Connect with us

Kerala

ഹജ്ജ് അപേക്ഷാ ഫോറം തിങ്കളാഴ്ച മുതല്‍

Published

|

Last Updated

കൊണ്ടോട്ടി: 2017ലെ ഹജ്ജ് അപേക്ഷാ ഫോറം വിതരണം തിങ്കളാഴ്ച ആരംഭിക്കും. വിതരണോദ്ഘാടനം കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ഹജ്ജ് കാര്യമന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനവും അന്ന് നടക്കും. അപേക്ഷാ ഫോം എല്ലാ പ്രവൃത്തി ദിനങ്ങളിലും ഹജ്ജ് ഹൗസില്‍ നിന്നും സംസ്ഥാനത്തെ 14 ജില്ലാ കലക്‌ട്രേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളില്‍ നിന്നും കോഴിക്കോട് പുതിയറയിലെ മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ സൗജന്യമായി ലഭിക്കും. ഫോറം ലഭിക്കുന്നതിന് അപേക്ഷകരുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പി ഹാജരാക്കേണ്ടതാണ്. അപേക്ഷകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി.
2018 ഫെബ്രുവരി 28 വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കേ അപേക്ഷിക്കാനാകൂ. രണ്ട് പേജെങ്കിലും ബാക്കിയില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കില്ല. കുടുംബ ബന്ധമുള്ള പരമാവധി അഞ്ച് പേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാനാകും. ഒന്നിച്ച് യാത്ര അനുവദനീയമായ പുരുഷന്മാരോടൊപ്പമാണ് (മെഹ്‌റം) സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
റിസര്‍വ് വിഭാഗത്തില്‍ ഹജ്ജ് കമ്മിറ്റി മുഖേനയോ അല്ലാതെയോ ഹജ്ജ് ചെയ്തവരും ജനറല്‍ വിഭാഗത്തില്‍ ഹജ്ജ് കമ്മിറ്റി മുഖേന ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്തവരും അപേക്ഷിക്കരുത്. ഇതുസംബന്ധമായി നിശ്ചിത മാതൃകയില്‍ സത്യവാങ്മൂലം നല്‍കണം. വസ്തുതകള്‍ മറച്ചുവെച്ച് അപേക്ഷ നല്‍കിയാല്‍ അപേക്ഷിച്ചവരുടെ തുക കണ്ടുകെട്ടുന്നതും നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും.
സാംക്രമിക രോഗമുള്ളവര്‍, കോടതി വിദേശ യാത്ര നിരോധിച്ചവര്‍ യാത്രാ സമയത്ത് പൂര്‍ണ ഗര്‍ഭിണികളാകുന്ന സ്ത്രീകളും അപേക്ഷിക്കരുതെന്ന് ഹജ്ജ് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
പ്രത്യേക ഫോമിലും ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഏറ്റവും പുതിയ 3.5 x 3.5 വലിപ്പമുള്ള വെളുത്ത പ്രതലത്തോടു കൂടിയ കളര്‍ ഫോട്ടോ പതിക്കണം. മുഖം 70% വ്യക്തമായിരിക്കണം. റിസര്‍വ് വിഭാഗക്കാരായ 70 വയസ്സുകാരും സഹായിയും നാലാം വര്‍ഷക്കാരും ഒറിജിനല്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും അപേക്ഷിക്കുമ്പോള്‍ തന്നെ നല്കണം. ഇത്തരക്കാര്‍ ഒരു ഫോട്ടോ കൂടി അധികം നല്കണം. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ജൂലൈ അഞ്ച് വരെ സാവകാശം നല്‍കും. ഇവര്‍ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റസിഡന്‍സ് വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. റിസര്‍വ് കാറ്റഗറി എ യില്‍ 01- 01- 2017ന് 70 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. കൂടെ അടുത്ത കുടുംബ ബന്ധമുള്ള ഒരാള്‍ സഹായിയായി നിര്‍ബന്ധമാണ്. 70വയസ്സുള്ളയാളുടെ യാത്ര ഏതെങ്കിലും കാരണവശാല്‍ റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളയാള്‍ക്ക് ഹജ്ജിന് പോകാനാവില്ല.
2014, 2015, 2016, വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ച് തിരഞ്ഞെടുക്കപ്പെടാത്തവര്‍ 2017ലെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കില്‍ ഇവരെ കാറ്റഗറി ബിയിലാണ് ഉള്‍പ്പെടുത്തുക. 70 വയസ്സുകാര്‍ക്കും സഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 2013, 2014, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും 2016ല്‍ ഹജ്ജിന് പോകാന്‍ കഴിയാത്തവര്‍ ഇത്തവണ അപേക്ഷിക്കുകയാണെങ്കില്‍ റിസര്‍വ് ബി കാറ്റഗറിയില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിയില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പ് വേണ്ടിവരും. റിസര്‍വ് എ കാറ്റഗറിയിലെ അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായിരിക്കും ബി കാറ്റഗറിയിലെ അപേക്ഷകരുടെ സാധ്യത. അപേക്ഷകര്‍ പാസ്‌പോര്‍ട്ട് കോപ്പി, അഡ്രസ് പ്രൂഫ്, ഒറിജിനല്‍ ബേങ്ക് പേ ഇന്‍ സ്ലിപ്പ്, ക്യാന്‍സല്‍ ചെയ്ത ബേങ്ക് ചെക്ക് കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍(www.keralahajcommittee .org) ലഭ്യമാണ്.
ഓണ്‍ ലൈന്‍ അപേക്ഷ: ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org. in, keralahajcommittee.org എന്നി വെബ് സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.

Latest