കേരളത്തിലും സംഘ പരിവാരം പിടിമുറുക്കുന്നു: സെബാസ്റ്റ്യന്‍ പോള്‍

Posted on: December 30, 2016 4:36 pm | Last updated: December 30, 2016 at 4:36 pm

ദുബൈ: കേരളത്തിലും സംഘ പരിവാര ശക്തികള്‍ പിടിമുറുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണെന്ന് മുന്‍ എം പിയും മാധ്യമപ്രവര്‍ത്തകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യ കാലങ്ങളില്‍ ഹിന്ദുത്വ ചിന്തകള്‍ക്ക് വേരോട്ടമുണ്ടായിരുന്നില്ല. അടുത്ത കാലത്ത് ഇന്ത്യയില്‍ മാറിയ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു അടിയന്തിരാവസ്ഥ ഏര്‍പെടുത്തുന്നതിനെ കുറിച്ച് ചേതന്‍ ഭഗത്തിന്റെ സര്‍വേയോട് യോജിക്കുന്ന മധ്യ വര്‍ഗത്തിന്റെ അവബോധത്തെ ഭയാനകമായി കാണേണ്ടതില്ല. ഇത് ഒരുതരം വിധേയത്വമാണ്. അത്തരത്തില്‍ അവരുടെ മാനസിക നിലയെ പാകപ്പെടുത്തിയെടുത്തതില്‍ ഹിന്ദുത്വ ശക്തികളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നവരെ നാവടപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് എം ടി യുടെ പ്രതികരണത്തിന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ചിലരുടെ ശ്രമം. അത്യാവശ്യമായി മാത്രം ഇടപെടുകയും നിലപാടുകള്‍ തുറന്ന് സംസാരിക്കുകയും ചെയ്യുന്ന എം ടിയുടെ പ്രതികരണംപോലും അസഹിഷ്ണുതയോടെ കാണുന്നതാണ് സംഘപരിവാര രീതി. മന്ത്രി തോമസ് ഐസകിന്റെ ഒരു പുസ്തക പ്രകാശന ചടങ്ങിനിടയില്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എം ടി പറഞ്ഞതാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. എം ടിയെ പോലുള്ള ഒരു വ്യക്തി ഇത്തരമൊരു പരാമര്‍ശം നടത്താനുണ്ടായ സാഹചര്യം എന്താണെന്ന് പോലും വിമര്‍ശകര്‍ മനസിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്തതയാര്‍ന്ന വ്യായാമ മുറകളും ആഹാര രീതികളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. എന്നിരിക്കെ പ്രത്യേക രീതിയിലുള്ള ആഹാര രീതിയും വ്യായാമ മുറകളും പൊതുജനങ്ങളിലും പോലീസ് സേനയിലും അടിച്ചേല്‍പിക്കുന്നത് ഫാസിസമാണ്. ഇതിനെയാണ് കേരളത്തിന്റെ പൊതുബോധം ചെറുത്തുതോല്‍പിക്കേണ്ടത്. കേരളം പോലുള്ള സംസ്ഥാനത്തു ഇത്രയധികം മാധ്യമ സാന്ദ്രതയുണ്ടായിട്ടും മാധ്യമങ്ങള്‍ ഭരണകൂടങ്ങളോടും പൊതുജനത്തോടും അടുത്തിടപഴകിയിട്ടും മാധ്യമ പ്രവര്‍ത്തകരെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് അനുവദിക്കാത്ത രീതി ഫാസിസത്തിന്റെ മറ്റൊരു രൂപമാണ്. ഇതിനെതിരെ ഭരണകൂടം ശക്തവുമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.