Connect with us

International

റോഹിംഗ്യകളെ മര്‍ദിച്ച പോലീസുകാര്‍ അറസ്റ്റില്‍

Published

|

Last Updated

റോഹിംഗ്യകളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം

യാംഗൂണ്‍: റോഹിംഗ്യന്‍ മുസ്‌ലിംകളെ ക്രൂരമായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുമായി മ്യാന്മര്‍. നിരായുധരായ സാധാരണക്കാരെ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. നവംബറില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ലോകവ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യത്തിലുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മ്യാന്മര്‍ കൗണ്‍സിലര്‍ ആംഗ് സാന്‍ സൂക്കിയുടെ ഓഫീസ് അറിയിച്ചു.

റോഹിംഗ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന റാഖിനെ മേഖലയിലാണ് ആക്രമണം അരങ്ങേറിയത്. ഒക്‌ടോബറില്‍ ആരംഭിച്ച സൈനിക ആക്രമണത്തിന് പിന്നാലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ പോലീസ്, ബുദ്ധതീവ്രവാദികള്‍ എന്നിവരുടെ ആക്രമണങ്ങള്‍ വ്യാപകമാണ്. കൊലപാതകങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗങ്ങള്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ റോഹിംഗ്യകള്‍ക്കെതിരെ വ്യാപകമായി നടക്കാറുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, ഇതിനെതിരെ ആരും ശബ്ദം ഉയര്‍ത്താറില്ലെന്നും സര്‍ക്കാര്‍ അധികൃതര്‍ നടപടി സ്വീകരിക്കാറില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

നവംബറില്‍ പ്രചരിച്ച വീഡിയോ മുന്‍നിര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും സൂക്കിക്കും മ്യാന്മര്‍ അധികൃതര്‍ക്കുമെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെയാണ് രണ്ട് മാസത്തിന് ശേഷമുള്ള നടപടി. നൊബേല്‍ സമ്മാന ജേതാവ് കൂടിയായ സൂക്കിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
റോഹിംഗ്യകള്‍ക്കെതിരായ സൈനിക, പോലീസ് നടപടികളുടെ പേരില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മറിനെതിരെ മലേഷ്യയടക്കമുള്ള ആസിയാന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശധ്വംസനങ്ങള്‍ അരങ്ങേറുന്ന മ്യാന്മറില്‍ വംശഹത്യ നടക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. റോഹിംഗ്യന്‍ വിഷയത്തില്‍ യു എന്നടക്കമുള്ള സംഘടനകള്‍ ഇടപെടാനുള്ള സാധ്യത നിലനില്‍ക്കെയാണ് പോലീസ് നടപടിയെന്നത് ശ്രദ്ധേയമാണ്. കൃത്യമായ തെളിവുകളുണ്ടായിട്ടും പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ യു എന്നില്‍ നിന്നു മറ്റും ഉയരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങളെ മറികടക്കാനാണ് മ്യാന്മര്‍ സര്‍ക്കാറിന്റെ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് രണ്ട് മാസത്തിനിടെ അരലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. നിരവധി പേര്‍ പോലീസ്, സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. എന്നാല്‍, ഈ ആക്രമണങ്ങളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരാണ് ഇപ്പോള്‍ പോലീസുകാരെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.