Connect with us

Kerala

കോട്ടുമല ടിഎം ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

Published

|

Last Updated

മലപ്പുറം: സമസ്ത ചേളാരി വിഭാഗം വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (65) നിര്യാതനായി. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മരിച്ചു. ഖബറടക്കം ഇന്ന് രാവിലെ പത്തിന് കാളമ്പാടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ചേളാരി സമസ്ത ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം ജനാസ വൈകീട്ട് സ്വദേശമായ കാളമ്പാടിയിലേക്ക് കൊണ്ടുപോയി.
മര്‍ഹും കോട്ടുമല ടി അബൂബക്കര്‍ മുസ്‌ലിയാരുടെയും മര്‍ഹൂം മൗലാനാ അബ്ദുല്‍ അലികോമു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ ഹജ്ജുമ്മയുടെയും പുത്രനായാണ് ജനനം. പ്രാഥമിക പഠനത്തിനു ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ പിതാവിന്റെ ദര്‍സില്‍ ചേര്‍ന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ പിതാവ് പട്ടിക്കാട് ജാമിഅയില്‍ എത്തിയപ്പോള്‍ കൂടെ കോളജിലെത്തി. പിന്നീട് മേല്‍മുറി ആലത്തൂര്‍പടിയില്‍ കെ കെ അബൂബക്കര്‍ ഹസ്രത്തിന്റെ ദര്‍സില്‍ ചേര്‍ന്നു.
1975ല്‍ ഫൈസി ബിരുദം നേടി. പിന്നീട് അരിപ്ര വേളൂര്‍ മസ്ജിദില്‍ ഖാസിയും മുദര്‍രിസുമായി. തുടര്‍ന്ന് പിതാവിന്റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമില്‍ എത്തി. കടമേരി റഹ്മാനിയ്യയില്‍ പ്രിന്‍സിപ്പല്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ് വൈ എസ് (ചേളാരി വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ്, ഇഖ്‌റഅ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍, എം ഇ എ എന്‍ജിനിയറിംഗ് കോളജ് കമ്മിറ്റി കണ്‍വീനര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.
മര്‍ഹും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ പരേതയായ സ്വഫിയ്യ ഹജ്ജുമ്മ, ആഇശാബി എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, ഡോ. അബ്ദുര്‍റഹ്മാന്‍, ഫാത്വിമ സുഹ്‌റ, സൗദ, ഫൗസിയ. മരുമക്കള്‍: എന്‍ വി മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്‍, മുഹമ്മദ് ശാഫി താമരശ്ശേരി, അബ്ദുല്‍സലാം കാളമ്പാടി, നൂര്‍ജഹാന്‍, മാജിദ, റുബീന.

 

Latest