Connect with us

National

പരസ്യങ്ങളില്‍ നിന്ന് നേതാക്കളുടെ ചിത്രങ്ങള്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരസ്യങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബാനറുകളിലെയും പരസ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ മറക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.

അടുത്ത ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെ ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കഴിഞ്ഞ നാലാം തിയതി വോട്ടെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചതോടെ ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പൊതുനിരത്തുകളില്‍ നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് 2004 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

ഉത്തരവ് സമ്പൂര്‍ണമായി നടപ്പാക്കുന്നതിന് ബാനറുകളിലും പരസ്യബോര്‍ഡുകളിലുമുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വോട്ടെടുപ്പിന് മുമ്പ് നീക്കുകയോ മുഖം വ്യക്തമാകാത്തവിധം മറക്കുകയോ വേണമെന്നാണ് ചട്ടം. അതേസമയം, കുടുംബാസൂത്രണം, വിവിധ സാമൂഹിക ക്ഷേമപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനായി സ്ഥാപിച്ചിരിക്കുന്ന ബാനറുകളും ബോര്‍ഡുകളും നീക്കേണ്ടതില്ലെങ്കിലും പദ്ധതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ നേട്ടമായി വ്യാഖ്യാനിക്കുന്ന പദ്ധതികളുടെ ബോര്‍ഡുകളും ബാനറുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടില്ല.

Latest