കേരളത്തില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രിലില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി

Posted on: January 20, 2017 10:58 am | Last updated: January 20, 2017 at 2:59 pm

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ (എന്‍ എഫ് എസ് എ) പ്രകാരം സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രില്‍ മാസത്തോടെ ലഭ്യമാക്കുമെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. എന്‍ എഫ് എസ് എ നടപ്പാക്കാനായി ആദ്യഘട്ട നോഡല്‍ ജില്ലയായി തിരഞ്ഞെടുത്ത കൊല്ലത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ഇതാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കും. രാജ്യത്തെ പൊതുവിതരണ പരിഷ്‌കാരങ്ങളെ കുറിച്ചും കറന്‍സി രഹിത ഇടപാടുകളുടെ സംവിധാനത്തെ കുറിച്ചുമുള്ള വിലയിരുത്തലിനായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. 2013ല്‍ കേന്ദ്രം പാസ്സാക്കിയ എന്‍ എഫ് എസ് എ നിയമം നടപ്പാക്കാന്‍ വൈകിയത് മൂലം കേരളത്തിന് ലഭിച്ചുവന്നിരുന്ന അധിക ധാന്യവിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന് നിവേദനം നല്‍കിയതായും മന്ത്രി പറഞ്ഞു.