ഐ എ എസും അപ്രമാദിത്വവും

Posted on: January 16, 2017 9:24 am | Last updated: January 16, 2017 at 9:24 am
SHARE

ഐ എ എസുകാരിലെ അഴിമതി വാസനയുള്ള ചില പ്രമാണിമാര്‍ ഭരണകൂടത്തിന്റെ ദുര്‍മേദസ്സാണ്. ഇവരില്‍ ആരെങ്കിലും ശീതസമരം നടത്തിയാല്‍ ഭരണം സ്തംഭിക്കുമെന്ന ചിലരുടെ വാദം വെറും മിഥ്യയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടമായ ഐ എ എസ് സമ്പ്രദായം ഇല്ലെങ്കിലും ഭരണം കാര്യക്ഷമമാക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിയും. സെക്രട്ടറിയേറ്റിലെ ഭരണ പരിചയമുള്ള സീനിയര്‍ ഉദ്യോഗസ്ഥരെയും ഓരോ രംഗത്തെ വിദഗ്ധരെയും വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളുമാക്കാം. പ്രൊഫഷണല്‍ വൈഭവമുള്ളവരെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം ഡിമാരാക്കാം. തങ്ങളില്ലെങ്കില്‍ ഭരണമില്ലെന്നു കരുതുന്ന ഐ എ എസുകാര്‍ ദയവായി തല മറന്നു എണ്ണ തേക്കരുത്. ആരോപണ വിധേയരായവര്‍ക്കു രക്ഷാകവചം തീര്‍ക്കേണ്ട ബാധ്യത ജനാധിപത്യ സര്‍ക്കാരിനില്ല.
(ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്)
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി പ്രഖ്യാപനവും അതേതുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും മൂലം സംസ്ഥാനത്തെ സിവില്‍ സര്‍വീസ് രംഗം കലുഷിതമായിരിക്കുകയാണ്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ എടുത്ത തീരുമാനങ്ങളിലും തുടര്‍ നടപടികളിലും ചെറുപ്പക്കാരായ ഐ എ എസുകാര്‍ക്കടക്കം വിയോജിപ്പുള്ളതിനാല്‍ അവര്‍ക്കിടയില്‍ ചേരിപ്പോരും രൂക്ഷമായിരിക്കുന്നു. ഐ എസുകാര്‍ക്കിടയില്‍ പരസ്പര വിശ്വാസമില്ലായ്മയും രൂപപ്പെട്ടുവരുന്നതായി സൂചനകളുണ്ട്. പ്രശ്‌നങ്ങളെ കൊണ്ടുള്ള പ്രശ്‌നങ്ങളാല്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ് കേരളത്തിലെ ഐ എ എസ് തലം.
ഏതായാലും കൂട്ട അവധി സമരത്തിന് ഐ എ എസ് ഉദ്യോഗസ്ഥര്‍ താത്കാലികമായി അവധി നല്‍കിയത് അവര്‍ക്കും സര്‍ക്കാറിനും ആശ്വാസകരമാണ്. ബന്ധു നിയമന കേസില്‍ പോള്‍ ആന്റണിയെ പ്രതി ചേര്‍ത്തതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ആരോപിച്ച് ഐ എ എസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടത്. കൂട്ട അവധി പ്രഖ്യാപനം നടത്തിയാണ് ഐ എ എസുകാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെങ്കിലും വിജിലന്‍സ് കേസില്‍ ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി കര്‍ക്കശ നിലപാടെടുത്തതോടെ സമ്മര്‍ദ തന്ത്രം വിലപോവില്ലെന്നു കണ്ടതിനാല്‍ ഐ എ എസുകാര്‍ക്ക് പ്രതിഷേധത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. ജേക്കബ് തോമസിനെതിരെ ഉയര്‍ന്നുവന്ന ചില ആരോപണങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവുമായാണ് ഐ എ എസുകാര്‍ ആദ്യമായി രംഗത്ത് വന്നത്. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കൂടി വിജിലന്‍സ് അന്വേഷണം വരികയും മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ പത്മകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി. മുന്‍കൂര്‍ അനുമതിയില്ലാതെ കെ എം എബ്രഹാമിന്റെ വസതി പരിശോധിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇനിയും നടപടി തുടര്‍ന്നാല്‍ കേരളം വിട്ട് കേന്ദ്ര സര്‍വീസിലേക്ക് പോകുമെന്നും ഭീഷണി മുഴക്കിയാണ് സമ്മര്‍ദം ചെലുത്തിയത്.
തങ്ങള്‍ക്ക് അപ്രമാദിത്വമുണ്ടെന്നും തങ്ങളില്ലെങ്കില്‍ ഭരണം മുന്നോട്ട് പോകില്ലെന്നുമുള്ള മനോഭാവത്തില്‍ നിന്നാണ് ഐ എ എസുകാര്‍ സമരത്തിനു മുതിര്‍ന്നത്. ഇതിന്റെ മുര്‍ധാവിനേറ്റ അടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രതികാര മനോഭാവത്തോടെ കേസ് ചുമത്തുന്നുവെന്നാരോപിച്ചു കൂട്ട അവധിയെടുക്കാനുള്ള തീരുമാനം, സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുഖ്യമന്ത്രി വഴങ്ങില്ലെന്ന് ബോധ്യമായതോടെയാണ് പിന്‍വലിച്ചത്. അഴിമതിയാരോപണത്തിന് വിധേയരാകുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ പലപ്പോഴും ഭരണ നേതൃത്വത്തിലുള്ളവരെ സ്വാധീനിച്ചും അവരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്തും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാറുണ്ട്. പക്ഷേ, ആ തന്ത്രം പിണറായിയുടെ മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.
അതിനിടെ ബന്ധു നിയമന വിവാദത്തില്‍ പ്രതി ചേര്‍ക്കപെട്ട വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി താന്‍ ഈ സ്ഥാനത്ത് തുടരണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത് വീണ്ടും ചര്‍ച്ചക്കിടയാക്കി. അദ്ദേഹത്തെ മാറ്റില്ലെന്ന് പറഞ്ഞ് മന്ത്രി എ സി മൊയ്തീനും രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചതോടെ അതും ഒരു വഴിക്കായി. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ തുടരാനനുവധിക്കുന്നതിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടേക്കും.
ഐ എ എസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായുണ്ടായ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. പൂര്‍ണമായ നടപടി ക്രമങ്ങള്‍ പാലിച്ചു മാത്രമേ ഫയലുകള്‍ കൈകാര്യം ചെയ്യൂ എന്ന നിലപാടിലേക്ക് അവര്‍ മാറികഴിഞ്ഞു. ഫയലുകള്‍ വൈകിപ്പിച്ച് നിസ്സഹകരണത്തിനും ചിലര്‍ ശ്രമിക്കുന്നുണ്ടത്രെ. മന്ത്രിമാര്‍ വാക്കാല്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ച് ഫയലുകള്‍ നീക്കാനും തയ്യാറാകില്ല. മാത്രമല്ല തങ്ങള്‍ക്ക് മുമ്പിലെത്തുന്ന ഫയലുകളില്‍ നിര്‍ദേശം കൃത്യമായി രേഖപ്പെടുത്തും. ഇത്തരം ചട്ടപ്പടി തുടര്‍ന്നാല്‍ ഒരുപക്ഷേ അത് ഭരണവേഗം കുറക്കാന്‍ ഇടയാക്കും. ഭരണസ്തഭനത്തിലേക്കുതന്നെ ഇത് എത്തിക്കൂടായ്കയില്ല.
ജേക്കബ് തോമസിനെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തി ആറ് ആരോപണങ്ങളാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. ചോദ്യം ചെയ്യപ്പെടാതെ അഴിമതി നടത്താനുള്ള അവകാശം നിയമിച്ചു കിട്ടുന്നതിന് വേണ്ടി സമരത്തിനൊരുങ്ങിയവര്‍ തിരിച്ച് ആരോപണങ്ങളുന്നയിക്കുകയാണെന്ന തോന്നലാണ് ഇത് പൊതുസമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്.
മുമ്പും ഐ എ എസുകാരുടെ അഴിമതികള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ സമരം നടത്തിയിട്ടുണ്ട്. സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും പോലെ ഐ എ എസ് ഉദ്യോഗസ്ഥരും നിയമങ്ങള്‍ക്ക് അതീതരല്ലാത്തതിനാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. അതിനെ അസോസിയേഷന്റെ ബലമുപയോഗിച്ച് നേരിടുന്നത് ജനങ്ങളില്‍ കൂടുതല്‍ സംശയങ്ങളുണ്ടാക്കാനെ ഉപകരിക്കുകയുള്ളൂ.
ഐ എ എസുകാരുടെ പുതിയ കൂട്ടഅവധി സമരത്തിന് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നില്ല. ഏതാനും ചിലര്‍ ചേര്‍ന്നെടുത്ത തീരുമാനം അസോസിയേഷന്റെ തീരുമാനമെന്ന പേരില്‍ പ്രഖ്യാപിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ കുറ്റാരോപിതനായ ഉദ്യോഗസ്ഥന് കോടതിയെ സമീപിച്ചു നിരപരാധിത്വം തെളിയിക്കാം. എന്നാല്‍, സമ്മര്‍ദ തന്ത്രം പ്രയോഗിച്ചു രക്ഷപ്പെടാനുള്ള ശ്രമം ശരിയല്ല.