Connect with us

Gulf

അത്ഭുത പരവതാനികള്‍ വിരിച്ച് കാര്‍പെറ്റ് ആന്‍ഡ് ആര്‍ട് ഒയാസിസ് ഷോ

Published

|

Last Updated

2500 വര്‍ഷം പഴക്കമുള്ള പരവതാനി

ദുബൈ: ലോക വൈവിധ്യങ്ങളുടെ കലവറ ഒരുക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാമാങ്കത്തില്‍ 2500 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കാര്‍പെറ്റ് ശ്രദ്ധേയമാകുന്നു. 4.2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണവും ഈ കാര്‍പറ്റില്‍ വിവിധ ചിത്ര രൂപങ്ങളുടെ മാതൃക ഒരുക്കിയിട്ടുണ്ട്.
ദുബൈ വ്യാപാരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കാര്‍പെറ്റ് ആന്‍ഡ് ആര്‍ട്ട് ഒയാസിസിലാണ് ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ഈ കാര്‍പെറ്റ് പ്രദര്‍ശനത്തിനായി എത്തിയത്. ശുദ്ധമായ സ്വര്‍ണത്തിലും സില്‍ക്ക് നൂലുകള്‍ കൊണ്ടും തീര്‍ത്ത ഈ കര്‍പ്പറ്റ് 50 ലക്ഷം ദിര്‍ഹം വിലമതിക്കുന്നതാണ്. 10 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള ഈ കാര്‍പെറ്റ് ഒരുവട്ടം മുഴുവനായി നിവര്‍ത്തിയാല്‍ നടക്കാന്‍ ആദ്യമൊന്ന് നാം മടിക്കും.

ഈ അത്ഭുത കാര്‍പെറ്റ് തീര്‍ക്കുന്നതിന് വിദഗ്ധ കലാകാരമായ ഏഴുപേരുടെ സംഘത്തിന് ഏഴര കൊല്ലം വേണ്ടി വന്നു. എന്നാല്‍ ഒരാള്‍ മാത്രം ഈ കാര്‍പെറ്റിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നെങ്കില്‍ അവരുടെ ആയുസ് മുഴുവന്‍ ഇതിനായി ചിലവഴിക്കേണ്ടി വരുമായിരുന്നുവെന്ന് ഈ പൈതൃക കാര്‍പെറ്റുകളുടെ വിതരണക്കാരായ ഹെറിറ്റേജ് കാര്‍പെറ് വൈസ് ചെയര്‍മാന്‍ ഡോ. അഫിഷിന്‍ ഗന്‍ബറീനിയ പറഞ്ഞു.
ദുബൈ കസ്റ്റംസ് ഒരുക്കിയ പ്രദര്‍ശന പവലിയനില്‍ ത്രിമാന രൂപഭംഗിയില്‍ നിര്‍മിച്ചെടുത്ത മറ്റൊരു അത്ഭുത കാര്‍പെറ്റിനു ഒരു സ്‌ക്വാഷ് കോര്‍ട്ടിന്റെ വലിപ്പമുണ്ട്. സില്‍ക് കൊണ്ടും ചെമ്മരിയാടിന്റെ രോമങ്ങളാല്‍ നിര്‍മിച്ച പ്രത്യേക നൂലുകളാലും തീര്‍ത്ത സവിശേഷമായ ഈ കാര്‍പെറ്റിനു 200 കോടി ദിര്‍ഹം വിലമതിക്കുന്നതാണ്. ആദ്യത്തെ ആഴ്ചയില്‍ തന്നെ കാര്‍പെറ്റ് പ്രദര്‍ശനത്തിന് 5000 സന്ദര്‍ശകരാണ് എത്തി ചേര്‍ന്നത്.

50 ലക്ഷം ദിര്‍ഹത്തിന്റെ 300 കാര്‍പെറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടര്‍ അഹ്മദ് മെഹ്ബൂബ് മുസബീഹ് പറഞ്ഞു. 18 ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം ജനുവരി 15ന് സമാപിക്കും. വേള്‍ഡ് ട്രേഡ് സെന്ററിലെ ശൈഖ് സഈദ് ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

Latest