നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നു എന്ന് മോദി സ്വയം ചോദിക്കണം: രാഹുല്‍

Posted on: January 11, 2017 12:33 pm | Last updated: January 11, 2017 at 6:59 pm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി സ്വയം ചോദിക്കണമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളോടും കര്‍ഷകരോടും അല്‍പ നേരം സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. എന്തുകൊണ്ടാണ് ആളുകള്‍ കൂടുതലായി ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് അവരോട് ചോദിക്കണം. അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് ചെയ്തത് എന്നാണ് പ്രധാനമന്ത്രിയും ബിജെപിയും ചോദിക്കുന്നത്. അതിന്റെ ഉത്തരം ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം. രാജ്യത്തിനായി നമ്മുടെ നേതാക്കള്‍ നല്‍കിയ രക്തവും കണ്ണീരും ജനത്തിന് തിരിച്ചറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജീവന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് എനിക്ക് എണ്ണിപ്പറയാന്‍ സാധിക്കും. ഞങ്ങള്‍ ചെയ്യാത്ത എന്താണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ബിജെപി ചെയ്തത്. എല്ലാ മേഖലയും അവര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അധിക്ഷേപിക്കപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.