വിസില്‍ മുഴങ്ങി…… മൈതാനങ്ങളില്‍ ഇനി സെവന്‍സ് ആരവം

Posted on: January 17, 2017 11:36 am | Last updated: January 17, 2017 at 11:36 am
SHARE

വേങ്ങര: ഈ സീസണിലെ സെവന്‍സ് ടൂര്‍ണമെന്റുകള്‍ക്ക് വിസില്‍ മുഴങ്ങിയതോടെ ജില്ലയിലെ മൈതാനങ്ങളില്‍ ഫുട്‌ബോള്‍ ആരവം. കൃഷി നിര്‍ത്തിയ വയലുകളും ഒഴിഞ്ഞ്് കിടക്കുന്ന പറമ്പുകളും ഇനി കാല്‍ പന്ത് കളിയുടെ ഉത്സവ പറമ്പുകളായി മാറി. സംസ്ഥാനത്ത് അറുപതോളം അംഗീകൃത സെവന്‍സ് ടൂര്‍ണമെന്റുകളാണ് നിലവിലുള്ളത്. ഇവയില്‍ പകുതിയിലധികം ടൂര്‍ണമെന്റുകളും മലപ്പുറം ജില്ലയിലാണ് നടക്കുന്നത്.

ജില്ലയിലെ പേരുകേട്ട മേലാറ്റൂര്‍, മങ്കട ടൂര്‍ണമെന്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് കഴിഞ്ഞു. കോട്ടക്കല്‍ അല്‍ അസ്ഹര്‍ ടൂര്‍ണമെന്റ് കഴിഞ്ഞ ആഴ്ച്ച പറപ്പൂര് കടവത്ത് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. വണ്ടൂര്‍ , പട്ടാമ്പി, എടക്കര എന്നിവിടങ്ങളിലെ ടൂര്‍ണമെന്റുകളും അടുത്ത ആഴ്ച്ചകളിലായി തുടങ്ങും. പ്രാദേശിക പ്രശ്‌നങ്ങള്‍, ഗ്രൗണ്ട് ലഭ്യത തുടങ്ങിയവ കാരണം പ്രശസ്തമായ തിരൂരങ്ങാടി ടൂര്‍ണമെന്റ്, ചേറൂര്‍ ഡാസ്‌ക് സെവന്‍സ് തുടങ്ങിയവ നാല് വര്‍ഷമായി മുടക്കത്തിലാണ്.

സാമ്പത്തിക പ്രതിസന്ധി ഇത്തവണ കലക്ഷന്‍ ടൂര്‍ണമെന്റുകളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് സെവന്‍സ് ഫുട്‌ബോള്‍ കമ്മിറ്റികളുടെ അസോസിയേഷന്‍ ഭാരവാഹി സൂപ്പര്‍ അശ്‌റഫ് പറഞ്ഞു. മത്സരങ്ങള്‍ രാത്രി ഫഌഡ് ലൈറ്റിലെ ഗ്രൗണ്ടിലെക്ക് മാറിയതോടെ സംഘാടനത്തില്‍ വന്ന മാറ്റം ഭാരിച്ച ചെലവായി മാറി. നേരത്തെ നാല്പത് രൂപ വരെ പ്രവേശന ഫീസ് ഈടാക്കിയിരുന്ന ടൂര്‍ണമെന്റുകളില്‍ ഇപ്പോള്‍ അറുപത് രൂപ വരെ കാണികളില്‍ നിന്ന് ഈടാക്കുന്നുണ്ട്. വില്‍പന നടത്തുന്ന ടിക്കറ്റ് ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന നികുതി കഴിച്ചുള്ള വരുമാനം കൊണ്ട് കുറ്റമറ്റ രീതിയില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ് പല ടൂര്‍ണമെന്റുകളും. സ്‌പോണ്‍സര്‍മാരുടെ ഔദാര്യം കൊണ്ടാണ് പല ടൂര്‍ണമെന്റുകളും നടന്ന് പോവുന്നത്.

മലയാളി താരങ്ങള്‍ക്കു പുറമെ നൈജീരിയ, സുഡാന്‍ തുടങ്ങിയ സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലെ താരങ്ങളെയും നാട്ടിന്‍ പുറത്തെ കളി ആരാധര്‍ക്ക് സുപരിചിതമാണ്. കെ എഫ് സി കാളികാവ്, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, മെഡീഗാഡ് അരീക്കോട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, അല്‍ മദീന ചെര്‍പ്പുളശ്ശേരി, ജിംഖാന തൃശൂര്‍, ഫിഫ മഞ്ചേരി തുടങ്ങി ഒരു ഡസനോളം ടീമുകളാണ് എന്നും മലപ്പുറത്തിന്റെ സ്ഥിരം താര ടീമുകള്‍. അറിയപ്പെടുന്ന ടൂര്‍ണമെന്റുകള്‍ക്കു പുറമെ ചെറുതും വലുതുമായ ആയിരത്തിലധികം ടൂര്‍ണമെന്റുകള്‍ ഈ സീസണില്‍ നടക്കുന്നുണ്ട്. ഇവക്കുപുറമെ നാട്ടിന്‍ പുറങ്ങളില്‍ കട്ട സെവന്‍സ് എന്ന പേരിട്ട് വിളിക്കുന്ന ചെറുകിട ടൂര്‍ണമെന്റുകളും സജീവമാണ് .