പമ്പുടമകൾ തീരുമാനം പിൻവലിച്ചു; 13 വരെ കാർഡുകൾ സ്വീകരിക്കും

Posted on: January 8, 2017 8:12 pm | Last updated: January 9, 2017 at 9:01 am

ന്യൂഡൽഹി: ബാങ്കുകൾ അധിക ചാർജ് ചുമത്തിയതിനെ തുടർന്ന് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന നിലപാടിൽ നിന്ന് പെട്രോൾ പമ്പുടമകൾ മലക്കംമറിഞ്ഞു. ജനുവരി 13 വരെ കാർഡുകൾ സ്വീകരിക്കുന്നത് തുടരുമെന്ന് പമ്പുടമകളുടെ ദേശീയ കൺസോർഷ്യം അറിയിച്ചു. ബാങ്കുടമകളും പെട്രോളിയം ഡീലര്‍മാരും പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും തമ്മില്‍ നടത്തിയ ചർച്ചകളെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്ന് തത്ക്കാലം പിന്‍വാങ്ങാന്‍ ഡീലര്‍മാര്‍ തയ്യാറായത്. ബാങ്കുകള്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കുന്നത് 4-5 ദിവസത്തക്കേ് മാറ്റിവെച്ചിട്ടുമുണ്ട്.

കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍. ട്രാന്‍സാക്ഷന്‍ ഫീ ഇടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച അർധരാത്രി മുതൽ പമ്പുകളിൽ കാർഡ് സ്വീരിക്കില്ലെന്ന് വെെകീട്ട് പമ്പുടമകളുടെ സംഘടന രാജ്യവ്യാപകമായി തീരുമാനമെടുത്തത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ ഒരു ശതമാനം തുക അധിക നികുതി പെട്രോള്‍ പമ്പ് ഡീലര്‍മാരില്‍ നിന്ന് ഈടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചതാണ് പമ്പുടമകളെ ചൊടിപ്പിച്ചത്.

ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി., അക്സിസ് എന്നീ ബാങ്കുകള്‍ ശനിയാഴ്ച രാത്രിയാണ് അവരുടെ സൈ്വപ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഡീലര്‍മാരോട് ഈ കാര്യം ആവശ്യപ്പെട്ടത്. ഭൂരിഭാഗം പമ്പുകളിലും ഈ ബാങ്കുകളുടെ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

അതേസമയം, ബാങ്കുകളുടെ നീക്കത്തെ സംബന്ധിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ഡൽഹിയിൽ എണ്ണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു. പമ്പുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് വരെ ബാങ്കുകളുടെ നടപടി നിർത്തിവെക്കണമെന്നു‌ം മന്ത്രാലയം ആവശ്യപ്പെട്ടു.