കരിപ്പൂരിന് ചരമക്കുറിപ്പ്

Posted on: January 21, 2017 6:00 am | Last updated: January 20, 2017 at 8:41 pm
SHARE

കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമുഖത കാണിക്കുന്നതെന്തുകൊണ്ടാണ്? കരിപ്പൂര്‍ റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാലും അവിടെ വലിയ വിമാനങ്ങള്‍ക്ക് അനുതി നല്‍കില്ലെന്നും ഹജ്ജ് സര്‍വീസ് പുനഃരാംഭിക്കാനാകില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചത്. കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട മന്ത്രി ജലീലിനോടായിരുന്നു കേന്ദ്ര മന്ത്രിയുടെ ഈ പ്രതികരണം. രജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു വിസ്തൃതി കുറവാണ് കരിപ്പൂരിന്. നിലവിലെ റണ്‍വേയുടെ നീളവും മറ്റു സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ വിമാനത്താവളത്തിന് അന്തര്‍ ദേശീയ പദവി ലഭിക്കാനുള്ള സാധ്യതയില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിച്ച സാഹചര്യത്തിലാണ് കരിപ്പൂര്‍ അന്തര്‍ദേശീയ വിമാനത്താവളമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുതന്നെയാണ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതിന്റെ രഹസ്യവും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് പണിയുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ഇതോട് ചേര്‍ത്തുവായിക്കാവുന്നതാണ്.
1988ലാണ് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് തൊട്ടേ ആരംഭിച്ചതാണ് കരിപ്പൂരിനെതിരായ ചരടുവലികളും വികസനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും. തുടക്കത്തില്‍ മുംബെ വിമാനത്താവള ലോബിയായിരുന്നു കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം ആരംഭിച്ചതോടെ നെടുമ്പാശ്ശേരി ലോബിയും തുടങ്ങി ചരടുവലികള്‍. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും പങ്കാളിത്തമുള്ള നെടുമ്പാശ്ശേരിയുടെ ലാഭം ഉയര്‍ത്താന്‍ കരിപ്പൂര്‍ തളരേണ്ടത് അവരുടെ ആവശ്യമാണ്. മലബാറിനോടുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തെ തെക്കന്‍ലോബിയുടെയും അവഗണന ഇവര്‍ക്ക് അനുഗൃഹവുമായി.
എയര്‍ ഇന്ത്യയുമുണ്ട് കരിപ്പൂര്‍ വിരുദ്ധ ലോബികളുടെ ഗണത്തില്‍. വലിയ വിമാനങ്ങള്‍ക്കും ഇടത്തരം വിമാനങ്ങള്‍ക്കും അനുമതി നല്‍കാത്തിടത്തോളം കാലം വിദേശ വിമാനങ്ങളുടെ സര്‍വീസ് ഇവിടെ നാമമാത്രമായിരിക്കും. ഈ സാഹചര്യം ഉപയോഗപ്പെടുത്തി എയര്‍ ഇന്ത്യ കൊള്ളലാഭമുണ്ടാക്കുകയാണ്. ഇതിനിടെ കരിപ്പൂരിലെ റണ്‍വെയും മറ്റു സംവിധാനങ്ങളും പരിശോധിച്ചു തീര്‍ത്തും സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ട സഊദി എയര്‍ ലൈന്‍സും എമിറേറ്റ്‌സും ഇടത്തരം വിമാനങ്ങളുടെ സര്‍വീസിന് അനുമതി ചോദിച്ചിരുന്നു. അധികൃതര്‍ അനുമതി നല്‍കിയില്ല. ജംബോ 787 സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സഊദിയുടെ കത്ത് കേന്ദ്ര വ്യോമ മന്ത്രാലയം പൂഴ്ത്തുകയാണുണ്ടായത്. എയര്‍ ഇന്ത്യയും നെടുമ്പാശ്ശേരി ലോബിയുമാണ് സഊദിയുടെയും എമിറേറ്റ്‌സിന്റെയും അപേക്ഷ തിരസ്‌കരിച്ചതിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ കരിപ്പൂരിന്റെ യാത്രാപ്രശ്‌നവും മന്ദീഭാവവും വലിയൊരളവോളം പരിഹരിക്കപ്പെടുമായിരുന്നു.
റണ്‍വേയില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തിയതിന്റെ പേരില്‍ 2015 മെയ് ഒന്നിനാണ് വിമാനത്താവളം ഭാഗികമായി അടച്ചിട്ടതും വലിയ, ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതും. റണ്‍വേ ബലപ്പെടുത്തലിന്റെ പ്രധാനപ്പെട്ട രണ്ട് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയായിരിക്കെ ഇടത്തരം വിമാനങ്ങള്‍ക്ക് ഇവിടെ നിന്ന് സര്‍വീസ് നടത്താനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. കരിപ്പൂരിനെക്കാള്‍ റണ്‍വേ ചെറുതായ വിമാനത്താവളങ്ങളില്‍ ഇടത്തരം വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. വിമാനത്താവള വികസനത്തിന് തടസ്സമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് സ്ഥലത്തിന്റെ ലഭ്യതക്കുറവാണ്. സ്ഥലം ഏറ്റെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇത് ഏറ്റെടുക്കുന്നതിന് യു പി എ സര്‍ക്കാര്‍ 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. അതുപയോഗപ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസാഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണുണ്ടായത്. നെടുമ്പാശ്ശേരിയിലേയും കണ്ണൂരിലേയുമെല്ലാം സ്ഥലമേറ്റെടുപ്പ് വളരെ സുതാര്യമായും വേഗത്തിലും നടത്താന്‍ കഴിഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് കരിപ്പൂരില്‍ മാത്രം ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തത്. വിമാനത്താവള വികസനത്തിന് പണം പ്രശ്‌നമല്ലെന്നായിരുന്നു 2015 നവംബറില്‍ കരിപ്പൂര്‍ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ അന്നത്തെ മുഖ്യ.മന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ ബജറ്റില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് 100 കോടി രൂപ അനുവദിച്ചെങ്കിലും കരിപ്പൂരിന് ഒന്നും നീക്കി വെച്ചതേയില്ല.
അറ്റകുറ്റപണികള്‍ക്കായി അടച്ചിടുകയും വലിയ വിമാനങ്ങളെ അവിടെ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്ത നടപടി യഥാര്‍ഥത്തില്‍ കരിപ്പൂരിനുള്ള ചരമക്കുറിപ്പായിരുന്നു. ഇനി കരിപ്പൂരിന് പഴയ പ്രൗഡി വീണ്ടെടുക്കുക പ്രയാസമാണ്. കൂടുതല്‍ സൗകര്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളം സജ്ജമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ഹജ്ജ് സര്‍വീസ് ഇനി ഇവിടെ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.’ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചു കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസിന് ശ്രമം തുടരുമെന്ന് മന്ത്രി ജലീല്‍ പറയുന്നുണ്ടെങ്കിലും അനുമതി ലഭിക്കാന്‍ പ്രയാസമാണെന്നാണ് അറിയുന്നത്. സംസ്ഥാന സര്‍ക്കാറും മന്ത്രിയും ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നുണ്ട്. കരിപ്പൂരിന് നല്ല വാര്‍ത്തകള്‍ വരേണ്ടത് അനിവാര്യമാണ്.