടോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

താനൂര്‍ ജുമുഅ മസ്ജിദ് പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് കോയഞ്ഞിക്കോയ തങ്ങളുടെയും തിരൂര്‍ പുത്തന്‍തെരു ആഇശാ ബീവിയുടെയും മകനായി 1946ലാണ് ജനനം. തവനൂര്‍ മമ്മാലിക്കുട്ടി മുസ്‌ലിയാര്‍, പൂക്കയില്‍ കുഞ്ഞയമു മുസ്‌ലിയാര്‍, പട്ടര്‍കുളം കുഞ്ഞാലി മുസ്‌ലിയാര്‍, അയനിക്കര ഹാജി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരാണ്. സി എം വലിയുല്ലാഹി മടവൂര്‍, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാര്‍, ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, തണ്ണീര്‍ക്കോട് ചിയാമു മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ആത്മീയ രംഗത്തെ ഗുരുക്കന്മാരുമാണ്.

ചാവക്കാട് ബുഖാറയിലെ മുത്തുകോയ തങ്ങളുടെ മകള്‍ സ്വഫിയ്യ ബീവിയാണ് ഭാര്യ. മക്കള്‍: സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ അസ്ഹരി (എസ് വൈ എസ് താനൂര്‍ സോണ്‍ പ്രസി.), സയ്യിദ് സക്കരിയ്യ സഖാഫി (എസ് വൈ എസ് ബദ്‌രിയ്യ നഗര്‍ യൂനിറ്റ് പ്രസിഡന്റ്), സയ്യിദ് അലി ഹസ്സന്‍, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: ഒ പി എം സയ്യിദ് സലീം (മലപ്പുറം), സയ്യിദ് മുഹമ്മദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി (ചേളാരി), സയ്യിദ് സിദ്ദീഖ് ബാഹസ്സന്‍, ജസീല ബീവി (ആവിലോറ), സയ്യിദത്ത് ഹംനത്ത് ബീവി (സുല്‍ത്താന്‍ ബത്തേരി).

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത മുശാവറ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, സി മുഹമ്മദ് ഫൈസി, അലവി സഖാഫി കൊളത്തൂര്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. കെ എം എ റഹീം, അബ്ദുലത്വീഫ് സഅദി പഴശ്ശി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ പി എച്ച് തങ്ങള്‍ ക്ലാരി, മനരിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റശീദ് നരിക്കോട്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി തുടങ്ങി നൂറുകണക്കിന് പ്രമുഖര്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here