Connect with us

Kerala

മുജാഹിദ് വിഭാഗത്തിന്റെ വിവാദ ഗ്രന്ഥം ഇപ്പോഴും വിപണിയില്‍

Published

|

Last Updated

മലപ്പുറം: മുജാഹിദ് നേതാവ് ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്താന്‍ കാരണമായ പ്രസംഗത്തിന് അടിസ്ഥാനമായ വിവാദ പുസ്തകം ഇപ്പോഴും വിപണിയില്‍. മഞ്ചേരി ഇസ്‌ലാഹി ക്യാമ്പസില്‍ നിന്ന് ഇന്‍സാഫ് പബ്ലിക്കേഷന്റെ പേരില്‍ പുറത്തിറക്കിയ വലാഅ്, ബറാഅ് എന്ന കൃതിയാണ് ഇപ്പോഴും സുലഭമായി വിറ്റഴിക്കുന്നത്.
സഊദി അറേബ്യയിലെ ശൈഖ് സ്വാലിഹ് ഫൗസാന്‍ അല്‍ ഫൗസാന്‍ എഴുതിയ പുസ്തകത്തിന്റെ മലയാള ഭാഷ്യമാണിത്. ഇന്ത്യയെ പോലുള്ള ബഹുസ്വര രാജ്യത്ത് വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന തരത്തിലുള്ള നിരവധി പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളത്. ഇതിലെ പരാമര്‍ശങ്ങള്‍ കോഴിക്കോട്ട് നടത്തിയ പ്രസംഗത്തില്‍ ഉദ്ധരിച്ചതിനാണ് ശംസുദ്ദീന്‍ പാലത്തിനെതിരെ പോലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
അവിശ്വാസികള്‍, ബഹുദൈവ വിശ്വാസികള്‍, കപട വിശ്വാസികള്‍, മതപരിത്യാഗികള്‍, നിരീശ്വര വാദികള്‍ എന്നിവരോട് തികഞ്ഞ വിദ്വേഷം വെച്ചു പുലര്‍ത്തണമെന്നാണ് പുസ്തകത്തില്‍ പരാമര്‍ശമുള്ളത്. ചികിത്സ, കച്ചവടം, അവിശ്വാസികളുടെ നാടുകളിലേക്ക് യാത്ര ചെയ്താല്‍ മാത്രം ലഭിക്കുന്ന ഉപകാരപ്രദമായ വിദ്യാഭ്യാസം എന്നീ നിര്‍ബന്ധ സന്ദര്‍ഭങ്ങളിലല്ലാതെ ശത്രുവിന്റെ നാടുകളിലേക്ക് പോകാന്‍ പാടുള്ളതല്ല. ദീന്‍ ബലി നല്‍കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ആദര്‍ശം സംരക്ഷിക്കുവാന്‍ അവിശ്വാസികളുടെ നാടുകളില്‍ നിന്ന് മുസ്‌ലിം നാടുകളിലേക്ക് പാലായനം ചെയ്യുന്നതാണ് ഹിജ്‌റ എന്നും ഹിജ്‌റക്ക് സാധ്യമായിട്ടും പോകാതെ ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ താമസിക്കുന്നത് തെറ്റാണെന്നും പുസ്തകത്തിന്റെ ആദ്യഭാഗത്ത് തന്നെ വ്യക്തമാക്കുന്നുണ്ട്.
പ്രബോധന പ്രവര്‍ത്തനങ്ങളും ദീനി പ്രചാരണവും സാധ്യമാകുന്നില്ലെങ്കില്‍ അവിശ്വാസികളുടെ നാട്ടില്‍ ജീവിക്കല്‍ മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണെന്നും വിവാദ ആശയങ്ങള്‍ പുലര്‍ത്തുന്ന എഴുത്തുകാരന്‍ പറയുന്നു. കുഫ്‌റിന്റെ നാട്ടിലേക്കുള്ള യാത്രയും കലണ്ടര്‍ ഉപയോഗിക്കലുമെല്ലാം നിഷിദ്ധമാണെന്ന് വിവിധ പേജുകളിലായി എഴുതിയിട്ടുണ്ട്. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലയാണ് പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തിയിട്ടുള്ളത്.
സ്വാലിഹ് ഫൗസാന്റെ ആശയങ്ങളെ ഇസ്‌ലാമിക ലോകം അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല. എന്നാല്‍ ഐ എസ് പോലുള്ള സംഘടനകള്‍ ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ്. ഈ പുസ്തകമാണ് മുജാഹിദിലെ വിസ്ഡം ഗ്രൂപ്പ് വഴി വ്യാപകമായി വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്.