ഹജ്ജ് അപേക്ഷാ ഫോറം വിതരണം തുടങ്ങി; ആദ്യ ദിവസം 23 അപേക്ഷകള്‍

Posted on: January 3, 2017 7:34 am | Last updated: January 3, 2017 at 12:36 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കായുള്ള ഫോറം വിതരണം ആരംഭിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീല്‍ ഫോറം വിതരണം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ ക്ഷണിച്ച ആദ്യ ദിവസമായ ഇന്നലെ തന്നെ എട്ട് കവറുകളിലായി 23 അപേക്ഷകള്‍ ലഭിച്ചു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷ അപേക്ഷകരായി ഒരു കവറില്‍ രണ്ട് പേരും നാലാം വര്‍ഷ അപേക്ഷകരായി നാല് കവറുകളിലായി 11 പേരും ജനറല്‍ വിഭാഗത്തില്‍ മൂന്ന് കവറുകളിലായി 10 പേരു മുള്‍പ്പെടെ 23 അപേക്ഷകള്‍ ഇന്നലെ ലഭ്യമായി.

മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചത്. എന്നാല്‍, 70 വയസ്സ് പൂര്‍ത്തിയായ എ കാറ്റഗറിയിലെ അപേക്ഷകള്‍ ഇന്നലെ ഉണ്ടായിരുന്നില്ല.
ഇന്നലെ മാത്രം 755 പേര്‍ അപേക്ഷാ ഫോറം കൈപറ്റാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തിയിരുന്നു. ഇതിന് പുറമേ കലക് ടറേറ്റുകള്‍, വഖഫ് ബോര്‍ഡ് ഓഫീസുകള്‍, മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫിസ് എന്നിവിടങ്ങളിലും ഫോറം വിതരണം നടക്കുന്നുണ്ട്.
ഒരു കവറില്‍ പരമാവധി അഞ്ച് പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം 76,501 പേര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരില്‍ 11,000 പേര്‍ക്ക് അവസരം ലഭിച്ചു. ഈ വര്‍ഷവും അപേക്ഷ മുക്കാല്‍ ലക്ഷം കവിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പിക്കുന്നത് തെറ്റുകള്‍ വരാതിരിക്കുന്നതിനും ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കുന്നതിനും സഹായകമാകുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുര്‍റഹ്മാന്‍, കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു.