Connect with us

Articles

പണം വന്നാലും തീരില്ല പ്രശ്‌നം

Published

|

Last Updated

ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധമുള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് അത്ര സുഖകരമല്ലാത്ത വര്‍ഷമാണ് കടന്നു പോയ 2016. ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടുനിരോധം നടപ്പിലാക്കിയ 2016 രാജ്യത്തെ സാമ്പത്തിക മേഖലയുടെ ചരിത്രത്തില്‍ കറുത്ത ഏടുകളായി തന്നെയായിരിക്കും അടയാളപ്പെടുത്തുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഭൂരിപക്ഷ മതം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം നേരിടുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്നതാണ് പുതുവര്‍ഷത്തിലെ പ്രധാന ആശങ്ക. ഭരണകൂട നിയന്ത്രണത്തിനപ്പുറം സ്വതന്ത്രമായി റിസര്‍വ് ബേങ്കിന് പലതും ചെയ്യാനുണ്ടെന്ന് തെളിയിച്ച ഗവര്‍ണര്‍ രഘുരാം രാജന്റെ പിന്മാറ്റവും രാജ്യത്തെ ഞെട്ടിച്ച പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനവും അധ്വാനിച്ച പണമെടുക്കാന്‍ ബേങ്കിന് മുന്നില്‍ ക്യൂനില്‍ക്കെ പൊലിഞ്ഞുവീണ 70 ലധികം പൗരന്മാരുടെ ജീവത്യാഗവും അംബാനിയെയും അദാനിയെയും അപേക്ഷിച്ച് വിശുദ്ധമായി വാഴ്ത്തപ്പെട്ടിരുന്ന ടാറ്റയുടെ കോര്‍പറേറ്റ് കൊട്ടാരത്തിനകത്ത് നിന്ന് നിര്‍ഗളിച്ച അധികാര ദുര്‍ഗന്ധവും, വിജയ് മല്യയുടെ ഒളിച്ചോട്ടവും ആത്യന്തികമായി നോട്ട് നിരോധവും തകര്‍ത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. മെയില്‍ ഇന്ത്യയും മൗറീഷ്യസും ഒപ്പുവെച്ച നികുതിക്കരാര്‍ മുതല്‍ ഡിസംബര്‍ 14ന് പലിശ നിരക്കുകള്‍ കൂട്ടാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് എടുത്ത തീരുമാനം വരെ പോയ വര്‍ഷമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യം അനുഭവിക്കുക ഈ വര്‍ഷമായിരിക്കും.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കുള്ള ഇന്ത്യന്‍ കറന്‍സിയുടെ പതനത്തിനും 2016 സാക്ഷിയായി. നവംബര്‍ 24ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാപാരത്തിനിടെ 68 രൂപ 86 പൈസയിലേക്ക് ഇടിഞ്ഞു. ഡോണള്‍ഡ് ട്രംപില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഫോറിന്‍ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നടത്തിയ പിന്‍വാങ്ങലാണു രൂപയെ തകര്‍ത്തത്. ഒപ്പം അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ഇന്ത്യ പാക്കിസ്ഥാന്‍ താവളത്തില്‍ ചെന്നു നല്‍കിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിപണികളില്‍ കാര്യമായ ഉലച്ചില്‍ സൃഷ്ടിച്ചിരുന്നു. പൂര്‍ണവിജയമായിരുന്നുവെന്ന് സര്‍ക്കാറും സൈന്യവും അവകാശപ്പെടുന്ന മിന്നല്‍ ആക്രമണം പക്ഷേ, ഇന്ത്യ-പാക് യുദ്ധ പ്രഖ്യാപനമായാണ് ദലാല്‍ സ്ട്രീറ്റില്‍ അലയടിച്ചത്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും പലപ്പോഴും വില്‍പ്പനക്കാരായി മാറിയ ഓഹരി-നാണ്യ വിപണികള്‍ തകര്‍ത്ത അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ വര്‍ഷം മുഴുവന്‍ ദലാല്‍ സ്ട്രീറ്റിലും പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഇതിനിടെ കള്ളപ്പണവും തീവ്രവാദവും ചൂണ്ടിക്കാട്ടി പ്രഖ്യാപിച്ച നോട്ടു നിരോധത്തിന്റെ ലക്ഷ്യം പിഴച്ചെന്ന് ബോധ്യമായതോടെ പ്ലാസ്റ്റിക് കറന്‍സിയിലേക്കും കറന്‍സിരഹിത ഇന്ത്യയിലേക്കും ചുവടുമാറ്റിയ പ്രധാനമന്ത്രിയുടെ നിലപാട് രാജ്യത്ത് വരുത്തി വെച്ച പ്രശ്‌നങ്ങള്‍ അനുസ്യൂതം തുടരുകയാണ്. വ്യാപാരവും വാണിജ്യവും കുറഞ്ഞതോടൊപ്പം കാര്‍ഷിക മേഖലയിലും പ്രതിസന്ധിയുണ്ടായി. നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം രാജ്യത്തിന്റെ ജി ഡി പിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുതുവര്‍ഷത്തിന്റെ ആദ്യമാസങ്ങളിലും പ്രതിസന്ധി തുടരുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
രാജ്യത്ത് രൂപയുടെ മൂല്യം അനുദിനം കുറയുകയാണെന്ന യാഥാര്‍ഥ്യം സാമ്പത്തിക വിദഗ്ധര്‍ സമര്‍ഥിക്കുന്നുണ്ട്. സാമ്പത്തിക അരക്ഷിതാവസ്ഥ തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ 2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപ എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 70 രൂപ വരെ എത്തുമെന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം തകര്‍ച്ചയിലേക്ക് നയിക്കുന്നതിന് നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. നോട്ടു നിരോധത്തിന് ശേഷം ഒന്നര മാസത്തിനിടെ മാത്രം രൂപയുടെ മൂല്യം ഏകദേശം മൂന്ന് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
ഇക്കാലയളവില്‍ നേട്ടമുണ്ടാക്കിയത് രാജ്യത്തെ ബേങ്കുകളും ഓണ്‍ലൈന്‍ ധനമിടപാട് സംരംഭകരും ചെറിയ തോതില്‍ നികുതി വകുപ്പുമാണ്. ഒന്നര മാസത്തിനിടെ ബേങ്കുകളിലെത്തിയ കോടികളുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ബേങ്കുകള്‍ ഉപഭോക്താവിന് തിരികെ നല്‍കിയത്. നവംബര്‍ എട്ടിന് മുമ്പ് 60 ലക്ഷം രൂപക്ക് ഒരു ഓഹരി വിറ്റിരുന്ന ഓണ്‍ലൈന്‍ ധനമിടപാട് സ്ഥാപനമായ പേ ടി എം പിന്നീട് ഒരു ഓഹരി വിറ്റത് 350 കോടി രൂപക്കാണെന്ന വസ്തുത ഇത്തരം സ്ഥാപനങ്ങള്‍ കൊയ്ത സാമ്പത്തിക ലാഭത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതാണ്. പരോക്ഷ നികുതിയില്‍ 26 ശതമാനവും പ്രത്യക്ഷ നികുതിയില്‍ 14.4 ശതമാനവും കേന്ദ്ര എക്‌സൈസ് തീരുവയില്‍ 43.3 ശതമാനവും കസ്റ്റംസ് തീരുവയില്‍ ആറുശതമാനത്തിന്റെയും വര്‍ധന അനുഭവപ്പെട്ടിട്ടുണ്ട്.
ഇക്കാലയളവില്‍ നിക്ഷേപ തോതും 5.74 ല്‍ നിന്ന് 13.60 ശതമാനത്തിലേക്ക് ഉയര്‍ന്നു. എന്നാല്‍ കള്ളപ്പണം ചെറുക്കാനെന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ പിടിച്ചെടുത്ത ആകെ തുക 4172 കോടിയാണ്. ഇതില്‍ ഭൂരിഭാഗവും പുതിയ നോട്ടുകളായിരുന്നുവെന്നതാണ് കൗതുകം. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം നടപ്പിലാക്കുന്ന ചരിത്ര പ്രധാന നടപടിയായ ചരക്കുസേവന നികുതി എന്ന ഏകീകൃത നികുതി സമ്പ്രദായത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് പുതിയ വര്‍ഷം സാക്ഷ്യം വഹിക്കുമെന്നത് ശ്രദ്ധേയമാണ്.
.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest